Connect with us

Malappuram

പെരിന്തല്‍മണ്ണ നഗരസഭയുടെ ഹൈടെക് ബസ് സ്റ്റാന്‍ഡ് രൂപരേഖക്ക് അംഗീകാരം

Published

|

Last Updated

പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണ നഗരസഭയുടെ ഹൈടെക് ബസ് സ്റ്റാന്‍ഡ് സമുച്ചയത്തിന്റെ ലേ ഔട്ടിന് ചീഫ് ടൗണ്‍ പ്ലാനര്‍ അംഗീകാരം നല്‍കി. ലേ ഔട്ടിന്റെ പ്രകാശനം ശനിയാഴ്ച രാവിലെ 10.30ന് പെരിന്തല്‍മണ്ണ നഗരസഭ ഹാളില്‍ നടക്കും. ചെയര്‍പേഴ്‌സണ്‍ നിഷി അനില്‍രാജ് രൂപരേഖ പ്രകാശനം ചെയ്യും.
ഏഴ് നിലകളോടെയുള്ള ബസ് സ്റ്റാന്‍ഡ് സമുച്ചയത്തിന്റെ മൂന്ന് നിലകളാണ് 15 കോടി രൂപ ചെലവില്‍ ആദ്യഘട്ടത്തില്‍ നിര്‍മിക്കുക. 160 കടമുറികളോടെ ആധുനിക സജ്ജീകരണങ്ങളോടെയാണ് ബസ് സ്റ്റാന്‍ഡ് വിഭാവനം ചെയ്തിരിക്കുന്നത്. 30ഓളം ബസുകള്‍ക്ക് ഒരേ സമയം പാര്‍ക്കിംഗ് സൗകര്യവും 160ഓളം സ്വകാര്യ വാഹനങ്ങള്‍ക്ക് നിര്‍ത്തിയിടാനും ഉള്ള സൗകര്യം ഇതില്‍ ഒരുക്കുന്നുണ്ട്.
നഗരസഭ ഓഫീസിന്റെ പിറക് വശത്താണ് പുതിയ ബസ് സ്റ്റാന്‍ഡിനായി സ്ഥലം കണ്ടെത്തിയിട്ടുള്ളത്. 2004ല്‍ 71 ഭൂവുടമകളില്‍ നിന്നായി സൗജന്യമായി ലഭിച്ച 3.05 ഏക്കര്‍ സ്ഥലത്തായിരിക്കും ഈ ആധുനിക ബസ് സ്റ്റാന്‍ഡ് നിര്‍മിക്കുക. 2004ല്‍ ബസ് സ്റ്റാന്‍ഡിന് സ്ഥലം ലഭിച്ചുവെങ്കിലും വയല്‍ ഭൂമിയായത് കാരണം മണ്ണിട്ട് നികത്താനുള്ള അനുവാദം ലഭിച്ചിരുന്നില്ല. പിന്നീട് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് തന്നെ ഇതിനുള്ള അനുമതി ലഭിച്ചിരുന്നു. ഇതനുസരിച്ച് ബസ് സ്റ്റാന്‍ഡിന്റെ പ്രവര്‍ത്തനങ്ങളുമായി നഗരസഭ മുന്നോട്ടു പോകുകയായിരുന്നു. മണ്ണ് പരിശോധനയില്‍ അനുയോജ്യമായ ഫലമാണുണ്ടായത്.
നിലവിലുള്ള നഗരസഭ കൗണ്‍സില്‍ അധികാരമേറ്റതിന് ശേഷം ആദ്യകൗണ്‍സില്‍ യോഗത്തിലെ ഐക്യകണ്ഠമായ ഒരു തീരുമാനമായിരുന്നു പെരിന്തല്‍മണ്ണയില്‍ മൂന്നാമതൊരു ബസ് സ്റ്റാന്‍ഡ് നിര്‍മാണം. കൃഷിവകുപ്പില്‍ നിന്നും പാടം നികത്തുന്നതിനുള്ള അനുവാദം ലഭിച്ചതോടെ ബസ് സ്റ്റാന്‍ഡിന്റെ രൂപരേഖ തയ്യാറാക്കാനുള്ള പ്രാരംഭ പ്രവര്‍ത്തനവുമായി മുനിസിപ്പാലിറ്റി നീങ്ങിയതിന്റെ ഫലമായാണ് തൃശൂരിലെ ഇന്‍ഡിഗോ ആര്‍കിടെക്ചറല്‍ ബസ് സ്റ്റാന്‍ഡിന്റെ രൂപരേഖ തയ്യാറാക്കി അംഗീകാരത്തിനായി സമര്‍പ്പിച്ചത്.