Connect with us

Ongoing News

കുറ്റകൃത്യങ്ങള്‍ പെരുകുന്നു; ശാസ്ത്രീയ പരിശോധനക്കുള്ള മാര്‍ഗങ്ങള്‍ അപര്യാപ്തം

Published

|

Last Updated

500_1182201247_32314288കണ്ണൂര്‍: സംസ്ഥാനത്ത് കുറ്റകൃത്യങ്ങളുടെ എണ്ണത്തില്‍ വലിയ വര്‍ധനയുണ്ടാകുമ്പോഴും ഫോറന്‍സിക് പരിശോധന ഉള്‍പ്പെടെയുള്ള മാര്‍ഗങ്ങള്‍ കുറഞ്ഞത് അന്വേഷണങ്ങളെ ബാധിക്കുന്നു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായാണ് വലിയ തോതില്‍ സംസ്ഥാനത്ത് കുറ്റകൃത്യങ്ങളുടെ തോത് വര്‍ധിച്ചു വരുന്നത്. സൈബര്‍-ഹൈടെക് കേസുകളിലുള്‍പ്പെടെ വലിയ അന്വേഷണം നടത്തേണ്ടതുണ്ടെങ്കിലും പലപ്പോഴും ആവശ്യമായ സംവിധാനങ്ങള്‍ ഇല്ലാത്തത് അന്വേഷണ വിഭാഗത്തെ വലക്കുന്നുണ്ട്. ശാസ്ത്രീയ പരിശോധനക്ക് ആവശ്യമായ ലാബുകള്‍ സംസ്ഥാനത്തില്ലാത്തതാണ് പോലീസിനെ പലപ്പോഴും കുഴക്കുന്നത്. ഫോറന്‍സിക് പരിശോധനക്ക് വേണ്ട ജീവനക്കാരുടെ എണ്ണത്തില്‍ പോലും വലിയ കുറവാണ് അനുഭവപ്പെടുന്നത്.
വിവിധ ജില്ലകളിലായി പരിശോധനക്ക് 400 പേര്‍ വേണ്ടിടത്ത് 100ല്‍ താഴെ പേര്‍ മാത്രമാണുള്ളത്. വര്‍ഷങ്ങളോളം പഴക്കമുള്ള 3,000ല്‍ പരം കേസുകള്‍ നിലവില്‍ ഫോറന്‍സിക് പരിശോധന കാത്ത് സംസ്ഥാനത്തുണ്ട്. വിവിധ മേഖലകളിലായി ഫോറന്‍സിക് ലാബുകള്‍ സജ്ജീകരിച്ചിട്ടുണ്ടെങ്കിലും തസ്തികകളുടെ എണ്ണം വര്‍ധിപ്പിക്കാത്തത് ഇവയുടെ പ്രവര്‍ത്തനം കാര്യക്ഷമമാകാതിരിക്കാന്‍ കാരണമായി. സംസ്ഥാനത്ത് സര്‍വകലാശാലകളില്‍ ഫോറന്‍സിക് ബിരുദാനന്തര ബിരുദ കോഴ്‌സ് നടത്താത്തതിനാല്‍ മറ്റ് സയന്‍സ് വിഷയങ്ങളില്‍ നിന്നുള്ളവരെയാണ് പി എസ് സി നിയമനത്തിന് പരിഗണിക്കാറുള്ളത്. ഇവരെ പരിശീലനത്തിനായി മറ്റ് സംസ്ഥാനങ്ങളിലേക്ക് അയക്കുകയാണ് പതിവ്. ഫോറന്‍സിക് സംഘത്തിനാവശ്യമായ വിദഗ്ധ പരിശീലനം ലഭിക്കാത്തതാണ് പല കേസുകളെയും ബാധിക്കുന്നതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
സംസ്ഥാന പോലീസിന്റെ കണക്ക് പ്രകാരം കഴിഞ്ഞ വര്‍ഷം മാത്രം 1,58,989 കുറ്റകൃത്യങ്ങളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കഴിഞ്ഞ നാല് വര്‍ഷത്തെ കണക്കുകളില്‍ നിന്ന് വലിയ വര്‍ധനയാണ് കുറ്റകൃത്യങ്ങളുടെ കാര്യത്തില്‍ ഉണ്ടായിട്ടുള്ളതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. 2008ല്‍ 362ഉം 2009ല്‍ 343ഉം കൊലപാതക കേസുകളാണ് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തിരുന്നതെങ്കില്‍ 2012 ആകുമ്പോഴേക്കും അത് 374 ആയി വര്‍ധിച്ചതായാണ് കണക്ക്. 2008 ല്‍ 568 ബലാത്സംഗ കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരുന്നതെങ്കില്‍ 2012ല്‍ അത് 1019 ആയി ഉയര്‍ന്നു. വിവിധ തരത്തിലുള്ള മോഷണങ്ങള്‍, സ്ത്രീ പീഡനങ്ങള്‍, സ്ത്രീധന മരണങ്ങള്‍ തുടങ്ങിയവയിലെല്ലാം വര്‍ധനയുണ്ടായിട്ടുണ്ട്. കുട്ടികള്‍ക്കെതിരെയുള്ള ചില കേസുകളുടെ എണ്ണത്തിന്റെ തോതും കഴിഞ്ഞ വര്‍ഷം ഉയര്‍ന്നു തന്നെയാണുള്ളത്.
സംസ്ഥാനത്തെ ഫോറന്‍സിക് ലാബുകളില്‍ കെട്ടിക്കിടക്കുന്നവയില്‍ 34 വര്‍ഷം വരെ പഴയ കേസുകളുമുണ്ട്. ക്രിമിനല്‍ നടപടിച്ചട്ടം സെഷന്‍ 193 പ്രകാരം പ്രതികള്‍ക്ക് ശിക്ഷ കിട്ടണമെങ്കില്‍ കെമിക്കല്‍ ലാബുകളില്‍ പരിശോധന നടത്തണം. 60 ശതമാനം ബലാത്സംഗ കേസുകളിലും വിചാരണ വൈകുന്നത് ഫോറന്‍സിക് പരിശോധനാ റിപ്പോര്‍ട്ടും മെഡിക്കല്‍ റിപ്പോര്‍ട്ടും വൈകുന്നതുകൊണ്ടാണ.് ബലാത്സംഗ കേസുകളില്‍ പരിശോധനാ സംവിധാനമുള്ള ഫോറന്‍സിക് ലാബുകള്‍ ഉള്ളത് അഞ്ച് ശതമാനം ആശുപത്രികളില്‍ മാത്രമാണ്.
അടിക്കടിയുള്ള ബലാത്സംഗ കേസുകളില്‍ ശരിയായ വൈദ്യപരിശോധന നടത്താന്‍ കഴിയാതെ പുതിയ സാഹചര്യത്തില്‍ പോലീസ് വിഷമിക്കുകയാണ്. പരിശോധനാ ഫലങ്ങള്‍ വേണ്ട സമയത്ത് ലഭ്യമാകാത്തതിനാല്‍ കോടതി നടപടിക്രമങ്ങളും നീണ്ടുപോകുകയാണ്.
നിലവില്‍ തിരുവനന്തപുരത്തും കോഴിക്കോട്ടും കൊച്ചിയിലുമാണ് ഫോറന്‍സിക് ലാബുകളുള്ളത്. പോലീസ് വകുപ്പിനുകീഴില്‍ തിരുവനന്തപുരത്തും കണ്ണൂരും ഫോറന്‍സിക് ലാബോറട്ടറികള്‍ ഉണ്ട്. അടിയന്തര സാഹചര്യം നേരിടാന്‍ എല്ലാ ജില്ലകളിലും മൊബൈല്‍ ഫോറന്‍സിക് ലാബുകള്‍ സ്ഥാപിക്കാന്‍ 2007ല്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതിനായി അഞ്ച് കോടി രൂപ ചെലവിട്ട് 14 വാഹനങ്ങളും അനുബന്ധ ഉപകരണങ്ങളും വാങ്ങി. എന്നാല്‍, ജീവനക്കാരെ നല്‍കാത്തതിനാല്‍ ഇവ പ്രവര്‍ത്തിക്കുന്നില്ല. ഒരു വര്‍ഷം രജിസ്റ്റര്‍ ചെയ്യുന്ന കേസുകളില്‍ പകുതിയിലധികം കേസുകള്‍ക്കും ഫോറന്‍സിക് പരിശോധന ആവശ്യമായി വരുന്നുണ്ട്. സംസ്ഥാനത്തെ ഫോറന്‍സിക് കെമിക്കല്‍ ലാബുകളിലായി ഒരു വര്‍ഷം പരമാവധി നടത്താവുന്നത് 10,000 പരിശോധനകളാണ്. പ്രതികള്‍ക്ക് ജാമ്യം കിട്ടാതിരിക്കാന്‍ 90 ദിവസം കൊണ്ട് പ്രധാന കേസുകളിലൊക്കെ പോലീസ് കുറ്റപത്രം സമര്‍പ്പിക്കാറുണ്ട്. ഫോറന്‍സിക് റിപ്പോര്‍ട്ട് പിന്നീട് നല്‍കുമെന്നറിയിച്ചാണ് ഇവ കോടതിയില്‍ സമര്‍പ്പിക്കുക. എന്നാല്‍, ശാസ്ത്രീയ തെളിവുകളായ ഫോറന്‍സിക് റിപ്പോര്‍ട്ട് വൈകുന്നത് വിചാരണയെ തന്നെയാണ് ബാധിക്കുന്നത്.

 

Latest