Connect with us

Ongoing News

ചാലിയാര്‍ മലിനീകരണം: പി എച്ച് മൂല്യവും ഇ-കോളെ സാന്നിധ്യവും സാധാരണ അളവിലെന്ന് പ്രാഥമിക റിപ്പോര്‍ട്ട്‌

Published

|

Last Updated

അരീക്കോട്: ചാലിയാര്‍ ജലത്തില്‍ പി എച്ച് മൂല്യവും ഇ-കോളെ സാന്നിധ്യവും സാധാരണ അളവിലെന്ന് പ്രാഥമിക റിപ്പോര്‍ട്ട്. സമീപകാലത്ത് ചാലിയാറിലെ വെള്ളം ദുര്‍ഗന്ധമുള്ളതതായും കറുത്തിരുണ്ട് നിറവ്യത്യാസം സംഭവിച്ചതായും കാണപ്പെട്ടതിനെത്തുടര്‍ന്ന് നടത്തിയ പരിശോധയുടെ പ്രാഥമിക റിപ്പോര്‍ട്ടിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്.
ഈ മാസം ഒമ്പതിന് കേരള വാട്ടര്‍ അതോറിട്ടി മഞ്ചേരി പി എച്ച് സബ്ഡിവിഷന്‍ ചാലിയാറിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് ശേഖരിച്ച ജലം സെന്‍ട്രല്‍ ക്വാളിറ്റി കണ്‍ട്രോല്‍ ലബോറട്ടിയിലേക്ക് പരിശോധനക്കയച്ചിരുന്നു. കാവനൂര്‍, പുത്തലം, താഴത്തങ്ങാടി, ആലുക്കല്‍, കീഴുപറമ്പ്, വാഴക്കാട് എന്നിവിടങ്ങളില്‍ നിന്നാണ് ജലം ശേഖരിച്ചത്. മൂന്നിടങ്ങളിലെ പരിശോധനാഫലമമാണ് പൂര്‍ത്തിയായത്.
ജലത്തില്‍ ബിഒഡി(ബയോളജിക്കല്‍ ഓക്‌സിജന്‍ ഡിമാന്റ്) സാധാരണയില്‍ കൂടുതലുള്ളതായി കണ്ടെത്തിയിട്ടുണ്ട്. ഇത്തരം സാഹചര്യത്തില്‍ സൂക്ഷ്മ ജിവികള്‍ക്ക് വളരാന്‍ സാധ്യമല്ല. ഒഴുക്കില്ലാത്ത വെള്ളത്തില്‍ വളരുന്ന ആല്‍ഗേ പോലുള്ള ചെടികള്‍ നശിച്ച് ജലത്തില്‍ അടിഞ്ഞുകൂടുന്നതാകാം ഇപ്പോഴത്തെ നിറം മാറ്റത്തിനും ദുര്‍ഗന്ധത്തിനും കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍.
നേരത്തെ സിഡബ്ല്യൂആര്‍ഡിഎം(സെന്റര്‍ ഫോര്‍ വാട്ടര്‍ റിസോഴ്‌സസ് ആന്റ് മാനേജ്‌മെന്റ്) നടത്തിയ പഠനത്തില്‍ കണ്ടെത്തിയ ബിഒഡി (ബയോളജിക്കല്‍ ഓക്‌സിജന്‍ ഡിമാന്റ്) യുടെ അളവിനേക്കാള്‍ കൂടുതലാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം ഉള്‍പ്പെടെ മറ്റു വിശദാംശങ്ങള്‍ അന്തിമ ഫലം പുറത്തു വരുന്നതോടെയേ അറിയാന്‍ കഴിയൂ. ഈ മാസം പതിനഞ്ചിനകം അന്തിമ ഫലം ലഭ്യമാകുമെന്നാണറിയുന്നത്. 16 ന് ജില്ലാ കലക്ടര്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പരിശോധനാ ഫലം വിശദമായ ചര്‍ച്ച ചെയ്യുമെന്ന് വാട്ടര്‍ അതോറിട്ടി അധികൃതര്‍ അറിയിച്ചു.

Latest