Connect with us

Kerala

പുതിയ 12 സ്വകാര്യ ഐ ടി പാര്‍ക്കുകള്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു

Published

|

Last Updated

തിരുവനന്തപുരം:സംസ്ഥാനത്ത് 12 സ്വകാര്യ ഹൈടെക് ഐ ടി പാര്‍ക്കുകള്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു. എമര്‍ജിംഗ് കേരളയുടെ തുടര്‍ച്ചയായാണ് പദ്ധതികള്‍. സീ-പ്ലെയിന്‍ പദ്ധതി അടുത്ത മാസം കമ്മീഷന്‍ ചെയ്യാനാകുമെന്നും വ്യവസായ ഐ ടി മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, തൃശൂര്‍ എന്നിവിടങ്ങളിലാണ് സ്വകാര്യ ഐ ടിപാര്‍ക്കുകള്‍ വരുന്നത്. ടെക്‌നോ പാര്‍ക്കിലെ 10 ലക്ഷം സ്‌ക്വയര്‍ഫീറ്റ് മന്ദിരം മൂന്ന് മാസത്തിനകം കമീഷന്‍ ചെയ്യും. ഇത് യാഥാര്‍ഥ്യമാകുന്നതോടെ ടെക്‌നോ പാര്‍ക്ക് ഇന്ത്യയിലെ ഏറ്റവും വലിയ ഐ ടി പാര്‍ക്കാകും.
വ്യവസായവകുപ്പിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളുടെ അക്കൗണ്ടിംഗ് ക്രമപ്പെടുത്തുന്നതിന്റെ ഭാഗമായി, പൂര്‍ത്തിയാവാതെ കിടന്ന ഓഡിറ്റ് ആന്റ് അക്കൗണ്ട്‌സ് സമയബന്ധിതമായി തീര്‍ക്കുന്നതിന് കര്‍മപദ്ധതി തയ്യാറാക്കി. ഇത് പൂര്‍ത്തിയാകുന്നതോടെ അതത് സാമ്പത്തിക വര്‍ഷം പൂര്‍ത്തിയായി ഒരു മാസത്തിനുള്ളില്‍ സ്ഥാപനങ്ങളുടെ ഓഡിറ്റും അക്കൗണ്ടും പൂര്‍ത്തിയാക്കാനാകും. കിന്‍ഫ്ര ഫിലിം ആന്റ് വീഡിയോ പാര്‍ക്കില്‍ ഏണസ്റ്റ് ആന്റ് യംഗിന്റെ ഗ്ലോബല്‍ സപ്പോര്‍ട്ട് സെന്റര്‍ ഉടന്‍ പ്രവര്‍ത്തനം തുടങ്ങും. ചുരുങ്ങിയത് 5,000 പേര്‍ക്ക് തൊഴില്‍ ലഭിക്കും. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ വ്യാപാര-വാണിജ്യ കേന്ദ്രങ്ങള്‍ സ്ഥാപിക്കാനാവശ്യമായ സ്ഥലം കിന്‍ഫ്ര കണ്ടെത്തിയിട്ടുണ്ട്.
എമര്‍ജിംഗ് കേരളക്ക് ശേഷം സംസ്ഥാനത്ത് വിദേശത്തുനിന്നുള്ള നിക്ഷേപകരുടെ എണ്ണത്തില്‍ വന്‍തോതില്‍ വര്‍ധനവുണ്ടായിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. വ്യവസായ സംരംഭങ്ങള്‍ക്കായി അനുവദിച്ച ഭൂമിയില്‍ ആറ് മാസത്തിനുളളില്‍ വ്യവസായം തുടങ്ങുന്നതിന് നടപടി സ്വീകരിച്ചില്ലെങ്കില്‍ അത്തരം ഭൂമി തിരിച്ചെടുക്കും. ഇതിന്റെ ഭാഗമായി വ്യവസായം തുടങ്ങാത്ത സംരംഭകര്‍ക്കെല്ലാം കിന്‍ഫ്ര, സിഡ്‌കോ, വ്യവസായ വാണിജ്യ ഡയറക്ടറേറ്റ് എന്നീ സ്ഥാപനങ്ങള്‍ ് കാരണം കാണിക്കല്‍ നോട്ടീസയച്ചിട്ടുണ്ട്.
പാരിസ്ഥിതികാനുമതി ലഭിച്ച 6,000 കോടി രൂപയുടെ പെട്രോ കെമിക്കല്‍ പദ്ധതിയുടെ വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കിവരികയാണ്. 100 കോടിയുടെ പോളി ഐസോബ്യൂട്ടേന്‍ ഉത്പ്പന്ന നിര്‍മാണ പദ്ധതിക്കാവശ്യമായ ഭൂമി കണ്ടെത്തി.
കൊച്ചി എക്‌സ്‌പോര്‍ട്ട് പ്രൊമോഷന്‍ ഇന്‍ഡസ്ട്രില്‍ പാര്‍ക്കില്‍ ആരംഭിക്കുന്ന നിര്‍മാണ മേഖലയിലേക്കാവശ്യമായ 90 കോടി രൂപയുടെ പ്രീ-കാസ്റ്റ് സ്ട്രക്ചര്‍ ഉത്പ്പാദന കേന്ദ്രത്തിനായി 18 ഏക്കര്‍ സ്ഥലമാണ് കണ്ടെത്തിയത്. പാരിസ്ഥിതികാഘാത പഠന റിപ്പോര്‍ട്ട് കിട്ടിയ ശേഷം അന്തിമ നടപടി സ്വീകരിക്കുമെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

Latest