Connect with us

National

സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം: പ്രായ പരിധി പതിനെട്ടായി തുടരും

Published

|

Last Updated

ന്യൂഡല്‍ഹി: ഉഭയ സമ്മതത്തോടെയുള്ള ലൈംഗികബന്ധത്തിനുള്ള പ്രായപരിധി 18ല്‍ നിന്ന് 16 ആക്കാനുള്ള തീരുമാനം സര്‍ക്കാര്‍ ഉപേക്ഷിച്ചു. ഇന്നലെ ചേര്‍ന്ന സര്‍വകക്ഷി യോഗത്തില്‍ ഇതുസംബന്ധിച്ച് സമവായമായിരുന്നു. ബില്‍ ഇന്ന് പാര്‍ലിമെന്റില്‍ വെക്കാനിരിക്കെയാണ് വിഷയത്തില്‍ സമവായം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ സര്‍വകക്ഷി യോഗം വിളിച്ചത്. പ്രായപരിധി കുറക്കുന്നത് സംബന്ധിച്ച തര്‍ക്കം മൂലം ആദ്യഘട്ട ചര്‍ച്ചയില്‍ സമവായമായിരുന്നില്ല.

ബില്ലിലെ വ്യവസ്ഥകള്‍ക്കെതിരെ സമാജ്‌വാദി പാര്‍ട്ടി രംഗത്തു വന്നിരുന്നു. ബി ജെ പി അടക്കമുള്ള പാര്‍ട്ടികളും സമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തിനുള്ള പ്രായപരിധി കുറച്ചതിനെ എതിര്‍ത്തു.
ഉഭയ സമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തിനുള്ള പ്രായം 18 ല്‍ നിന്ന് 16 ആക്കുന്നതിന് മന്ത്രിസഭാ ഉപസമിതി അംഗീകാരം നല്‍കിയിരുന്നു. ഒളിഞ്ഞുനോട്ടവും സ്ത്രീകളെ പിന്നാലെ നടന്ന് ശല്യം ചെയ്യലും ജാമ്യമില്ലാ കുറ്റമാക്കാനും സമിതി ശിപാര്‍ശ ചെയ്തിരുന്നു. മന്ത്രിസഭ ബില്‍ അംഗീകരിക്കുകയും ചെയ്തു. ലൈംഗികാതിക്രമം എന്ന വാക്കിന് പകരം ബലാത്സംഗം എന്ന് തന്നെ ഉപയോഗിക്കാനും തീരുമാനമായി.
വര്‍മ കമ്മിറ്റി റിപ്പോര്‍ട്ടിനെ തുടര്‍ന്ന് കൊണ്ടുവന്ന സ്ത്രീ സുരക്ഷാ ഓര്‍ഡിനന്‍സിന്റെ കാലാവധി ഈമാസം 22ന് അവസാനിക്കുകയാണ്. അതിനുമുമ്പ് പുതിയ നിയമം കൊണ്ടുവരാനുള്ള തീവ്ര ശ്രമത്തിലാണ് സര്‍ക്കാര്‍.