Connect with us

Kerala

കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകളുടെ ഒത്തുകളി: സി പി എം

Published

|

Last Updated

തിരുവനന്തപുരം: മത്സ്യത്തൊഴിലാളികളെ വെടിവെച്ചുകൊന്ന ഇറ്റാലിയന്‍ നാവികരെ തിരിച്ചു വരാത്തവിധം ഇറ്റലിയിലേക്ക് കടത്തിയത് ഇറ്റാലിയന്‍ ഭരണാധികാരികളുമായി കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളും കോണ്‍ഗ്രസ് ദേശീയ നേതൃത്വവും നടത്തിയ അപമാനകരമായ ഒത്തുകളിയുടെ ഫലമായാണെന്ന് സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ ആരോപിച്ചു.
ഇറ്റലിയെ പ്രീതിപ്പെടുത്താന്‍ സ്വന്തം ജനതയെയും രാജ്യത്തിന്റെ അഭിമാനത്തെയും കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ ബലിയര്‍പ്പിച്ചതിനെതിരെ അതിശക്തമായ പ്രതിഷേധം ഉയരണം. കൊലയാളികളായ നാവികര്‍ക്ക് ഇറ്റലിയിലേക്ക് കടക്കാന്‍ സൗകര്യം ചെയ്തുകൊടുത്ത പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും ഇപ്പോള്‍ നിഷ്‌കളങ്കത അഭിനയിക്കുകയാണ്. കേസിന്റെ തുടക്കം മുതല്‍ യു ഡി എഫ് സര്‍ക്കാര്‍ മലക്കംമറിച്ചിലും കള്ളക്കളിയുമാണ് നടത്തിയത്. ആദ്യം ജാമ്യമില്ലാ വകുപ്പ് പ്രകാരമായിരുന്നു പ്രതികള്‍ക്കെതിരെ കേസെടുത്തിരുന്നത്. വെടിയുതിര്‍ക്കാനുള്ള ഒരു പ്രകോപനവുമില്ലാതിരിക്കെ, മത്സ്യബന്ധന ബോട്ടിലുണ്ടായിരുന്ന തൊഴിലാളികളെ വെടിവെച്ചുകൊന്നത് മാപ്പര്‍ഹിക്കാത്ത കുറ്റവും വധക്കേസുമാണ്. ഇക്കാര്യത്തില്‍ ബഹുജന പ്രക്ഷോഭമുയര്‍ന്നതിനെത്തുടര്‍ന്നാണ് കേസ് ബലപ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍ബന്ധിതമായത്. പക്ഷെ തുടക്കം മുതല്‍ ഇറ്റലിക്കാരെ രക്ഷിക്കാനുള്ള ഉറച്ച ചുവടുവെപ്പുകളാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തിയതെന്ന് സെക്രട്ടേറിയറ്റ് കുറ്റപ്പെടുത്തി.
ആദ്യം മുതല്‍ തുടര്‍ന്നുവന്ന കൂറുമാറ്റക്കഥയുടെ അനന്തരഫലമാണ് ഇപ്പോഴത്തെ സംഭവവികാസങ്ങള്‍. നേരത്തെ സോണിയാ ഗാന്ധിയുടെ കുടുംബ സുഹൃത്തായ ഒക്‌ടോവിയോ ക്വത്രോച്ചിക്ക് ഇന്ത്യന്‍ കോടതികളില്‍ കേസുകള്‍ നിലനില്‍ക്കെ, ഇന്ത്യയില്‍നിന്ന് രക്ഷപ്പെട്ടുപോകാന്‍ പഴുതുകളുണ്ടാക്കിയതിന്റെ ആവര്‍ത്തനമാണ് ഇന്ത്യയിലെ തടവില്‍നിന്ന് ഇറ്റാലിയന്‍ നാവികരെ കടത്തിയതിലൂടെ തെളിയുന്നത്്. ഇന്ത്യയെയും പരമോന്നത നീതിപീഠത്തെയും വഞ്ചിച്ച് ഇറ്റലിയില്‍ തങ്ങുന്ന കൊലക്കേസ് പ്രതികളായ നാവികരെ തിരിച്ചുകൊണ്ടുവരാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും നയതന്ത്ര പരിരക്ഷയുള്ളപ്പോള്‍ത്തന്നെ അംബാസഡര്‍ക്കെതിരെ ചില ഭരണ നടപടികള്‍ സ്വീകരിക്കാന്‍ പ്രത്യേക ഘട്ടത്തില്‍ ഒരു രാഷ്ട്രത്തിന് അനുവാദമുണ്ടെന്നിരിക്കെ, അത് ഉപയോഗപ്പെടുത്തി പ്രതികളെ ഇന്ത്യയില്‍ തിരിച്ചെത്തിക്കാമെന്ന് ഉറപ്പ് നല്‍കിയ ഇറ്റാലിയന്‍ അംബാസഡര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണമെന്നും സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.