Connect with us

Kerala

ടൈറ്റാനിയം കേസ്: ഉമ്മന്‍ ചാണ്ടിയെയും ചെന്നിത്തലയെയും ഒഴിവാക്കി വിജിലന്‍സ് റിപ്പോര്‍ട്ട്‌

Published

|

Last Updated

തിരുവനന്തപുരം: ടൈറ്റാനിയം കേസില്‍ കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തലയും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ഉള്‍പ്പെടെയുള്ളവര്‍ അഴിമതി നടത്തിയതിന് തെളിവില്ലെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട്. തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ വിജിലന്‍സ് വിഭാഗം സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കേസിലെ നിര്‍ണായക സാക്ഷിയായ മുന്‍ മന്ത്രി കെ കെ രാമചന്ദ്രന്റെ മൊഴി അന്വേഷണ സംഘം റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടില്ല. രാവിലെ 11 മണിയോടെയാണ് അന്വേഷണ സംഘം കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. എന്നാല്‍ ജഡ്ജി ഇല്ലാത്തതിനാല്‍ തിരുവനന്തപുരം വിജിലന്‍സ് കോടതിയുടെ ചുമതലയുള്ള കോട്ടയം കോടതിയിലേക്ക് തുടര്‍ നടപടിക്കായി റിപ്പോര്‍ട്ട് കൈമാറി.

കഴിഞ്ഞ യു ഡി എഫ് സര്‍ക്കാറിന്റെ കാലത്ത് ട്രാവന്‍കൂര്‍ ടൈറ്റാനിയം ലിമിറ്റഡില്‍ മലിനീകരണ പ്ലാന്റ് നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ട് അഴിമതി നടന്നുവെന്നായിരുന്നു ആരോപണം. 256 കോടിയുടെ അഴിമതി നടന്നതായാണ് കേസ്. അഴിമതി അന്വേഷിക്കാന്‍ 2006ലാണ് തിരുവനന്തപുരം വിജിലന്‍സ് കോടതി ഉത്തരവിട്ടത്.
അഞ്ച് വര്‍ഷം കഴിഞ്ഞിട്ടും അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്തത് ചോദ്യം ചെയ്ത് ടൈറ്റാനിയം മുന്‍ ജീവനക്കാരനായ ജയന്‍ 2011ല്‍ വിജിലന്‍സ് കോടതിയെ സമീപിക്കുകയായിരുന്നു. ജയന്റെ കൈവശമുള്ള തെളിവുകള്‍ അന്വേഷണ ഉദ്യോഗസ്ഥന് കൈമാറാന്‍ കോടതി നിര്‍ദേശിച്ചു. എന്നാല്‍ ആറു മാസം കഴിഞ്ഞിട്ടും പരാതിക്കാരന്റെ മൊഴിയെടുക്കാന്‍ പോലും അന്വേഷണ ഉദ്യോഗസ്ഥന്‍ തയ്യാറായില്ല. തുടര്‍ന്ന് അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി ഉത്തരവിടുകയായിരുന്നു. ആറ് തവണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിജിലന്‍സ് വിഭാഗം കോടതിയില്‍ കൂടുതല്‍ സമയമാവശ്യപ്പെട്ടു. ഇതിനെ തുടര്‍ന്ന് കോടതി അന്ത്യശാസനം നല്‍കി ഒരുമാസത്തെ സമയമനുവദിച്ചു.
ഈ കാലാവധി അവസാനിച്ചപ്പോള്‍ റിപ്പോര്‍ട്ട് തയ്യാറായിട്ടുണ്ടെന്നും എസ് പിയുടെ പരിശോധനക്കായി അയച്ചിരിക്കുകയാണെന്നും വിജിലന്‍സ് വിഭാഗം കോടതിയില്‍ അറിയിച്ചു. ഇതിനെത്തുടര്‍ന്ന് കോടതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ 14 ദിവസത്തെ സമയം കൂടി അനുവദിക്കുകയായിരുന്നു. ഈ സമയ പരിധി അവസാനിച്ചതോടെയാണ് ഇന്നലെ വിജിലന്‍സ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.