Connect with us

Kozhikode

തെരുവിന്റെ കഥാകാരനൊപ്പമുള്ള ഇന്നലെകള്‍ ഓര്‍ത്തെടുത്ത് അവര്‍....

Published

|

Last Updated

കോഴിക്കോട്;അച്ഛന് വള്ളത്തോളിനെപ്പോലെ ഒരു കവിയാകാനായിരുന്നു ആഗ്രഹം. അതിന് വേണ്ടി അദ്ദേഹം തുടക്കകാലങ്ങളിലൊക്കെ കഠിനമായി ശ്രമിച്ചിരുന്നു. ജ്ഞാനപീഠം അവാര്‍ഡ് ലഭിച്ച വാര്‍ത്തയറിഞ്ഞ നിമിഷം ഒരിക്കലും മറക്കാന്‍ കഴിയില്ല. ആ നിമിഷം അച്ഛന്‍ അമ്മയുടെ ഫോട്ടോക്ക് മുന്നില്‍ കൈകൂപ്പി നില്‍ക്കുന്ന രംഗമാണ് ഞങ്ങള്‍ കണ്ടത്. ഇനിയൊരു ജന്മമുണ്ടെങ്കില്‍ ഒരു നാടോടിയായി ജനിക്കണമെന്നാണ് അച്ഛന്റെ ആഗ്രഹമെന്നും എസ് കെ പൊറ്റക്കാടിന്റെ മകള്‍ സുമിത്ര ഓര്‍ത്തെടുത്തു. മനസ്സിന്റെ ഏറ്റവും അടിത്തട്ടില്‍ കിടക്കുന്ന ഓര്‍മകളുടെ ഒരു ചികഞ്ഞെടുക്കല്‍ വേദിയായിരുന്നു എസ് കെ പൊറ്റക്കാട് ജന്മശതാബ്ദിയോടനുബന്ധിച്ച് നടന്ന “ഓര്‍മയിലെ പൊറ്റക്കാട്” എന്ന പരിപാടി. എസ് കെ യുടെ ജീവിതകാലത്ത് അദ്ദേഹത്തോടൊപ്പം ജീവിച്ചവര്‍ അനുഭവങ്ങള്‍ പങ്കുവെച്ച് വേദിയെ കണ്ണീരണിയിച്ചു. വലിയ സല്‍ക്കാരപ്രിയരായിരുന്നു എസ് കെ പൊറ്റക്കാടും അദ്ദേഹത്തിന്റെ ഭാര്യയുമെന്ന് എം ടി വാസുദേവന്‍ നായര്‍ പറഞ്ഞു. സുഹൃത്തുക്കള്‍ ഒരുമിച്ചിരുന്നു സൊറ പറയുന്ന സമയത്ത് എസ് കെ ഒരിക്കലും എഴുത്തിനെക്കുറിച്ചും വായനയെക്കുറിച്ചും ഒന്നും സംസാരിച്ചിരുന്നില്ല. എസ് കെ യുടെ സ്‌നേഹവും നര്‍മവും എടുത്ത് പറയേണ്ടതാണെന്നും എം ടി പറഞ്ഞു. കോഴിക്കോടുള്ള എസ് കെയുടെ വീട്ടില്‍(ചന്ദ്രകാന്തം) അതിക്രമിച്ച് കയറിത്താമസിച്ച് മധുവിധു അഘോഷിച്ചതിനെക്കുറിച്ച് കഥകളുടെ സുല്‍ത്താന്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ ഭാര്യ ഫാബി ബഷീര്‍ പറഞ്ഞപ്പോള്‍ പുതുക്കപെണ്ണിന്റെ നാണം അവരുടെ മുഖത്ത് കാണാമായിരുന്നു. വീടിന്റെ യഥാര്‍ഥ ഉടമസ്ഥന്‍ ആദ്യമായി തന്നെ കാണാന്‍ വന്നപ്പോള്‍ കൊണ്ടുവന്ന കേക്കിന്റെ മധുരവും മുല്ലപ്പൂവിന്റെ മണവും ഓര്‍മകളില്‍ ഇന്നും ബാക്കിയാണെന്ന് ഫാബി പറഞ്ഞു. പുതിയ തലമുറയിലെ കുട്ടികളെക്കൊണ്ട് സമ്പുഷ്ടമായിരുന്നു എസ് കെ യുടെ ജന്മശതാബ്ദി ആഘോഷത്തിന്റെ വേദി.

---- facebook comment plugin here -----

Latest