Connect with us

Malappuram

കക്കൂസ് മാലിന്യം ജനവാസ കേന്ദ്രത്തില്‍ തള്ളി; ലോറി പിന്തുടര്‍ന്ന് പിടികൂടി

Published

|

Last Updated

കൊണ്ടോട്ടി: കക്കൂസ് മാലിന്യം ജനവാസ കേന്ദ്രത്തില്‍ തള്ളിയ ടാങ്കര്‍ ലോറി നാട്ടുകാര്‍ പിന്തുടര്‍ന്ന് പിടികൂടി. ലോറി ജീവനക്കാര്‍ ഓടി രക്ഷപ്പെട്ടു. ചൊവ്വാഴ്ച്ച പുലര്‍ച്ചെ ഒരു മണിക്ക് കൊട്ടൂക്കരയിലാണ് സംഭവം.
കൊട്ടുക്കര അക്കരപ്പുറം റോഡില്‍ രാത്രി 11 മണിക്ക് ആദ്യ ലോറി മാലിന്യം തള്ളി കടന്നു പോയിരുന്നു. ദുര്‍ഗന്ധം സഹിക്കവയ്യാതെ നാട്ടുകാര്‍ പുറത്തിറങ്ങിയപ്പോഴാണ് ഒരു മണിക്ക് രണ്ടാമത്തെ ലോറി മാലിന്യവുമായി എത്തുന്നത്. നാട്ടുകാരെ കണ്ട ലോറി ജീവനക്കാര്‍ ലോറിയുമായി കടന്നു കളയാനുള്ള ശ്രമം തടസപെടുത്തി. ഏതാനും യുവാക്കള്‍ ബൈക്കില്‍ ലോറിയെ പിന്തുടര്‍ന്നു.
ഇതിനിടെ പോലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് എസ് ഐ ഹനീഫയുടെ നേതൃത്വത്തില്‍ പോലീസും ലോറിയെ പിടികൂടാനെത്തി. മുസ്‌ലിയാരങ്ങാടിക്ക് സമീപം മാലിന്യവുമായെത്തിയ ടാങ്കര്‍ ലോറി നാട്ടുകാര്‍ തടഞ്ഞിട്ടു. ഇതിനിടെ പോലീസിനെ കണ്ട ലോറി ജീവനാക്കാര്‍ ലോറി വിട്ട് ഓടി രക്ഷപ്പെട്ടു. ലോറി പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ലോറി തടയുന്നവരെ അപായപ്പെടുത്താനുള്ള സജ്ജീകരണവുമായാണ് ജീവനക്കാര്‍ എത്തിയതെന്നു നാട്ടുകാര്‍ പറഞ്ഞു. ലോറിയില്‍ നിന്ന് കമ്പിപ്പാര ഉള്‍പ്പടെയുള്ള മാരകായുധങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. നേരത്തെയും ഈഭാഗങ്ങളില്‍ മാലിന്യങ്ങള്‍ തള്ളുക പതിവായിരുന്നു. എയര്‍ പോര്‍ട്ടില്‍ നിന്നുള്ള മാലിന്യം കൊണ്ടുപോകുന്നതിന് കരാറേറ്റെടുത്തവരാണ് മാലിന്യം ജനവാസ കേന്ദ്രത്തില്‍ തള്ളാനെത്തിയതെന്നു നാട്ടുകാര്‍ പറയുന്നു.
ലോറി ഓടിക്കിണ്ടിരിക്കുമ്പോഴും ടാങ്കറില്‍ നിന്നു മാലിന്യം പുറത്തേക്കു തള്ളാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ടെന്ന് അവര്‍ പറഞ്ഞു. പ്രതികളെ ഉടന്‍ പിടികൂടാനാകുമെന്ന് പോലീസ് പറഞ്ഞു.