Connect with us

Sports

ഐ ലീഗ്: ചര്‍ച്ചില്‍ ഒന്നാം സ്ഥാനത്ത്‌

Published

|

Last Updated

മപോസ: എയര്‍ ഇന്ത്യയെ മടക്കമില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ച് ചര്‍ച്ചില്‍ ബ്രദേഴ്‌സ് ഐ ലീഗില്‍ ഒന്നാം സ്ഥാനത്തേക്കുയര്‍ന്നു. ടേബിളില്‍ 42 പോയിന്റോടെയാണ് ചര്‍ച്ചില്‍ മുന്നിട്ട് നില്‍ക്കുന്നത്. 40 പോയിന്റോടെ കൊല്‍ക്കത്ത ക്ലബ്ബ് ഈസ്റ്റ്ബംഗാള്‍ പിറകിലുണ്ട്. ചര്‍ച്ചിലിനെക്കാള്‍ ഒരു മത്സരം കുറച്ചു കളിച്ച ഈസ്റ്റ്ബംഗാളിന് ഒന്നാം സ്ഥാനം തിരിച്ചുപിടിക്കാന്‍ അടുത്ത മത്സരം ജയിച്ചാല്‍ മതി. ഗാബോണ്‍ സ്‌ട്രൈക്കര്‍ ഹെന്റി അര്‍നൗഡ് ഇരട്ടഗോളുകള്‍ നേടിയപ്പോള്‍ ബ്രസീലിയന്‍ താരം റോബര്‍ട്ടോ മെന്‍ഡസ് ഡ സില്‍വയാണ് മറ്റൊരു സ്‌കോറര്‍.
ഏഴാം മിനുട്ടില്‍ റോബര്‍ട്ടോ മെന്‍ഡസ് ഡ സില്‍വ പെനാല്‍റ്റി ഗോളില്‍ ചര്‍ച്ചിലിന് ലീഡ് നേടി. സ്റ്റീവന്‍ ഡയസിനെ എയര്‍ ഇന്ത്യ ഡിഫന്‍ഡര്‍ എം പ്രദീപ് വീഴ്ത്തിയതിനെ തുടര്‍ന്നാണ് പെനാല്‍റ്റി അനുവദിച്ചത്. ബിനീഷ് ബാലന്‍ ബോക്‌സിനകത്തേക്ക് നല്‍കിയ ക്രോസ് ബോള്‍ ഡയസ് സ്വീകരിച്ച് മുന്നേറാനൊരുങ്ങുമ്പോഴാണ് പ്രദീപിന്റെ ടാക്ലിംഗ്. കിക്കെടുത്ത ബ്രസീലിയന്‍ താരം അനായാസം പന്ത് വലയിലെത്തിച്ചു.
ഇരുപത്തിരണ്ടാം മിനുട്ടിലാണ് രണ്ടാം ഗോള്‍. ലെന്നി റോഡ്രിഗസിന്റെ ത്രൂ പാസ് എയര്‍ ഇന്ത്യ പ്രതിരോധനിരയിലെ വിടവിലൂടെ ഹെന്റിയിലേക്ക്. ഗോള്‍ കീപ്പര്‍ക്ക് അവസരം നല്‍കാതെ മറ്റൊരു അനായാസ ഗോളില്‍ ചര്‍ച്ചില്‍ മത്സരത്തില്‍ ആധിപത്യം സ്ഥാപിച്ചു.
രണ്ടാം പകുതിയിലായിരുന്നു ഹെന്റിയുടെ രണ്ടാം ഗോള്‍. എയര്‍ ഇന്ത്യ ഗോള്‍ കീപ്പര്‍ സുഖ്‌വീന്ദര്‍ സിംഗിനും പ്രതിരോധത്തിലെ രാഹുല്‍ ബെകെക്കും സംഭവിച്ച പിഴവിലായിരുന്നു മൂന്നാം ഗോള്‍. ബാക് പാസ് സ്വീകരിക്കാന്‍ സുഖ്‌വീന്ദര്‍ അമാന്തിച്ചു നിന്നപ്പോള്‍ ഗാബോണീസ് സ്‌ട്രൈക്കര്‍ പന്ത് കൊത്തിയെടുത്ത് വലയിലിട്ടു. എയര്‍ ഇന്ത്യ നിരവധി അവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും ഫിനിഷിംഗിലെ അപാകത തിരിച്ചടിയായി.
നൈജീരിയന്‍ സ്‌ട്രൈക്കര്‍ ഹെന്റി എസെക്ക് രണ്ട് ക്ലിയര്‍ ചാന്‍സുകള്‍ ലഭിച്ചു. രണ്ട് ഷോട്ടും നേരെ ഗോളി സന്ദീപ് നന്ദിയുടെ ദേഹത്തേക്കായിരുന്നു. മിക്കി ഫെര്‍നാണ്ടസിന് ലഭിച്ച ഫ്രീകിക്കുകളും ലക്ഷ്യം കണ്ടില്ല.
ചര്‍ച്ചിലിന്റെ അടുത്ത മത്സരം ഡല്‍ഹിയില്‍ ഒ എന്‍ ജി സിക്കെതിരെ.

ഇന്ന് സാല്‍ഗോക്കര്‍-സ്‌പോര്‍ട്ടിംഗ്
ഐ ലീഗിലെ നാല്‍പത് ദിവസത്തെ വിശ്രമത്തിന് ശേഷം മത്സരലോകത്ത് വിജയത്തുടക്കമിടാമെന്ന കണക്ക്കൂട്ടലിലാണ് സാല്‍ഗോക്കര്‍ ഇന്ന് സ്‌പോര്‍ട്ടിംഗ്.
തുടരെ മൂന്ന് ജയങ്ങള്‍ നേടിയതിന്റെ ആത്മവിശ്വാസത്തിലാണ് സ്‌പോര്‍ട്ടിംഗ് ഇറങ്ങുന്നത്. സാല്‍ഗോക്കര്‍, ചര്‍ച്ചില്‍ ബ്രദേഴ്‌സ്, പൈലന്‍ ആരോസ് ക്ലബ്ബുകളെയാണ് സ്‌പോര്‍ട്ടിംഗ് അവസാനം കളിച്ച മൂന്ന് മത്സരങ്ങളില്‍ തോല്‍പ്പിച്ചത്. ലീഗില്‍ ഒന്നാംസ്ഥാനത്ത് നില്‍ക്കുന്ന ചര്‍ച്ചിലിനെവീഴ്ത്താനായതാണ് സ്‌പോര്‍ട്ടിംഗിന് ആത്മവിശ്വാസമേകുന്നത്. ലീഗിലെ ആദ്യ പാദത്തില്‍ സാല്‍ഗോക്കറിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചിരുന്നു സ്‌പോര്‍ട്ടിംഗ്. ആ മത്സരം നല്ല ഓര്‍മകളല്ല സാല്‍ഗോക്കറിന് സമ്മാനിക്കുന്നത്. രാഹുല്‍ കുമാര്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായതിന് പിന്നാലെയാണ് സാല്‍ഗോക്കര്‍ രണ്ട് ഗോളിന് തോല്‍ക്കുന്നത്.
പത്തൊമ്പതാം റൗണ്ട് മത്സരങ്ങളിലേക്ക് കടക്കുമ്പോള്‍ മുന്‍ ചാമ്പ്യന്‍മാരായ സാല്‍ഗോക്കര്‍ ഫോം കണ്ടെത്താനാകാതെ വിഷമിക്കുകയാണ്. റെലഗേഷന്‍ സോണിലേക്ക് എപ്പോഴും വീഴാം. എന്നാല്‍, ബ്രേക്ക് ലഭിച്ചത് ഗുണം ചെയ്യുമെന്നാണ് സാല്‍ഗോക്കറിന്റെ ടെക്‌നിക്കല്‍ ഡയറക്ടര്‍ പീറ്റര്‍ വാല്‍സിന്റെ വിശ്വാസം. ടീമിന്റെ ക്യാപ്റ്റനായ ബ്രസീല്‍ താരം ലൂസിയാനോ സബ്രോസ, രാഹുല്‍ കുമാര്‍, ഫ്രാന്‍സിസ് ഫെര്‍നാണ്ടസ് എന്നിവര്‍ പരുക്കില്‍ നിന്ന് പൂര്‍ണമായും മുക്തി നേടിയത് സാല്‍ഗോക്കറിന് പ്രതീക്ഷ നല്‍കുന്നു. ഫുള്‍ സ്‌ക്വാഡിനെ ലഭിക്കുന്നത് ടീമിന് ഗുണം ചെയ്യും-വാലെസ് വലിയ പ്രതീക്ഷയോടെ ഇന്നത്തെ മത്സരത്തെ കാണുന്നത്.
ഇന്ന് മോഹന്‍ ബഗാന്‍-പൂനെ എഫ് സി മത്സരവുമുണ്ട്.

 

Latest