Connect with us

Sports

ബോള്‍ട്ട് തന്നെ താരം

Published

|

Last Updated

റിയോ ഡി ജനീറോ: ലോക കായിക രംഗത്തെ പുരസ്‌കാരങ്ങളിലെ ഓസ്‌കര്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ലോറെയ്‌സ് സ്‌പോര്‍ട്‌സ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മികച്ച പുരുഷ താരത്തിനുള്ള ലോറെയ്‌സ് സ്‌പോര്‍ട്‌സ് മാന്‍ ഓഫ് ദ ഇയര്‍ ജമൈക്കന്‍ സ്പ്രിന്റര്‍ ഉസൈന്‍ ബോള്‍ട്ടിനും മികച്ച വനിതാ താരത്തിനുള്ള ലോറെയ്‌സ് സ്‌പോര്‍ട്‌സ് വുമണ്‍ ഓഫ് ദ ഇയര്‍ ബ്രിട്ടന്റെ ഹെപ്റ്റാത്‌ലറ്റ് ജെസീക്ക എന്നിസിനും ലഭിച്ചു. മികച്ച ടീമിനുള്ള ലോറെയ്‌സ് ടീം ഓഫ് ദ ഇയര്‍ പുരസ്‌കാരം യൂറോപ്പിന്റെ റൈഡര്‍ കപ്പ് ടീമിന് ലഭിച്ചു.
ഒളിമ്പിക്‌സില്‍ ഏറ്റവുമധികം മെഡലുകള്‍ സ്വന്തമാക്കി ലണ്ടനില്‍ ചരിത്രമായി മാറിയ അമേരിക്കന്‍ നീന്തല്‍ താരം മൈക്കല്‍ ഫെല്‍പ്‌സും ഉസൈന്‍ ബോള്‍ട്ടിനൊപ്പം മികച്ച പുരുഷ താരമാകാന്‍ മത്സരിച്ചിരുന്നു. എന്നാല്‍, ഇതാദ്യമായി ലോറെയ്‌സില്‍ ഏര്‍പ്പെടുത്തിയ പുതിയ അവാര്‍ഡ്-എക്‌സംപ്ഷനല്‍ അച്ചീവ്‌മെന്റ്- നല്‍കി മൈക്കല്‍ ഫെല്‍പ്‌സിനെ ആദരിക്കുകയാണുണ്ടായത്.
ബാഴ്‌സലോണ ഫുട്‌ബോളര്‍ ലയണല്‍ മെസി, ഫോര്‍മുല വണ്‍ ട്രിപ്പിള്‍ ലോക ചാമ്പ്യന്‍ സെബാസ്റ്റ്യന്‍ വെറ്റല്‍, ബ്രിട്ടന്റെ ഒളിമ്പിക് ചാമ്പ്യന്‍മാരായ മോ ഫറ, ബ്രാഡ്‌ലി വിഗിന്‍സ് എന്നിവരും സ്‌പോര്‍ട്‌സ്മാന്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരത്തിനായി രംഗത്തുണ്ടായിരുന്നു.
ജെസീക്ക എന്നിസിന് പുറമെ ടെന്നീസ് താരം ആന്‍ഡി മുറെയും ലണ്ടന്‍ ഒളിമ്പിക് സംഘാടക സമിതി ചെയര്‍മാന്‍ സെബാസ്റ്റ്യന്‍ കോയും ലോറെയ്‌സ് അവാര്‍ഡ് സ്വന്തമാക്കിയത് ബ്രിട്ടന് മാറ്റേകി.
യു എസ് ഓപണ്‍ നേടി കരിയറിലെ കന്നി ഗ്രാന്‍സ്ലാമും ഒളിമ്പിക് സിംഗിള്‍സില്‍ സ്വര്‍ണവും ഡബിള്‍സില്‍ വെങ്കലവും നേടിയ ആന്‍ഡി മുറെ ലോറെയ്‌സ് ബ്രേക്ക്ത്രൂ അവാര്‍ഡിന് അര്‍ഹനായി.
ലോറെയ്‌സ് വേള്‍ഡ് സ്‌പോര്‍ട്‌സ് അക്കാദമി അംഗം കൂടിയായ സെബാസ്റ്റ്യന്‍ കോയ്ക്ക് സമഗ്രസംഭാവനക്കുള്ള പുരസ്‌കാരം ലഭിച്ചു.
മികച്ച തിരിച്ചുവരവിനുള്ള പുരസ്‌കാരം ഡൊമിനിക്കന്‍ റിപബ്ലിക്കിന്റെ ഫെലിക്‌സ് സാഞ്ചസിനാണ്. എട്ട് വര്‍ഷത്തിന് ശേഷം 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ ഒളിമ്പിക് ചാമ്പ്യന്‍പട്ടം തിരിച്ചെടുത്തതാണ് ഫെലിക്‌സ് സാഞ്ചസിന്റെ മഹിമ.
സാഹസിക വിഭാഗത്തില്‍ ആസ്ത്രിയന്‍ സ്‌കൈഡൈവര്‍ ഫെലിക്‌സ് ബൗമഗാര്‍നറിന് ലോറെയ്‌സ് ലഭിച്ചു. ശബ്ദവേഗത്തെ കവച്ചുവെക്കുന്ന പ്രകടനം നടത്തി ഫെലിക്‌സ് വിസ്മയം സൃഷ്ടിച്ചിരുന്നു. വികലാംഗ വിഭാഗത്തില്‍ ബ്രസീലിന്റെ നീന്തല്‍ താരം ഡാനിയല്‍ ഡയസിനാണ് പുരസ്‌കാരം.
ലണ്ടന്‍ പാരാലിമ്പിക്‌സില്‍ ലോകറെക്കോര്‍ഡ് സൃഷ്ടിച്ചു കൊണ്ട് ആറ് വ്യക്തിഗത സ്വര്‍ണമെഡലുകള്‍ ഡയസ് സ്വന്തമാക്കിയിരുന്നു. കഴിഞ്ഞ വര്‍ഷം ഈ പുരസ്‌കാരം ദക്ഷിണാഫ്രിക്കയുടെ ഓസ്‌കര്‍ പിസ്റ്റോറിയസിനായിരുന്നു. കാമുകിയെ കൊലപ്പെടുത്തിയ കേസില്‍ കുടുങ്ങിയിരിക്കുകയാണിപ്പോള്‍ പിസ്റ്റോറിയസ്.2009,2010 വര്‍ഷങ്ങളില്‍ ഉസൈന്‍ ബോള്‍ട്ട് ലോറെയ്‌സ് സ്‌പോര്‍ട്‌സ്മാന്‍ ഓഫ് ദ ഇയറായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 2011 ല്‍ റാഫേല്‍ നദാലും 2012 ല്‍ നൊവാക് ജൊകോവിചും ഈ പുരസ്‌കാരം ടെന്നീസിലേക്ക് കൊണ്ടു പോയി. 91 ഗോളുകള്‍ നേടി ചരിത്രം കുറിച്ച ലയണല്‍ മെസിക്ക് ലോറെയ്‌സ് ലഭിക്കാതെ പോയത് ഫുട്‌ബോള്‍ ലോകത്തിന് നിരാശയേകുന്നതായി.
ലണ്ടന്‍ ഒളിമ്പിക്‌സില്‍ 100,200 മീറ്ററുകളില്‍ സ്വര്‍ണവും 4-100 മീ. റിലേയില്‍ റെക്കോര്‍ഡോടെ സ്വര്‍ണവും നേടിയതാണ് ഉസൈന്‍ ബോള്‍ട്ടിനെ അവാര്‍ഡിന് അര്‍ഹനാക്കിയത്. ലോറെയ്‌സ് സ്‌പോര്‍ട്‌സ് അക്കാദമിയിലെ അമ്പത് സ്ഥിരാംഗങ്ങള്‍ ചേര്‍ന്നാണ് വിവിധ വിഭാഗങ്ങളിലെ ജേതാക്കളെ തിരഞ്ഞെടുക്കുന്നത്. ജാക് നിക്ലോസ്, ബോറിസ് ബെക്കര്‍, കാത്തി ഫ്രീമാന്‍, ഡാന്‍ മാരിനോ, എഡ്വിന്‍ മോസസ്, മാര്‍ട്ടിന നവരത്‌ലോവ, ഫ്രാന്‍സ് ബെക്കന്‍ബൊവര്‍, ബൊബി ചാള്‍ട്ടന്‍. സ്റ്റീവ് റെഡ്‌ഗ്രേവ്, എമേഴ്‌സന്‍ ഫിറ്റിപാള്‍ഡി എന്നീ പ്രമുഖര്‍ പുരസ്‌കാര നിര്‍ണയ സമിതി അംഗങ്ങളാണ്.

 

Latest