Connect with us

National

കോപ്ടര്‍ ഇടപാട്: എസ്.പി ത്യാഗിക്കെതിരെ കേസെടുത്തു

Published

|

Last Updated

ന്യൂഡല്‍ഹി: അഗസ്ത വെസ്റ്റ്‌ലാന്‍ഡില്‍ നിന്ന് വി വി ഐ പി ഹെലികോപ്റ്ററുകള്‍ വാങ്ങുന്നതിനുണ്ടാക്കിയ ഇടപാടിലെ അഴിമതി ആരോപണങ്ങളുടെ വെളിച്ചത്തില്‍ മുന്‍ വ്യോമസേനാ മേധാവി എസ് പി ത്യാഗിക്കും മറ്റ് 12 പേര്‍ക്കുമെതിരെ സി ബി ഐ കുറ്റം ചുമത്തി. പ്രാഥമിക അന്വേഷണത്തില്‍ പരാമര്‍ശിക്കാത്ത രണ്ട് പേര്‍ ഇപ്പോള്‍ പ്രതിപ്പട്ടികയിലുണ്ട്. കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ സന്തോഷ് ബഗ്രോഡിയയുടെ സഹോദരന്‍ സതീഷ് ബഗ്രോഡിയയാണ് ഇവരില്‍ പ്രധാനി. ഐ ഡി എസ് ഇന്‍ഫോടെകിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ പ്രതാപ് അഗര്‍വാള്‍ ആണ് രണ്ടാമന്‍.
3600 കോടി രൂപയുടെതായിരുന്നു ഇടപാട്. ഇതിനായി ഇറ്റാലിയന്‍ കമ്പനികള്‍ മധ്യസ്ഥര്‍ മുഖേന 362 കോടിയോളം രൂപ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കിയെന്നാണ് ആരോപണം.
അഴിമതിക്കേസിലൊ, ക്രിമിനല്‍ കേസിലൊ സി ബി ഐ പ്രതി ചേര്‍ക്കുന്ന ആദ്യ വ്യോമസേനാ മേധാവിയാണ് ത്യാഗി. അഴിമതി നിരോധ നിയമമനുസരിച്ചാണ് സി ബി ഐ കേസെടുത്തിരിക്കുന്നത്. ത്യാഗിയുടെയും ബന്ധുക്കളുടെയും വസതികളുള്‍പ്പെടെ ഡല്‍ഹി, എന്‍ സി ആര്‍, ചണ്ഡീഗഢ് എന്നിവിടങ്ങളിലെ 14 സ്ഥലങ്ങളില്‍ സി ബി ഐയുടെ 12 സംഘങ്ങള്‍ മിന്നല്‍ പരിശോധന നടത്തി. ഇറ്റാലിയന്‍ വ്യവസായ ഭീമനായ ഫിന്‍മെക്കാനിക്ക, ഇതിന്റെ സഹോദര സ്ഥാപനമായ അഗസ്ത വെസ്റ്റ്‌ലാന്‍ഡ്, ഐ ഡി എസ് ഇന്‍ഫോടെക്, ഏറോമാട്രിക്‌സ് എന്നീ സ്ഥാപനങ്ങളുടെ ഓഫീസുകളും സി ബി ഐ പരിശോധിച്ചു.
ഇടപാടിലെ യൂറോപ്യന്‍മാരായ മധ്യവര്‍ത്തികള്‍ കാര്‍ലോ ഗറോസ, ക്രിസ്ത്യന്‍ മൈക്കെല്‍, ഗ്യുഡോ ഹാഷ്‌കെ എന്നിവരും നേരത്തെ ഏറോമാട്രിക്‌സുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്ന അഭിഭാഷകനായ ഗൗതം ഖൈതാന്‍, ഏറോമാട്രിക്‌സിന്റെ സി ഇ ഒ. പ്രവീണ്‍ ഭക്ഷി, ഫിന്‍മെക്കാനിക്കയുടെ മുന്‍ ചെയര്‍മാന്‍ ഗ്യുസെപ്പെ ഒര്‍സി, അഗസ്ത വെസ്റ്റ്‌ലാന്‍ഡിന്റെ മുന്‍ സി ഇ ഒ. ബ്രൂണോ സ്‌പെഗ്നോലിനി, മുന്‍ വ്യോമസേനാ മേധാവി എസ് പി ത്യാഗി, ബന്ധുക്കളായ ജൂലി, ഡൊക്‌സ, സന്ദീപ് എന്നിവരെയാണ് കേസില്‍ പ്രതിചേര്‍ത്തിട്ടുള്ളത്.
16 ദിവസം നീണ്ട പ്രാഥമിക അന്വേഷണത്തിലൂടെ തെളിവുകള്‍ ശേഖരിച്ച ശേഷമാണ് 362 കോടി രൂപയുടെ കൈക്കൂലിയോടനുബന്ധിച്ച് കേസ് രജിസ്റ്റര്‍ ചെയ്തത്. അഗസ്ത വെസ്റ്റ്‌ലാന്‍ഡ് ഹെലികോപ്റ്ററുകള്‍ക്ക് അനുയോജ്യമാംവിധം ഇടപാട് വ്യവസ്ഥകളില്‍ മാറ്റം വരുത്താന്‍ ക്രിമിനല്‍ ഗൂഢാലോചന നടന്നുവെന്ന് സൂചിപ്പിക്കുന്ന ചില രേഖകള്‍ ഇറ്റലിയില്‍ നിന്നും ചില ഫയലുകള്‍ പ്രതിരോധ മന്ത്രാലയത്തില്‍ നിന്നും സി ബി ഐക്ക് ലഭിച്ചിരുന്നു.

Latest