Connect with us

Kerala

തോട്ടഭൂമി:നിയമ ഭേദഗതി റവന്യൂ വകുപ്പ് റദ്ദാക്കി

Published

|

Last Updated

തിരുവനന്തപുരം:തോട്ട ഭൂമിയുടെ അഞ്ച് ശതമാനം ഇതര ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാന്‍ അനുവദിക്കുന്ന നിയമ ഭേദഗതി റദ്ദാക്കി സര്‍ക്കാര്‍ പുതിയ മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചു. തോട്ടങ്ങളിലെ അഞ്ച് ശതമാനം ഭൂമി പുഷ്പകൃഷിക്കോ ഔഷധ സസ്യകൃഷിക്കോ മറ്റു കൃഷികള്‍ക്കോ ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍ എന്നിവക്കോ ഉപയോഗിക്കാന്‍ അനുമതി നല്‍കിയാണ് കഴിഞ്ഞ വര്‍ഷം യു ഡി എഫ് സര്‍ക്കാര്‍ ഭൂപരിഷ്‌കരണ നിയമം ഭേദഗതി ചെയ്തിരുന്നത്. സര്‍ക്കാര്‍ വരുത്തിയ നിയമഭേദഗതി ഭൂപരിഷ്‌കരണ നിയമം അട്ടിമറിക്കുന്നതാണെന്നും വന്‍കിട സ്വകാര്യ റിസോര്‍ട്ട് ഉടമകളെ സഹായിക്കാന്‍ വേണ്ടിയാണെന്നുമാണ് ആരോപണം ഉയര്‍ന്നത്. ഈ സാഹചര്യത്തില്‍ റവന്യൂ വകുപ്പ് നടത്തിയ വിശദമായ പരിശോധനക്കു ശേഷമാണ് പുതിയ മാര്‍ഗനിര്‍ദേശം പുറപ്പെടുവിക്കാന്‍ തീരുമാനിച്ചത്.

അംഗീകൃത എസ്റ്റേറ്റുകളിലെ അഞ്ച് ശതമാനം തോട്ടവിളകളില്ലാത്ത സ്ഥലമാണ് മറ്റാവശ്യങ്ങള്‍ക്കായി വിനിയോഗിക്കേണ്ടതെന്നാണ് പുതിയ നിയമത്തിലെ വ്യവസ്ഥ. ഈ ഭൂമി വില്‍ക്കാന്‍ പാടില്ല. തോട്ടത്തിന്റെ സാമ്പത്തിക വരുമാനം പരിസ്ഥിതി സൗഹൃദരീതിയില്‍ വര്‍ധിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. വനം വകുപ്പ് പാട്ടത്തിന് നല്‍കിയതും വനനിയമത്തിന്റെ പരിധിയില്‍ വരുന്നതുമായ ഭൂമി, അവ സ്വകാര്യ ഭൂമിയാണെങ്കില്‍ത്തന്നെ തരംമാറ്റി മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതിന് കേന്ദ്ര സര്‍ക്കാറിന്റെ മുന്‍കൂര്‍ അനുമതി ആവശ്യമാണെന്ന് മാര്‍ഗ നിര്‍ദേശത്തില്‍ ചൂണ്ടിക്കാട്ടുന്നു. അഞ്ച് ശതമാനം സ്ഥലത്തിന്റെ 90 ശതമാനം കൃഷിക്കും അനുബന്ധ സൗകര്യങ്ങള്‍ക്കും ഉപയോഗപ്പെടുത്തണം. ഈ സ്ഥലത്ത് സംയോജിതകൃഷി, ക്ഷീരോത്പാദനം, പച്ചക്കറികള്‍, ഫലങ്ങള്‍, അലങ്കാരപുഷ്പങ്ങള്‍, ഔഷധകൃഷി, സുഗന്ധസസ്യ കൃഷി, കാര്‍ഷികോത്പന്നങ്ങളുടെ ഉത്പന്ന വൈവിധ്യവത്കരണം എന്നിവ നടപ്പാക്കണം. കഴിവതും ജൈവകൃഷി സമ്പ്രദായം മാത്രം ഉപയോഗിക്കുക. അഞ്ച് ശതമാനം ഭൂമിയുടെ പത്ത് ശതമാനം മാത്രമേ ഫാം ടൂറിസത്തിനായി വിനിയോഗിക്കാവൂ എന്നും മാര്‍ഗനിര്‍ദേശം വ്യക്തമാക്കുന്നു.
ടൂറിസം പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതിനു മുമ്പ് പ്ലാന്‍, സ്‌കെച്ച് എന്നിവ ജില്ലാ കലക്ടര്‍ക്കും ലാന്‍ഡ് ബോര്‍ഡ് സെക്രട്ടറിക്കും നിര്‍ദിഷ്ട ഫോമില്‍ സമര്‍പ്പിച്ച് അനുമതി വാങ്ങണം. കാര്‍ഷികോത്പന്ന വിളകളുടെയും അനുബന്ധ കൃഷിയുടെയും ഭൂമി ഉപയോഗം സംബന്ധിച്ച് കൃഷി വകുപ്പിന്റെ മുന്‍കൂര്‍ അനുമതി വാങ്ങണം. തൊഴിലാളികളെ ദോഷകരമായി ബാധിക്കാത്ത തരത്തിലായിരിക്കണം പദ്ധതി നടപ്പാക്കേണ്ടത്. എസ്റ്റേറ്റുകളുടെ തുണ്ടുവത്കരണം ഒഴിവാക്കുന്നതിന് അഞ്ച് ശതമാനം ഭൂമി ഇളവ് ഒരുതവണ മാത്രമേ അനുവദിക്കൂ. കെട്ടിടങ്ങളുടെ നിര്‍മാണം പരിസ്ഥിതി സൗഹൃദരീതിയിലും പരമ്പരാഗത ശൈലിയിലുമാകണം. നിലവിലെ ബാംഗ്ലാവുകളും പൈതൃക കെട്ടിടങ്ങളും പരിഷ്‌കരിച്ച് ടൂറിസത്തിന് ഉപയോഗപ്പെടുത്തുന്നതിനായി ബഹുനില കെട്ടിടങ്ങള്‍ നിര്‍മിക്കുന്നതിന് നിരോധം ഏര്‍പ്പെടുത്തണം. ടൂറിസം പദ്ധതികള്‍ക്ക് മാത്രമായി യോജിക്കുന്ന തരത്തിലുള്ള സ്ഥലത്തുമാത്രം നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്‍കും. ഇതിനായി ടൂറിസം വകുപ്പിന്റെ ക്ലിയറന്‍സ് തേടിയിരിക്കണം. പരിസ്ഥിതി/വനം വകുപ്പിന്റെ അനുമതി ആവശ്യമായ സ്ഥലങ്ങളില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്നതിന് മുമ്പായി പ്രസ്തുത വകുപ്പുകളുടെ അനുമതി വാങ്ങണമെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.

Latest