Connect with us

Kannur

ചെറുപുഴ പഞ്ചായത്തിലെ തൊഴിലുറപ്പ് പദ്ധതിയില്‍ വന്‍ ക്രമക്കേടെന്ന് ആക്ഷേപം

Published

|

Last Updated

ചെറുപുഴ: ചെറുപുഴ പഞ്ചായത്തില്‍ പ്രസിഡന്റിന്റെ വാര്‍ഡില്‍ തൊഴിലുറപ്പ് പദ്ധതിയില്‍ വന്‍ ക്രമക്കേട് നടന്നതായി കണ്ടെത്തി.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അഴിമതി പിടികൂടിയത്. ചെറുപുഴ പഞ്ചായത്തിലെ എട്ടാം വാര്‍ഡിലാണ് ലക്ഷങ്ങളുടെ അഴിമതി കണ്ടെത്തിയത്. കഴിഞ്ഞ 12ാം തീയതി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി വി ഗൗരിയുടെ നേതൃത്വത്തില്‍ നടത്തിയ മിന്നല്‍ പരിശോധനയിലാണ് 12 മുതല്‍ 17 വരെയുള്ള ഏഴ് ദിവസങ്ങളില്‍ 35 തൊഴിലാളികള്‍ ഒപ്പിട്ട മസ്‌ട്രോള്‍ പിടികൂടിയത്. 245 ഓളം തൊഴില്‍ദിനങ്ങളാണ് മുന്‍കൂട്ടി ഒപ്പിട്ടതായി കണ്ടെത്തിയിരിക്കുന്നത്. ഒരു തൊഴില്‍ദിനത്തിന് 164 രൂപയാണ് ഇപ്പോഴത്തെ കൂലി. ഇതുപ്രകാരം ഏകദേശം 40425 രൂപയുടെ തട്ടിപ്പാണ് ഇപ്പോള്‍ പ്രാഥമികമായി കണ്ടെത്തിയത്. ഇതേ തുടര്‍ന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന്റെ നിര്‍ദേശപ്രകാരം അന്വേഷണമാരംഭിക്കുകയായിരുന്നു. ഗുരുതരമായ വീഴ്ചയാണ് പഞ്ചായത്ത് അധികൃതര്‍ നടത്തിയതെന്നും ഇതിന് കൂട്ടുനിന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും പ്രസിഡന്റ് പറഞ്ഞു. സ്ഥലത്തെത്തിയ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മേറ്റര്‍നോട് മസ്‌ട്രോള്‍ ആവശ്യപ്പെട്ടെങ്കിലും ആദ്യം മസ്‌ട്രോള്‍ കാണിക്കാന്‍ തയ്യാറായില്ലെന്നും തൊഴില്‍ നടക്കുന്ന സ്ഥലം കാണിച്ചുതരുവാന്‍ തയ്യാറായില്ലെന്നും പ്രസിഡന്റ് പറഞ്ഞു. പിന്നീട് നാല് തൊഴിലാളികള്‍ സത്യാവസ്ഥ കൃത്യമായി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിനോട് പറയുകയായിരുന്നു. തുടര്‍ന്ന് ഇവരെ പഞ്ചായത്ത് പ്രസിഡന്റിന്റെ നിര്‍ദേശത്തില്‍ ഭീഷണിപ്പെടുത്തിയതായും ആരോപണമുണ്ട്. അതേസമയം ബ്ലോക്ക് പഞ്ചായത്തില്‍ നിന്ന് അനുവദിച്ച തുക ചെറുപുഴ പഞ്ചായത്ത് അധികൃതര്‍ തൊഴിലാളികള്‍ക്ക് മൂന്ന് മാസമായിട്ടും നല്‍കിയിട്ടില്ലെന്നും തൊഴിലാളികള്‍ പരാതിപ്പെട്ടു.

Latest