Connect with us

Wayanad

മൂടക്കൊല്ലി സംഘര്‍ഷം: അറസ്റ്റുണ്ടാവുമെന്ന് സൂചന

Published

|

Last Updated

കല്‍പ്പറ്റ: വാകേരി മൂടക്കൊല്ലി മാവത്ത് ശിവന്റെ റബ്ബര്‍തോട്ടത്തിലിറങ്ങിയ കടുവയെ പിടികൂടുന്നതുമായി ബന്ധപ്പെട്ട് നടന്ന സംഘര്‍ഷത്തില്‍ പോലീസ്, ഫോറസ്റ്റ് ഉദ്യോഗസ്ഥരെ മര്‍ദ്ദിക്കുകയും വാഹനം തകര്‍ക്കുകയും ചെയ്ത സംഭവത്തില്‍ പ്രതികളുടെ ഏകദേശ ലിസ്റ്റായി. മൂന്ന് തരത്തിലാണ് പ്രതികളെ ക്രമീകരിച്ചിട്ടുള്ളത്.
പത്ത് പേര്‍ പ്രധാനപ്രതികളുടെ പട്ടികയിലും 20 പേര്‍ മറ്റ് പ്രതികളുടെ പട്ടികയിലുമുണ്ട്. പ്രതികളുടെ ലിസ്റ്റ് പൊലീസ് പുറത്ത് വിട്ടിട്ടില്ല. കണ്ടാലറിയുന്ന 500 പേര്‍ക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്. സംഘര്‍ഷത്തില്‍ ഒരു പൊലീസ് ജീപ്പും രണ്ട് ഫോറസ്റ്റ് വാഹനങ്ങളും തകര്‍ന്നിരുന്നു. പൊതുമുതല്‍ നശിപ്പിച്ചതിനും ഉദ്യോഗസ്ഥരുടെ കൃത്യനിര്‍വ്വഹണത്തിന് തടസ്സം നിന്നതിനുമാണ് കേസെടുത്തിട്ടുള്ളത്. ഇന്നലെ സംഭവം നടന്ന മൂടക്കൊല്ലി ഭാഗത്തെത്തിയ പോലീസ് സംഘം പ്രതികളുടെ വിവരങ്ങള്‍ ശേഖരിച്ചു. വരും ദിവസങ്ങളില്‍ അറസ്റ്റുണ്ടാവാനാണ് സാധ്യത. വിവിധ ചാനലുകളുടെയും മറ്റ് വീഡിയോ ദൃശ്യങ്ങളില്‍ നിന്നുമാണ് പ്രതികളെ തിരിച്ചറിഞ്ഞിട്ടുള്ളത്. സന്ധ്യയോടെ മയക്കുവെടി വെച്ച കടുവയെ നാട്ടുകാരെ കാണിക്കണമെന്ന ആവശ്യത്തെ തുടര്‍ന്നാണ് നാട്ടുകാരും പോലീസും ഫോറസ്റ്റ് ഉദ്യോഗസ്ഥരും തമ്മില്‍ സംഘട്ടനമുണ്ടായത്. നാട്ടുകാരുടെ ഭാഗത്ത് നിന്നുണ്ടായ ആക്രമണത്തില്‍ മാനന്തവാടി പോലീസ് സ്റ്റേഷനിലെ ഒരു ജീപ്പിന്റെ ചില്ലും വനംവകുപ്പിന്റെ രണ്ട് വാഹനങ്ങളുടെ ബോണറ്റും തകര്‍ന്നിരുന്നു. അതേസമയം, പ്രതിപ്പട്ടികയിലുണ്ടെന്ന് സംശയമുള്ള പ്രദേശത്തെ ഭൂരിഭാഗം പേരും ഇപ്പോള്‍ ഒളിവിലാണ്.

Latest