Connect with us

Ongoing News

ചരിത്രം സൃഷ്ടിച്ച് ഇന്ത്യ

Published

|

Last Updated

മൊഹാലി: ഏകദിന ക്രിക്കറ്റിന്റെ ആവേശം ജനിപ്പിച്ച് മൊഹാലി ടെസ്റ്റില്‍ പതിനഞ്ച് പന്തുകള്‍ ശേഷിക്കെ ഇന്ത്യ ആറ് വിക്കറ്റിന് ജയം പിടിച്ചു. നാല് ടെസ്റ്റുകളടങ്ങിയ പരമ്പരയില്‍ 3-0ന് മുന്നിലെത്തി, ഇന്ത്യ പരമ്പര സ്വന്തമാക്കി. 81 വര്‍ഷത്തെ ടെസ്റ്റ് ചരിത്രത്തില്‍ ആദ്യമായാണ് ആസ്‌ത്രേലിയക്കെതിരായ പരമ്പരയില്‍ ഇന്ത്യ മൂന്ന് ടെസ്റ്റുകള്‍ ജയിക്കുന്നത്. മൊഹാലിയില്‍ പിറന്നത് ഇന്ത്യന്‍ ക്രിക്കറ്റിലെ വലിയൊരു ചരിത്രമുഹൂര്‍ത്തമായിരുന്നു. ആസ്‌ത്രേലിയയില്‍ മാസങ്ങള്‍ക്ക് മുമ്പ് 4-0ന് വൈറ്റ്‌വാഷ് ചെയ്യപ്പെട്ടതിലുള്ള നാണക്കേട് ഇന്ത്യ കുറച്ചു. ഡല്‍ഹിയിലെ അവസാന ടെസ്റ്റും ജയിച്ചാല്‍, പരമ്പര തൂത്തുവാരുക എന്നൊരു ചരിത്രനേട്ടവും ഓസീസിനെതിരെ ഇന്ത്യക്ക് ആഘോഷിക്കാം. ഒന്നാമിന്നിംഗ്‌സില്‍ 85 പന്തില്‍ സെഞ്ച്വറി നേടുകയും 174 പന്തില്‍ 187 റണ്‍സടിക്കുകയും ചെയ്ത്, മഴ കാരണം നഷ്ടപ്പെട്ട ഒരു ദിവസം പരിഹരിച്ച് ടെസ്റ്റില്‍ ഇന്ത്യക്ക് ആധിപത്യം നേടിക്കൊടുത്ത അരങ്ങേറ്റതാരം ശിഖര്‍ ധവാന്‍ കളിയിലെ താരമായി.
രണ്ടാമിന്നിംഗ്‌സില്‍ ആസ്‌ത്രേലിയയെ 223ന് ആള്‍ ഔട്ടാക്കിയ ഇന്ത്യക്ക് 133 റണ്‍സിന്റെ വിജയലക്ഷ്യം. മുരളി വിജയ്(26), ചേതേശ്വര്‍ പുജാര (28), വിരാട് കോഹ്‌ലി(34), സച്ചിന്‍ ടെണ്ടുല്‍ക്കര്‍ (21) എന്നിവര്‍ വേഗത്തില്‍ റണ്‍സടിക്കുന്നതിനിടെ പുറത്തായി. ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണി(18)യും രവീന്ദ്ര ജഡേജ(8)യും ഇന്ത്യയുടെ ജയം പൂര്‍ത്തിയാക്കി. മഴ കാരണം ഒരു ദിവസം നഷ്ടപ്പെട്ട ടെസ്റ്റില്‍ ശിഖര്‍ ധവാന്റെ വെടിക്കെട്ട് ബാറ്റിംഗാണ് ഇന്ത്യക്ക് മേല്‍ക്കൈ നേടിക്കൊടുത്തത്. ഒന്നാമിന്നിംഗ്‌സില്‍ ആസ്‌ത്രേലിയ 408ന് പുറത്തായപ്പോള്‍ ഇന്ത്യ 499 റണ്‍സടിച്ച് 99 റണ്‍സ് ലീഡ് സ്വന്തമാക്കിയിരുന്നു.
75ന് മൂന്ന് വിക്കറ്റ് എന്ന നിലയില്‍ ഇന്നലെ ബാറ്റിംഗ് പുനരാരംഭിച്ച ആസ്‌ത്രേലിയക്ക് പ്രഗ്യാന്‍ ഓജയും രവീന്ദ്ര ജഡേജയും ചേര്‍ന്ന് ഷോക്ക് നല്‍കി. നൈറ്റ് വാച്ച്മാനായെത്തിയ നഥാന്‍ ലിയോണ്‍ പതിനാല് റണ്‍സ് കൂടി ചേര്‍ക്കുമ്പോഴേക്കും പ്രഗ്യാന്‍ ഓജ പുറത്താക്കി. 48 പന്തുകള്‍ നേരിട്ട ലിയോണ്‍ ഓജയുടെ പന്തില്‍ ധോണിക്ക് ക്യാച്ചാവുകയായിരുന്നു. ലിയോണിന്റെ ഇന്നിംഗ്‌സില്‍ മൂന്ന് ബൗണ്ടറികളും ഉള്‍പ്പെടുന്നു. ടീം സ്‌കോര്‍ 89ന് നാല്. പരമ്പരയിലാദ്യമായി ഫോമിലേക്കുയര്‍ന്ന ഫില്‍ ഹ്യൂസിന് കൂട്ടായി ക്രീസിലേക്കെത്തിയത് ഓസീസ് ക്യാപ്റ്റന്‍ മൈക്കല്‍ ക്ലാര്‍ക്ക്. ഓസീസ് പതിയെ തകര്‍ച്ചയില്‍ നിന്ന് കരകയറുന്ന കാഴ്ച. ഇരുവരും ചേര്‍ന്ന് സ്‌കോര്‍ നൂറ് കടത്തി….നൂറ്റിപ്പത്ത് കടത്തി…..നൂറ്റി ഇരുപത് കടത്താനായില്ല. 119 ല്‍ മൈക്കല്‍ ക്ലാര്‍ക്ക് പുറത്ത്. ഒന്നാമിന്നിംഗ്‌സില്‍ ക്ലാര്‍ക്കിനെ പുറത്താക്കിയ രവീന്ദ്ര ജഡേജക്ക് തന്നെ ഇത്തവണയും വിക്കറ്റ്. ഒന്നാമിന്നിംഗ്‌സില്‍ നേരിട്ട ആദ്യ പന്തില്‍ ധോണി സ്റ്റംപ് ചെയ്ത്, ക്ലാര്‍ക്ക് ഗോള്‍ഡന്‍ ഡക്ക് ആയപ്പോള്‍ രണ്ടാമിന്നിംഗ്‌സില്‍ പതിനെട്ട് റണ്‍സെടുത്തു. 49 പന്തുകള്‍ നേരിട്ട ക്ലാര്‍ക്ക് മൂന്ന് ഫോറുകളും നേടി. ഫില്‍ ഹ്യൂസിന് കൂട്ടായി മോയിസസ് ഹെന്റികസ് എത്തി. നാല് റണ്‍സ് ചേര്‍ക്കുമ്പോഴേക്കും ഈ കൂട്ട് പിരിഞ്ഞു. 5ന് 199 എന്ന നിലയില്‍ നിന്ന് 6ന് 123 ലേക്ക് ഓസീസ് കൂപ്പുകുത്തി. ഫില്‍ ഹ്യൂസ് ആയിരുന്നു ആറാമനായി പുറത്തായത്. രവിചന്ദ്രന്‍ അശ്വിന്‍ വിക്കറ്റിന് മുന്നില്‍ കുടുക്കുകയായിരുന്നു. 147 പന്തില്‍ 69 റണ്‍സാണ് സമ്പാദ്യം. പതിനൊന്ന് ഫോറും ഒരു സിക്‌സറും ഇന്നിംഗ്‌സിന് മോടി കൂട്ടുന്നു. ഹെന്റികസ്-ബ്രാഡ് ഹാഡിന്‍ കൂട്ടുകെട്ടിന്റെ ആയൂസ് മൂന്ന് റണ്‍സ് മാത്രം. ഏഴാം വിക്കറ്റ് നഷ്ടമാകുമ്പോള്‍ സ്‌കോര്‍ 126. മടങ്ങിയത് ഹെന്റികസ്. ജഡേജക്ക് റിട്ടേണ്‍ ക്യാച്ച്. പന്ത് പന്തില്‍ രണ്ട് റണ്‍സാണ് നേടിയത്. പീറ്റര്‍ സിഡില്‍ പതിമൂന്ന് പന്തില്‍ ഒരു ഫോറും ഒരു സിക്‌സറുമടക്കം പതിമൂന്ന് റണ്‍സെടുത്തപ്പോള്‍ സ്‌കോര്‍ 143ല്‍. എട്ടാമനായി സിഡില്‍ പുറത്തായത് ഇതേ സ്‌കോറില്‍. ഓജ കുറ്റിയിളക്കി. ഒമ്പതാം വിക്കറ്റ് 179 ല്‍ വീണു. 72 പന്തില്‍ 30 റണ്‍സടിച്ച ബ്രാഡ് ഹാഡിനാണ് പുറത്തായത്. പത്താം വിക്കറ്റില്‍ മിച്ചല്‍ സ്റ്റാര്‍ചും ദോഹര്‍തിയും പോരാട്ടം കാഴ്ചവെച്ചു. 65 മിനുട്ട് നേരം ഇവര്‍ ക്രീസില്‍ ചെലവഴിച്ചു. 18.1 ഓവറായിരുന്നു ചെറുത്തുനില്‍പ്പ്. ഇവര്‍ പത്തോവര്‍ കൂടി പിടിച്ചു നിന്നിരുന്നെങ്കില്‍ ഇന്ത്യയുടെ ജയസാധ്യത മങ്ങുമായിരുന്നു. അവസാന വിക്കറ്റില്‍ 44 റണ്‍സാണ് ഓസീസ് നേടിയത്.
രണ്ടിന്നിംഗ്‌സിലുമായി ആറ് വിക്കറ്റുകള്‍ വീഴ്ത്തിയ രവീന്ദ്ര ജഡേജ മൈക്കല്‍ ക്ലാര്‍ക്കിനെ രണ്ടിന്നിംഗ്‌സിലും പുറത്താക്കി തന്റെ സ്ഥിരം ഇരയാക്കുന്ന കാഴ്ചയായിരുന്നു. കഴിഞ്ഞ ആറ് ഇന്നിംഗ്‌സില്‍ അഞ്ചിലും മൈക്കല്‍ ക്ലാര്‍ക്ക് പുറത്തായത് ജഡേജക്ക് മുന്നിലായിരുന്നു. രണ്ടാമിന്നിംഗ്‌സ് ആരംഭിച്ച ആസ്‌ത്രേലിയക്ക് പേസര്‍ ഭുവനേശ്വര്‍ കുമാര്‍ തുടരെ വീഴ്ത്തിയ മൂന്ന് വിക്കറ്റുകളാണ് പടുകുഴിയൊരുക്കിയത്. ഡേവിഡ് വാര്‍ണര്‍(2), എഡ് കോവന്‍ (8), സ്റ്റീവന്‍ സ്മിത് (5) എന്നിവരെയാണ് ഭുവനേശ്വര്‍ പുറത്താക്കിയത്. ഇന്നലെ ഭുവനേശ്വറിന് വിക്കറ്റെടുക്കാനായില്ല. സ്പിന്നര്‍മാര്‍ ഏഴ് വിക്കറ്റുകള്‍ പങ്കിട്ടപ്പോള്‍ ഇഷാന്ത് ശര്‍മക്ക് രണ്ടാമിന്നിംഗ്‌സില്‍ വിക്കറ്റില്ലാതായി. ഒന്നാമിന്നിംഗ്‌സില്‍ ശര്‍മ മൂന്ന് വിക്കറ്റെടുത്തിരുന്നു.
ലക്ഷ്യം തേടിയിറങ്ങിയ ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടമായത് 42ല്‍. 33 പന്തില്‍ 26 റണ്‍സെടുത്ത മുരളി വിജയിനെയാണ് ആദ്യം നഷ്ടമായത്. സ്‌കോര്‍ എഴുപതില്‍ രണ്ടാം വിക്കറ്റ്. ചേതേശ്വര്‍ പുജാരയാണ് പുറത്തായത്. പുജാരയുടെ 28 റണ്‍സ് 51 പന്തിലായിരുന്നു. കോഹ്‌ലിക്കൊപ്പം സച്ചിനെത്തിയതോടെ റണ്ണൊഴുകി. 23 പന്തുകളിലായിരുന്നു സച്ചിന്‍ 21 റണ്‍സടിച്ചത്. രണ്ട് ബൗണ്ടറികള്‍ മാത്രമടങ്ങിയ സ്‌കോറിംഗില്‍ ഡബിള്‍സും സിംഗിള്‍സും നിറഞ്ഞു. ഇത് ബൗളര്‍മാരുടെ ആത്മവിശ്വാസം തകര്‍ത്തു. ഇതിനിടെ മൂന്നാം വിക്കറ്റ് 103 ല്‍ നഷ്ടമായി.61 പന്തില്‍ 34 റണ്‍സടിച്ച വിരാട് കോഹ്‌ലിയെയാണ് നഷ്ടമായത്.
സച്ചിനെ ഡേവിഡ് വാര്‍ണര്‍ റണ്ണൗട്ടാക്കുകയായിരുന്നു. തകര്‍പ്പന്‍ ഫോമിലായിരുന്ന സച്ചിന്റെ പുറത്താകല്‍ ഇന്ത്യക്ക് ചെറിയൊരു ക്ഷീണമായി. നാലിന് 116 എന്ന നിലയിലായി സച്ചിന്റെ പുറത്താകലോടെ. ധോണിയും ജഡേജയും അതിവേഗത്തില്‍ ലക്ഷ്യത്തിലേക്ക് നീങ്ങി. ഇന്ത്യ ആസ്‌ത്രേലിയക്കെതിരെ ചരിത്രം സൃഷ്ടിച്ചു – പരമ്പരയില്‍ തുടരെ മൂന്നാം ജയം, ബോര്‍ഡര്‍ ഗാവസ്‌കര്‍ ട്രോഫി സ്വന്തം. ഇത് അഞ്ചാം തവണയാണ് ഇന്ത്യ ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫി നേടുന്നത്.

---- facebook comment plugin here -----

Latest