Connect with us

Kerala

വിദ്യാഭ്യാസ മന്ത്രിക്കും കാലിക്കറ്റ് വി സിക്കുമെതിരെ വിജിലന്‍സ് അന്വേഷണം

Published

|

Last Updated

തൃശൂര്‍: സര്‍വകലാശാലയുടെ ഭൂമി ഗവര്‍ണര്‍ക്ക് പാട്ടത്തിന് നല്‍കിയതായി രേഖയുണ്ടാക്കി എന്‍ സി സിക്ക് കൈമാറിയെന്ന ഹരജിയില്‍ കാലിക്കറ്റ് സര്‍വകലാശാല പ്രോ-ചാന്‍സലറായ വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുര്‍റബ്ബ്, വി സി. ഡോ. എം അബ്ദുല്‍ സലാം, രജിസ്ട്രാര്‍ ഡോ. പി പി മുഹമ്മദ്, എന്‍ സി സി ഓഫീസര്‍ കമാന്‍ഡിംഗ് കേണല്‍ കെ എന്‍ വിജയന്‍, ഡപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ സി സന്ദീപ് കുമാര്‍ എന്നിവര്‍ക്കെതിരെ തൃശൂര്‍ വിജിലന്‍സ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടു.

യൂനിവേഴ്‌സിറ്റി മുന്‍ രജിസ്ട്രാര്‍ ഡോ. ടി കെ നാരായണന്‍, അഡ്വ. എം സി ആശി മുഖേന നല്‍കിയ ഹരജിയിലാണ് വിജിലന്‍സ് ജഡ്ജി വി ഭാസ്‌കരന്റെ ഉത്തരവ്. 2013 ജൂലൈ 17 നുള്ളില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി മലപ്പുറം വിജിലന്‍സ് ഡി വൈ എസ് പിക്ക് നിര്‍ദേശം നല്‍കി. തീരുമാനമെടുത്ത സിന്‍ഡിക്കേറ്റിലെ മുഴുവന്‍ അംഗങ്ങളും കേസ്സില്‍ ഉര്‍പ്പെടുന്നു.
പാട്ടക്കരാര്‍ അനുസരിച്ച് സര്‍വകലാശാലയുടെ എട്ടേക്കര്‍ ഭൂമി പാട്ടത്തിനെടുത്തിരിക്കുന്നത് കേരള ഗവര്‍ണറും അദ്ദേഹത്തിന് വേണ്ടി കരാര്‍ ഒപ്പിട്ടിരിക്കുന്നത് എന്‍ സി സി ഡപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ സി സന്ദീപ് കുമാറുമാണ്. ചാന്‍സലര്‍ എന്ന നിലയില്‍ സര്‍വകലാശാലയുടെയും ജീവനക്കാരുടെയും സ്വത്ത് വകകളുടെയും പരമാധികാരിയായ ഗവര്‍ണറുടെ സ്വത്ത് പാട്ടത്തിന് നല്‍കി കരാറില്‍ ഏര്‍പ്പെടുവാന്‍ അദ്ദേഹത്തിന്റെ കീഴിലുള്ള രജിസ്ട്രാര്‍ക്ക് അധികാരമില്ലെന്നും ഗവര്‍ണര്‍ എന്‍ സി സിയുടെ മേലുദ്യോഗസ്ഥന്‍ അല്ലെന്നിരിക്കെ അദ്ദേഹത്തിന്റെ പേരില്‍ കരാറൊപ്പിട്ട് എന്‍ സി സി ഭൂമി കൈവശപ്പെടുത്തിയത് ദുരൂഹമാണെന്നും ഹരജിയില്‍ പറയുന്നു. യാതൊരു അനുമതിയോ അനുവാദമോ കൂടാതെയാണ് കരാര്‍ ഒപ്പിട്ടതെന്ന് സര്‍വകലാശാലയില്‍ നിന്നും ലഭിച്ച രേഖകള്‍ ഹാജരാക്കി ഹരജിക്കാരന്റെ അഭിഭാഷകന്‍ വാദിച്ചു.