Connect with us

National

കള്ളപ്പണം വെളുപ്പിക്കുന്നതിന് പ്രമുഖ സ്വകാര്യ ബേങ്കുകള്‍ സൗകര്യമൊരുക്കുന്നു

Published

|

Last Updated

ന്യൂഡല്‍ഹി: രാജ്യത്തെ പ്രമുഖ സ്വകാര്യ ബേങ്കുകള്‍ കള്ളപ്പണ ഇടപാടിന് സൗകര്യമൊരുക്കുന്നുവെന്നതിന് തെളിവുമായി ഒളിക്യാമറാ ദൃശ്യങ്ങള്‍. ഓണ്‍ലൈന്‍ മാഗസിനായ “കോബ്രാപോസ്റ്റ്” നടത്തിയ ഒളിക്യാമറാ ഓപറേഷനിലാണ് ബേങ്കുകള്‍ നികുതി വെട്ടിപ്പിനും തിരിമറികള്‍ക്കും പരസ്യമായി സൗകര്യമൊരുക്കുന്നത് തെളിഞ്ഞത്. എച്ച് ഡി എഫ് സി, ഐ സി ഐ സി ഐ, ആക്‌സിസ് എന്നീ ബേങ്കുകളാണ് ഇപ്പോള്‍ പുറത്ത് വിട്ട റിപ്പോര്‍ട്ടില്‍ പരാമര്‍ശവിധേയമായിരിക്കുന്നതെന്നും കൂടുതല്‍ ബേങ്കുകളെക്കുറിച്ചുള്ള വിവരങ്ങള്‍ ഉടന്‍ പുറത്ത് വരുമെന്നും ഓണ്‍ലൈന്‍ വൃത്തങ്ങള്‍ പറയുന്നു.
ഉപഭോക്താക്കളില്‍ നിന്ന് കള്ളപ്പണം സ്വീകരിച്ച് വെളുപ്പിക്കാന്‍ ബേങ്കിന്റെ സംവിധാനങ്ങള്‍ ഉപയോഗിക്കുകയാണ് ചെയ്യുന്നത്. എന്‍ ആര്‍ ഐ പോലുള്ള സംവിധാനങ്ങള്‍ ഇതിനായി ഉപയോഗിക്കുന്നു. ഉറവിടത്തെക്കുറിച്ച് ഒരു ചോദ്യവുമില്ലാതെ പണം സ്വീകരിക്കാന്‍ നിരവധി സ്‌കീമുകള്‍ തന്നെ ബേങ്കുകള്‍ തയ്യാറാക്കി വെച്ചിട്ടുണ്ടെന്ന് ഒളിക്യമറാ അന്വേഷണം വ്യക്തമാക്കുന്നു. പണം കൈവശമുണ്ടെന്ന മുഖവുരയോടെ ഉപഭോക്താവെന്ന നിലയിലാണ് ഓണ്‍ലൈന്‍ ലേഖകര്‍ ബേങ്ക് അധികൃതരെ സമീപിച്ചത്. പരസ്യമായി അവര്‍ ആവശ്യം അവതരിപ്പിക്കുന്നു. പണം വെളുപ്പിക്കാനുള്ള വ്യത്യസ്തമായ വഴികള്‍ നിരത്തിവെച്ചാണ് ബേങ്ക് മേധാവികള്‍ അവരെ സ്വീകരിച്ചത്. എച്ച് ഡി എഫ് സി ബേങ്കും അതിന്റെ ഇന്‍ഷ്വറന്‍സ് വിഭാഗവും ഒളിക്യാമറയില്‍ കുടുങ്ങിയതാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.
കള്ളപ്പണ ഏര്‍പ്പാടില്‍ ബേങ്കിന്റെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തന്നെയാണ് പങ്കെടുക്കുന്നതെന്ന് കോബ്രാപോസ്റ്റ് എഡിറ്റര്‍ അനിരുദ്ധ് ബാഹല്‍ പറഞ്ഞു. “കള്ളപ്പണവുമായി വരുന്നുവെന്ന് പറഞ്ഞ് സമീപിച്ച ഞങ്ങളുടെ റിപ്പോര്‍ട്ടര്‍മാരെ എച്ച് ഡി എഫ് സിയും ഐ സി ഐ സിയും ആക്‌സിസ് ബേങ്കും പരവതാനി വിരിച്ചാണ് സ്വീകരിച്ചത്. ഏതെങ്കിലും ഒരു ഉദ്യോഗസ്ഥനല്ല ഇത് ചെയ്യുന്നത്. മാനേജ്‌മെന്റ് തലത്തിലെ മുതിര്‍ന്നവര്‍ തന്നെയാണ്”- അനിരുദ്ധ് വ്യക്തമാക്കുന്നു.
ഒളിക്യാമറാ അന്വേഷണത്തില്‍ തെളിഞ്ഞ കാര്യങ്ങള്‍ സംബന്ധിച്ച് പ്രധാനമന്ത്രി നേരിട്ട് ആരായണമെന്ന് ബി ജെ പി ആവശ്യപ്പെട്ടു. കള്ളപ്പണം വെളുപ്പിക്കുന്ന പ്രക്രിയയില്‍ ബേങ്കുകള്‍ നേരിട്ട് ഏര്‍പ്പെടുന്നുണ്ടെങ്കില്‍ അത് ഗൗരവതരമായ കാര്യമാണെന്നും വിഷയം പാര്‍ലിമെന്റില്‍ ഉന്നയിക്കുമെന്നും പാര്‍ട്ടി വക്താവ് മുഖ്താര്‍ അബ്ബാസ് നഖ്‌വി പറഞ്ഞു. ഇത്തരം സ്വകാര്യ ബേങ്കുകള്‍ അടച്ചു പൂട്ടാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് സി പി എം പോളിറ്റ്ബ്യൂറോ അംഗം സീതാറാം യെച്ചൂരി ആവശ്യപ്പെട്ടു. ഇക്കാര്യം പാര്‍ലിമെന്റില്‍ ഉന്നയിക്കുമെന്ന് അദ്ദേഹവും വ്യക്തമാക്കി.
അതേസമയം, കോബ്രാപോസ്റ്റ് റിപ്പോര്‍ട്ട് ഉന്നയിക്കുന്ന വിഷയങ്ങള്‍ ഗൗരവപൂര്‍വം അന്വേഷിക്കുമെന്ന് എച്ച് ഡി എഫ് സി ബേങ്ക് പ്രസ്താവനയില്‍ വ്യക്തമാക്കി. റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്ന ഇടപാടുകള്‍ തടയാന്‍ ബേങ്ക് ഫലപ്രദമായ നടപടികള്‍ സ്വീകരിക്കുന്നുണ്ട്. എന്നിട്ടും ഇത്തരം രഹസ്യ ഇടപാടുകള്‍ നടക്കുന്നുവെന്നത് ആശങ്കയുളവാക്കുന്നതാണ്. സര്‍ക്കാറിന്റെ നയങ്ങള്‍ അപ്പടി പിന്തുടരുന്ന സ്ഥാപനമാണ് എച്ച് ഡി എഫ് സിയെന്നും പ്രസ്താവനയില്‍ പറയുന്നു.

Latest