Connect with us

Kerala

ഊര്‍ജ സംരക്ഷണത്തിന് വൈദ്യുതി ബോര്‍ഡിന്റെ 'ലാഭപ്രഭ'

Published

|

Last Updated

തിരുവനന്തപുരം: ഊര്‍ജ സംരക്ഷണത്തിന് “ലാഭപ്രഭ” എന്ന പുതിയ കര്‍മ പദ്ധതിയുമായി സംസ്ഥാന വൈദ്യുതി ബോര്‍ഡ്. പദ്ധതി പ്രകാരം വീടുകളിലെ വൈദ്യുതി ഉപഭോഗം നിലവിലുള്ളതിനേക്കാള്‍ കുറച്ചാല്‍ അത്ര യൂനിറ്റിന്റെ പകുതി വില തിരികെ ലഭിക്കും. ലാഭപ്രഭ പദ്ധതിയിലൂടെ രണ്ട് കോടി രൂപയുടെ സമ്മാനങ്ങള്‍ നല്‍കാനാണ് കെ എസ് ഇ ബി ഉദ്ദേശിക്കുന്നത്. ഇതനുസരിച്ച് വൈദ്യുതി ഗണ്യമായി ലാഭിക്കുന്നവരായ 50,000 ഉപഭോക്താക്കള്‍ക്ക് ആഴ്ചതോറും സി എഫ് എല്‍, 1,000 പേര്‍ക്ക് സൗരോര്‍ജ ലാംപ് നല്‍കും. 56 ലക്ഷം രൂപ ചെലവില്‍ ആഴ്ചയില്‍ 56,000 എണ്ണമാണ് ഇത്തരത്തില്‍ നല്‍കുക.
ഇവക്കുപുറമെ ടേബിള്‍ ലാംപ്, എല്‍ ഇ ഡി ട്യൂബ്, എല്‍ ഇ ഡി ബള്‍ബ്, വാട്ടര്‍ ഹീറ്റര്‍, ടീ-5 ട്യൂബ് ലൈറ്റ് തുടങ്ങിയ സമ്മാനങ്ങളും നല്‍കും. ഏറ്റവും കൂടുതല്‍ വൈദ്യുതി ലാഭിക്കുന്ന 100 പേര്‍ക്ക് 1.25 കോടി ചെലവില്‍ ഒരു കിലോവാട്ടിന്റെ സോളാര്‍ ഇന്‍സ്റ്റലേഷന്‍ വീതം നല്‍കുന്നതാണ് പദ്ധതിയിലെ ബംപര്‍ സമ്മാനം. കൂടാതെ പരിപാടിയുമായി സഹകരിക്കുന്ന സ്ഥാപനങ്ങള്‍ പ്രഖ്യാപിക്കുന്ന സമ്മാനങ്ങളുമുണ്ടാകും. പദ്ധതിയുടെ ആദ്യ ഘട്ടം ഈ മാസം 23 മുതല്‍ മെയ് 31 വരെയാണ് നടക്കുക. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ഉപഭോക്താവ് രജിസ്റ്റര്‍ ചെയ്യണം. എസ് എം എസ് വഴിയാണ് രജിസ്‌ട്രേഷന്‍ ചെയ്യേണ്ടത്. കണ്‍സ്യൂമര്‍ നമ്പര്‍, ഇലട്രിക്കല്‍ സെക്ഷന്റെ പേര്, പദ്ധതിയില്‍ ചേരുമ്പോഴുള്ള മീറ്റര്‍ റീഡിംഗ് തുടങ്ങിയവ രജിസ്‌ട്രേഷന്‍ വിവരങ്ങളായി ഉള്‍പ്പെടുത്തണം. വൈദ്യുതി ലാഭിക്കാനുള്ള മാര്‍ഗങ്ങളും മീറ്റര്‍ റീഡിംഗ് രേഖപ്പെടുത്തേണ്ട രീതിയും കെ എസ് ഇ ബി അറിയിക്കും. തുടര്‍ന്ന് ലാഭിക്കുന്ന യൂനിറ്റ് കണക്കാക്കുകയും സമ്മാനമോ നിശ്ചിത തുകയോ തിരികെ നല്‍കും. ഉപഭോഗം കുറച്ചെന്ന ഉപഭോക്താവിന്റെ അവകാശവാദം ശരിയാണോ എന്ന് പരിശോധിക്കാന്‍ കെ എസ് ഇ ബി സംവിധാനം ഒരുക്കും.
ഒരു ഫീഡറിനു കീഴിലെ എല്ലാ വീടുകളിലും വൈദ്യുതി ഉപയോഗം 10 ശതമാനം കുറച്ചാല്‍ അടുത്തയാഴ്ച അവിടെ ലോഡ്‌ഷെഡിംഗ് ഒഴിവാക്കും. ഇതിന് പഞ്ചായത്തുകള്‍, റസിഡന്റ്‌സ് അസോസിയേഷനുകള്‍, ജനപ്രതിനിധികള്‍ തുടങ്ങിയവരാണ് നേതൃത്വം നല്‍കേണ്ടത്. “ഊര്‍ജ സമ്പാദ്യം- നോ ലോഡ്‌ഷെഡിംഗ്” എന്നതാണ് ഈ പദ്ധതി. മൊത്തം ഉപഭോഗത്തിന്റെ ഒരു ശതമാനം എങ്കിലും ലാഭിക്കുന്ന പ്രദേശങ്ങളില്‍ ചെലവ് കുറഞ്ഞ തെരുവുവിളക്കുകള്‍, കളിസ്ഥലങ്ങളില്‍ സൗജന്യ വൈദ്യുതി എന്നിവയും നല്‍കും.