Connect with us

National

രാജസ്ഥാനില്‍ അനധികൃത അഗതി മന്ദിരത്തില്‍ നിന്ന് 49 കുട്ടികളെ രക്ഷപ്പെടുത്തി

Published

|

Last Updated

ജയ്പൂര്‍: രാജസ്ഥാനില്‍ അനധികൃത അഗതി മന്ദിരത്തില്‍ നിന്ന് 49 കുട്ടികളെ അധികൃതര്‍ ഇടപെട്ട് രക്ഷപ്പെടുത്തി. ഇവരില്‍ 27 പേര്‍ പെണ്‍കുട്ടികളാണ്. അഞ്ചിനും 12നും ഇടയില്‍ പ്രായമുള്ളവരാണ് കുട്ടികള്‍. രജിസ്റ്റര്‍ ചെയ്യാതെ പ്രവര്‍ത്തിച്ച ജയ്പൂരിലെ അഗതി മന്ദിരത്തില്‍ നിന്നാണ് ഇവരെ രക്ഷപ്പെടുത്തിയത്. ഒരു പാസ്റ്ററെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. ചൊവ്വാഴ്ചയാണ് റെയ്ഡ് നടന്നത്.
നഗരത്തിലെ മാനസരോവര്‍, ജവഹര്‍ സര്‍ക്കിള്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനകളുടെ സഹായത്തോടെയാണ് റെയ്ഡ് നടത്തിയതെന്ന് സംസ്ഥാന ശിശു അവകാശ സംരക്ഷണ കമ്മീഷനിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ അറിയിച്ചു. മാനസരോവറില്‍ പ്രവര്‍ത്തിക്കുന്ന അഗതി മന്ദിരത്തില്‍ കഴിഞ്ഞ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ സന്നദ്ധ സംഘടനയെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന്, രോഗിയായി ദുരിതമനുഭവിക്കുന്ന പെണ്‍കുട്ടിയെ രക്ഷിച്ച് മണിപ്പൂരിലെ മാതാപിതാക്കള്‍ക്ക് സംഘടന കൈമാറി. കുറച്ച് ദിവസത്തിന് ശേഷം പെണ്‍കുട്ടി മരിച്ചു. സമയത്തിന് ചികിത്സ കിട്ടാത്തതായിരുന്നു കാരണം. “ഗ്രേസ് ഹോം” എന്ന പേരിലാണ് ഈ മന്ദിരം പ്രവര്‍ത്തിച്ചിരുന്നത്.
“മാനസരോവര്‍ മന്ദിരത്തില്‍ 27 പെണ്‍കുട്ടികളെയും രണ്ട് ആണ്‍കുട്ടികളെയുമാണ് കണ്ടത്. റൂമില്‍ ഇരിക്കുകയായിരുന്നു അവര്‍. അവിടെ നിരവധി ഒഴിഞ്ഞ മദ്യക്കുപ്പികള്‍ കണ്ടു. അടുക്കളയിലെ ഭക്ഷണം പഴകിയിരുന്നു. ജേക്കബ് ജോണ്‍ എന്ന പാസ്റ്ററെയാണ് അറസ്റ്റ് ചെയ്തത്. പത്ത് വര്‍ഷമായി കുട്ടികള്‍ക്കുള്ള മന്ദിരം നടത്തുന്നുവെന്ന് ജോണ്‍ പറഞ്ഞു. ബാലനീതി നിയമ പ്രകാരം ഇത് രജിസ്റ്റര്‍ ചെയ്തിരുന്നില്ല. ഇത്തരം മന്ദിരങ്ങള്‍ നടത്തുന്നതിന് രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാണ്.” ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ദരിദ്ര കുടുംബങ്ങളില്‍ നിന്നുള്ള കുട്ടികളാണ് അവിടെ കഴിഞ്ഞിരുന്നത്. പഞ്ചാബ്, അസം, മണിപ്പൂര്‍, നാഗാലാന്‍ഡ്, ഛത്തീസ്ഗഢ് എന്നിവിടങ്ങളില്‍ നിന്നുള്ള കുട്ടികളുണ്ടായിരുന്നു. മാതാപിതാക്കളുടെ സമ്മതപ്രകാരമായിരുന്നു ഇത്. കുട്ടികളെ സ്‌കൂളിലേക്ക് അയക്കുന്നുണ്ടായിരുന്നില്ല. അതേസമയം, ഒരു പ്രത്യേക മതത്തിന്റെ അറിവുകള്‍ അവര്‍ക്ക് നല്‍കുന്നുണ്ടായിരുന്നു. വീടിന് പുറത്ത് ഒരിക്കലും കുട്ടികളെ കണ്ടിട്ടില്ലെന്ന് മന്ദിരത്തിന് സമീപം താമസിക്കുന്ന സ്ത്രീ പറഞ്ഞു. ഹോളി, ദീപാവലി തുടങ്ങിയ ആഘോഷങ്ങള്‍ക്ക് അയല്‍പക്കത്തുള്ള എല്ലാ കുട്ടികളും സമീപത്തെ പാര്‍ക്കില്‍ ഒത്തുകൂടും. എന്നാല്‍ മന്ദിരത്തില്‍ നിന്നുള്ള ഒരു കുട്ടിയെയും അവിടെ കണ്ടിരുന്നില്ലെന്നും അയല്‍വാസി പറഞ്ഞു.
മന്ദിരത്തില്‍ നടക്കുന്ന എല്ലാ പ്രാര്‍ഥനാ ഗാനങ്ങളും കുട്ടികളാണ് ആലപിച്ചിരുന്നതെന്ന് കമ്മീഷന്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു. മുറിയില്‍ മദ്യക്കുപ്പികള്‍ എങ്ങനെ വന്നുവെന്നതിനെ സംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടത്തും. ജവഹര്‍ നഗര്‍ സര്‍ക്കിളിലെ അഗതി മന്ദിരത്തെ സംബന്ധിച്ച് ജോണ്‍ തന്നെയാണ് ഉദ്യോഗസ്ഥരോട് പറഞ്ഞത്. അവിടെ നിന്ന് 20 ആണ്‍കുട്ടികളെ രക്ഷിച്ചു. മന്ദിരം നടത്തിപ്പുമായി ബന്ധപ്പെട്ട ചില വ്യക്തികളെ പോലീസ് ചോദ്യം ചെയ്യുകയാണ്.

---- facebook comment plugin here -----

Latest