Connect with us

Ongoing News

സംവരണത്തിന്റെ മേല്‍ത്തട്ട് പരിധി ആറ് ലക്ഷമാക്കുന്നു

Published

|

Last Updated

ന്യൂഡല്‍ഹി: സംവരണത്തിന്റെ മേല്‍ത്തട്ട് പരിധി നാലര ലക്ഷം രൂപയില്‍ നിന്ന് ആറ് ലക്ഷമാക്കി ഉയര്‍ത്താന്‍ മന്ത്രിസഭാ ഉപസമിതി ശിപാര്‍ശ. ധനമന്ത്രി പി ചിദംബരത്തിന്റെ നേതൃത്വത്തിലുള്ള ഉപ സമിതിയാണ് വിഷയത്തില്‍ തീരുമാനമെടുത്തത്. ആറ് ലക്ഷം രൂപയില്‍ കൂടുതല്‍ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് ഇനി പിന്നാക്ക സംവരണത്തിന് അര്‍ഹതയുണ്ടാകില്ല. പിന്നാക്ക വിഭാഗത്തിലെ മന്ത്രിമാരുടെ എതിര്‍പ്പ് അവഗണിച്ചാണ് തീരുമാനമെടുത്തത്.

പന്ത്രണ്ട് ലക്ഷം മേല്‍ത്തട്ട് പരിധി നിശ്ചയിക്കണമെന്നായിരുന്നു ഇവരുടെ ആവശ്യം. ശിപാര്‍ശയില്‍ കേന്ദ്ര മന്ത്രിസഭ അന്തിമ തീരുമാനമെടുക്കും. മേല്‍ത്തട്ട് പരിധി ഉയര്‍ത്തണമെന്ന് കഴിഞ്ഞ ജൂണില്‍ സാമൂഹിക ക്ഷേമ വകുപ്പ് കേന്ദ്ര മന്ത്രിസഭക്ക് നിര്‍ദേശം നല്‍കിയിരുന്നു. വയലാര്‍ രവി ഉള്‍പ്പെടെയുള്ള മന്ത്രിമാര്‍ മേല്‍ത്തട്ട് പരിധി ആറ് ലക്ഷത്തിന് മേല്‍ ഉയര്‍ത്തണമെന്ന് വാദിച്ചു. വി നാരായണ സ്വാമി, വീരപ്പ മൊയ്‌ലി എന്നിവരും വയലാര്‍ രവിയുടെ വാദത്തിന് പിന്തുണ നല്‍കി.
എന്നാല്‍, പരിധി ഉയര്‍ത്തുന്നതിനെ ഒരു വിഭാഗം എതിര്‍ക്കുകയും ചെയ്തു. തുടര്‍ന്നാണ് ഉപ സമിതിയെ തീരുമാനമെടുക്കാന്‍ നിയോഗിച്ചത്. നേരത്തെ 2008 ലാണ് നാലര ലക്ഷമാക്കി മേല്‍ത്തട്ട് പരിധി നിശ്ചയിച്ചത്. ജീവിത നിലവാര വര്‍ധനവിനെ തുടര്‍ന്ന് നാല് വര്‍ഷത്തില്‍ പരിധി ഉയര്‍ത്താനാണ് തീരുമാനിച്ചിരുന്നത്. 1993ല്‍ ഇത് ഒരു ലക്ഷവും 2004ല്‍ രണ്ടര ലക്ഷവുമായിരുന്നു പരിധി. മേല്‍ത്തട്ട് പരിധി നഗരത്തില്‍ പന്ത്രണ്ട് ലക്ഷവും ഗ്രാമത്തില്‍ ഒമ്പത് ലക്ഷം രൂപയുമാക്കണമെന്നായിരുന്നു ന്യൂനപക്ഷ ക്ഷേമ കമ്മീഷന്റെ നിര്‍ദേശം.
തൊഴില്‍, വിദ്യാഭ്യാസം മേഖലയിലാണ് സംവരണം ബാധകമാകുക. പരിധി ഉയര്‍ത്തുന്നത് രൂപയുടെ മൂല്യത്തകര്‍ച്ചക്കും പണപ്പെരുപ്പത്തിനും ഇടയാകുമെന്ന വാദം ന്യൂനപക്ഷ മന്ത്രിമാര്‍ തള്ളി. മാനവ വിഭവശേഷി മന്ത്രി പല്ലം രാജു, സാമൂഹിക നീതി മന്ത്രി കുമാരി ഷെല്‍ജ, സഹമന്ത്രി നാരായണ സ്വാമി എന്നിവരാണ് ഉപസമിതി അംഗങ്ങള്‍. മറ്റു പിന്നാക്ക വിഭാഗങ്ങളുടെ പട്ടികയിലേക്ക് കൂടുതല്‍ വിഭാഗങ്ങളെ ഉള്‍പ്പെടുത്തണമെന്ന ശിപാര്‍ശയും കേന്ദ്ര മന്ത്രിസഭയുടെ മുന്നിലുണ്ട്.
ഉപസമിതി തീരുമാനത്തിനെതിരെ വരും ദിവസങ്ങളില്‍ പ്രതിഷേധം ശക്തമാകും.

Latest