Connect with us

Kerala

സേവനാവകാശം എല്ലാ വകുപ്പിലേക്കും വ്യാപിപ്പിക്കുന്നു

Published

|

Last Updated

തിരുവനന്തപുരം: സേവനാവകാശം എല്ലാ വകുപ്പുകളിലേക്കും വ്യാപിപ്പിക്കുന്നു. സമയബന്ധിതമായി ജനങ്ങള്‍ക്ക് സേവനം നല്‍കുന്നതിനുള്ള അവസരം ജീവനക്കാര്‍ക്ക് ഒരുക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു.
പൊതുസേവനത്തിനുള്ള നൂതനാശയങ്ങള്‍ക്കുള്ള പുരസ്‌കാരം ഐ എം ജിയില്‍ നടന്ന ചടങ്ങില്‍ വിതരണം ചെയ്യുകയായിരുന്നു അദ്ദേഹം. ഈ മാസം 31 ന് മുമ്പ് സംസ്ഥാനത്തെ എല്ലാ ജില്ലകളും ഇ ജില്ല ആക്കി മാറ്റുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
പൊതുജനങ്ങള്‍ക്ക് മെച്ചപ്പെട്ട സേവനം നല്‍കുന്നതിന് കണ്ടെത്തിയ മികച്ച ആശയങ്ങളുടെ മാതൃക മറ്റുള്ളവര്‍ക്കും പരീക്ഷിക്കാന്‍ അവസരമൊരുക്കണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പി രാജീവ് എം പിയുടെ പ്രാദേശിക വികസന പദ്ധതിയനുസരിച്ച് നടപ്പാക്കിയ ശുചി അറ്റ് സ്‌കൂള്‍ പദ്ധതിയും ശബരിമലയിലെ വെര്‍ച്വല്‍ ക്യൂ സമ്പ്രദായവും ഇത്തരത്തിലുള്ള മികച്ച മാതൃകകളാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കെ മുരളീധരന്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു. അഡീഷനല്‍ ചീഫ് സെക്രട്ടറി ഡോ.നിവേദിത പി ഹരന്‍, ഹൈദരാബാദിലെ ഇന്നവേഷന്‍സ് ഇന്‍ പബ്ലിക് സിസ്റ്റംസ് ഡയറക്ടര്‍ ഡി ചക്രപാണി, ഐ എം ജി അസോസിയേറ്റ് പ്രൊഫ ഡോ.ആര്‍ റാം മോഹന്‍ പങ്കെടുത്തു.
രണ്ടായിരത്തി പതിനൊന്നിലെ ഇന്നവേഷന്‍സ് ഇന്‍ പബ്ലിക് പോളിസി പുരസ്‌കാരങ്ങളാണ് മുഖ്യമന്ത്രി വിതരണം ചെയ്തത്. റവന്യൂ വകുപ്പിന്റെ സംസ്ഥാന ലാന്‍ഡ് ബേങ്ക്, പോലീസ് വകുപ്പിന്റെ ശബരിമല വെബ് പോര്‍ട്ടല്‍, വെര്‍ച്വല്‍ ക്യൂ സംവിധാനം, വാണിജ്യ നികുതി വകുപ്പിന്റെ ഇ ടാക്‌സ് അഡ്മിനിസ്‌ട്രേഷന്‍ വിദ്യാഭ്യാസ വകുപ്പില്‍ ശുചി അറ്റ് സ്‌കൂള്‍ തുടങ്ങിയവക്കാണ് പുരസ്‌കാരങ്ങള്‍. എറണാകുളം വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ എം ഡി മുരളി, വാണിജ്യ നികുതി വകുപ്പിലെ പോള്‍ ആന്റണി, റവന്യൂ അസിസ്റ്റന്റ് കമ്മീഷണര്‍ ഡോ. ഡി സജിത് ബാബു, എ ഡി ജി പി. പി ചന്ദ്രശേഖരന്‍ തുടങ്ങിയവര്‍ മുഖ്യമന്ത്രിയില്‍ നിന്ന് പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി.
റവന്യൂ വകുപ്പിന്റെ ജിയോ റഫറന്‍സ് സ്‌കെച്ച് ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ ടി ഒ സൂരജ് ചടങ്ങില്‍ മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചു.

 

Latest