Connect with us

International

കുര്‍ദുകള്‍ തട്ടിക്കൊണ്ടുപോയ തുര്‍ക്കി സൈനികരെ മോചിപ്പിച്ചു

Published

|

Last Updated

ഇസ്തംബൂള്‍: കുര്‍ദ് വിമതര്‍ തടവിലാക്കിയ തുര്‍ക്കി സൈനികരെ മോചിപ്പിക്കാന്‍ തീരുമാനിച്ചു. കുര്‍ദിസ്ഥാന്‍ വര്‍ക്കേഴ്‌സ് പാര്‍ട്ടി (പി കെ കെ)യുടെ ജയിലില്‍ കഴിയുന്ന നേതാവ് അബ്ദുല്ലാ ഒക്‌ലാന്റെ ആവശ്യപ്രകാരമാണ് തീരുമാനം. രണ്ട് വര്‍ഷം മുമ്പ് കുര്‍ദുകള്‍ തട്ടിക്കൊണ്ടു പോയ എട്ട് സൈനിക ഉദ്യോഗസ്ഥരെയും സഹായികളെയുമാണ് മോചിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. വടക്കന്‍ ഇറാഖിലെ തടവില്‍ കഴിയുന്ന ഇവര്‍ ഇന്നലെ ഉച്ചയോടെ തുര്‍ക്കിയിലെത്തിയതായി ഔദ്യോഗിക വക്താക്കളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
29 വര്‍ഷക്കാലമായി തുര്‍ക്കിയില്‍ നടക്കുന്ന സര്‍ക്കാര്‍ – കുര്‍ദ് ഏറ്റുമുട്ടല്‍ അവസാനിക്കുന്നുവെന്ന സൂചനയാണ് മോചനത്തില്‍ നിന്നും വ്യക്തമാകുന്നത്. സൈനികരുടെ മോചനത്തിന് പ്രതിഫലമായി തുര്‍ക്കി സൈന്യം തടവിലാക്കിയ അബ്ദുല്ലാ ഒക്‌ലാനടക്കമുള്ള കുര്‍ദുകളെ മോചിപ്പിച്ചേക്കും. പതിനാല് വര്‍ഷക്കാലമായി ഇദ്ദേഹം തുര്‍ക്കിയില്‍ തടവിലാണ്. ഇതുമായി ബന്ധപ്പെട്ട് ഒക്‌ലാന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമായി രഹസ്യ ചര്‍ച്ച നടത്തിയതായും റിപ്പോര്‍ട്ടുണ്ട്.
തുര്‍ക്കി സൈന്യവും കുര്‍ദ് വിമതരും തമ്മില്‍ ഏറ്റുമുട്ടല്‍ രൂക്ഷമായതോടെ നടന്ന മാസങ്ങള്‍ നീണ്ടുനിന്ന സമാധാന ചര്‍ച്ചകള്‍ക്കൊടുവിലാണ് തടവുകാരെ മോചിപ്പിക്കാനുള്ള തീരുമാനമായത്. ആഗസ്റ്റ് മാസത്തോടെ ഏറ്റുമുട്ടല്‍ മേഖലയില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കാനാകുമെന്നാണ് പ്രതീക്ഷ. സൈനികരെ മോചിപ്പിക്കാനുള്ള കുര്‍ദുകളുടെ തീരുമാനം തുര്‍ക്കി സ്വാഗതം ചെയ്തു. കുര്‍ദുകളുടെ തീരുമാനത്തില്‍ സന്തോഷിക്കുന്നുവെന്ന് തുര്‍ക്കി പ്രധാനമന്ത്രി ത്വയ്യിബ് ഉര്‍ദുഗാന്‍ വ്യക്തമാക്കി.
“ഏറെ പ്രതീക്ഷകള്‍ ജനിപ്പിക്കുന്ന തീരുമാനമാണ് പി കെ കെ മുന്നോട്ട് വെച്ചത്. ഇതില്‍ അതിയായ സന്തോഷമുണ്ട്. തുര്‍ക്കിയില്‍ സമാധാന അന്തരീക്ഷം പുനഃസ്ഥാപിക്കാനാകുമെന്ന പ്രതീക്ഷയാണ് ഇതില്‍ നിന്നുണ്ടായത്.” തുര്‍ക്കി ഉപപ്രധാനമന്ത്രി ബശീര്‍ അറ്റാലയി വ്യക്തമാക്കി.
തുര്‍ക്കിയിലെ വടക്കു കിഴക്കന്‍ മേഖല കേന്ദ്രീകരിച്ച് പി കെ കെ 1984ലാണ് സായുധ സംഘത്തിന് രൂപം നല്‍കിയത്. സ്വതന്ത്ര രാജ്യം വേണമെന്നതടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് സൈന്യത്തിന് നേരെ വിമതര്‍ നിരന്തരം ഏറ്റുമുട്ടുകയും ചെയ്തു. 29 വര്‍ഷങ്ങളായി തുടരുന്ന ഏറ്റുമുട്ടലില്‍ ഇതുവരെ 40,000 ജനങ്ങള്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. യു എന്‍ അടക്കമുള്ള അന്താരാഷ്ട്ര സംഘടനകള്‍ പ്രശ്‌നത്തില്‍ ഇടപെട്ടിരുന്നെങ്കിലും ഫലമുണ്ടായില്ല. പതിറ്റാണ്ടുകള്‍ക്ക് ശേഷം കഴിഞ്ഞ വര്‍ഷം കനത്ത ഏറ്റുമുട്ടല്‍ നടന്നതോടെ സമാധാന ശ്രമങ്ങള്‍ക്ക് സര്‍ക്കാര്‍ മുന്നിട്ടിറങ്ങുകയായിരുന്നു. സര്‍ക്കാര്‍ മുന്നോട്ടുവെച്ച ആവശ്യങ്ങള്‍ പരിഗണിക്കാന്‍ വിമതരും വിമതരുടെ ആവശ്യങ്ങള്‍ സര്‍ക്കാറും പരിഗണിക്കാന്‍ തയ്യാറായിട്ടുണ്ടെന്നാണ് അറിയുന്നത്.

Latest