Connect with us

National

സി.ബി.ഐ സംഘത്തിന് നേരെ കല്ലേറ്

Published

|

Last Updated

ലക്‌നോ: ഉത്തര്‍ പ്രദേശിലെ പ്രതാപ്ഗഢ് ഗ്രാമത്തിലെ മൂന്ന് കൊലപാതകങ്ങളെ സംബന്ധിച്ച് അന്വേഷണം നടത്തുന്ന സി ബി ഐ സംഘത്തെ അജ്ഞാതര്‍ ആക്രമിച്ചു. ഡി എസ് പി സിയാഉല്‍ ഹഖിന്റെ കൊലപാതകമടക്കമുള്ള കേസുകളാണ് സി ബി ഐ അന്വേഷിക്കുന്നത്. ഇതില്‍ മുന്‍ മന്ത്രി രഘുരാജ് പ്രതാപെന്ന രാജാ ഭയ്യ കുറ്റാരോപിതനാണ്.
മണിക്പൂരിന് സമീപം കഴിഞ്ഞ ദിവസം രാത്രിയാണ് സംഘത്തിന്റെ വാഹനം ആക്രമിച്ചത്. വാഹനത്തിന്റെ വിന്‍ഡ് സ്‌ക്രീന്‍ തകരുകയും ഡ്രൈവര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ഉടനെ പോലീസ് എത്തി തിരച്ചില്‍ നടത്തിയെങ്കിലും സംഘം രക്ഷപ്പെട്ടു. കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കുണ്ഡ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കേസ് അന്വേഷിക്കും. ആക്രമണം നടന്ന സമയത്ത് സി ബി ഐ ഡെപ്യൂട്ടി സൂപ്രണ്ട് സുരേന്ദ്ര സിംഗും സംഘവുമായിരുന്നു കാറിലുണ്ടായിരുന്നത്.
അഞ്ച് ദിവസമായി സി ബി ഐ സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുകയാണ്. കൊലപാതകം നടന്ന രീതി പുനരാവിഷ്‌കരിക്കാനും സാക്ഷികളെ ചോദ്യം ചെയ്യാനും രാജാ ഭയ്യയുടെ അടുത്ത സഹായികളായ രാജീവ്, ഗുദ്ദു സിംഗ് എന്നിവരുടെ കോള്‍ വിശദാംശങ്ങള്‍ തേടാനും സി ബി ഐ പദ്ധതിയിട്ടിരുന്നു.
കൊലപാതകങ്ങളെ സംബന്ധിച്ച് ഇപ്പോള്‍ എന്തെങ്കിലും പറയാനാകില്ലെങ്കിലും അന്വേഷണം ശരിയായ ദിശയിലാണെന്ന് സി ബി ഐ സംഘം പറഞ്ഞു. ബിലാപൂര്‍ ഗ്രാമത്തലവന്‍ നാനെ യാദവ്, സഹോദരന്‍ സുരേഷ് യാദവ് എന്നിവര്‍ വെടിയേറ്റ് മരിച്ച സംഭവത്തിന്റെ പുനരാവിഷ്‌കാരം നടത്തുകയും തുടര്‍ന്ന് പോലീസ് സംഘം എത്തിയതും ഡി എസ് പി സിയാഉല്‍ ഹഖിനെ പോലീസ് സംഘം പിടിച്ചുവെച്ചതും ജനക്കൂട്ടം അക്രമാസക്തരായതും അന്വേഷിക്കും. സിയാഉല്‍ ഹഖിന് ഏറ്റ വെടിയുണ്ട കണ്ടെടുക്കും. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ സര്‍വീസ് റിവോള്‍വര്‍ നഷ്ടപ്പെട്ടത് ദുരൂഹത ഉണ്ടാക്കുന്നതാണ്. ഇതില്‍ നിന്നാണ് വെടിവെച്ചതെന്നും സംശയമുണ്ട്. സംഭവസ്ഥലത്ത് താനില്ലായിരുന്നുവെന്ന് കുണ്ഡയില്‍ നിന്ന് സ്വതന്ത്രനായി ജയിച്ച രാജാ ഭയ്യ അവകാശപ്പെട്ടിട്ടുണ്ട്. കുറ്റാരോപിതരെ സി ബി ഐ സംഘം കസ്റ്റഡിയില്‍ വാങ്ങിയിട്ടുണ്ട്.

Latest