Connect with us

National

മുംബൈ സ്‌ഫോടനം: സഞ്ജയ് ദത്തിന് അഞ്ച് വര്‍ഷം തടവ്

Published

|

Last Updated

Sanjay_Dutt_295x200

  • യാക്കൂബ് മേമന്റെ വധശിക്ഷ ശരിവെച്ചു
  • പത്ത് പേരുടെ വധശിക്ഷ ജീവപര്യന്തമാക്കി
  • 17 പേര്‍ക്ക് ജീവപര്യന്തം

1993ലെ മുംബൈ സ്‌ഫോടനക്കേസിലെ മുഖ്യപ്രതി യഅ്കൂബ് മേമന്റെ വധശിക്ഷ സുപ്രീം കോടതി ശരിവെച്ചു. കേസിലെ പ്രതിയും പ്രമുഖ ബോളിവുഡ് താരവുമായ സഞ്ജയ് ദത്തിന് അഞ്ച് വര്‍ഷം തടവ് വിധിച്ചു. വിചാരണ കോടതിയുടെ വിധിയാണ് സുപ്രീം കോടതി ശരിവെച്ചത്. മറ്റു പത്ത് പ്രതികളുടെ വധശിക്ഷ ജീവപര്യന്തമായി കുറച്ചു. 16 പ്രതികളുടെ ജീവപര്യന്തം കോടതി ശരിവെച്ചു. ഒന്നര വര്‍ഷം തടവില്‍ കഴിഞ്ഞതിനാല്‍ ദത്ത് ഇനി മൂന്നര വര്‍ഷം കൂടി ശിക്ഷ അനുഭവിച്ചാല്‍ മതിയാകും. നാലാഴ്ചക്കകം കീഴടങ്ങണമെന്നും കോടതി ഉത്തരവിട്ടു.
ആയുധ നിയമ പ്രകാരമാണ് സഞ്ജയ് ദത്തിന്റെ ശിക്ഷ. നേരത്തെ ടാഡ കോടതി ആറ് വര്‍ഷമാണ് ശിക്ഷ വിധിച്ചിരുന്നത്. എന്നാല്‍, ഇത് അഞ്ച് വര്‍ഷമായി കുറച്ചുകൊണ്ടാണ് സുപ്രീം കോടതി ഉത്തരവ്. 1994 മുതല്‍ ജയിലിലാണ് യഅ്കൂബ് മേമന്‍. എച്ച് ഐ വി ബാധിതനായ പതിനഞ്ചാം പ്രതി ശിക്ഷ അനുഭവിക്കേണ്ടതില്ല. 2007 ജൂലൈയിലാണ് ഒമ്പത് എം എം പിസ്റ്റളും എ കെ 56 റൈഫിളും കൈവശം വെച്ചതിന് സഞ്ജയ് ദത്തിനെ കേസില്‍ പ്രതിചേര്‍ത്തത്. ആറ് വര്‍ഷത്തേക്ക് തടവിന് ശിക്ഷിച്ച ദത്ത് 18 മാസം തടവില്‍ കഴിഞ്ഞതിന് ശേഷം 2007ല്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കുകയും കോടതി ദത്തിന് ജാമ്യം അനുവദിക്കുകയും ചെയ്തു.
കുറ്റകൃത്യത്തിന്റെ ഗൗരവം കണക്കിലെടുത്ത് ദത്തിന്റെ ശിക്ഷ ഒഴിവാക്കാനാകില്ലെന്ന് കോടതി പറഞ്ഞു. അധോലോക നേതാവ് അബൂ സലീമിന്റെ പരിചയക്കാരനാണ് ആയുധങ്ങള്‍ നല്‍കിയതെന്നും തനിക്ക് നേരിട്ട് പങ്കില്ലെന്നുമുള്ള ദത്തിന്റെ വാദങ്ങള്‍ കോടതി തള്ളി. സ്‌ഫോടനം ആസൂത്രണം ചെയ്യുകയും ആയുധങ്ങള്‍ എത്തിക്കുകയും ചെയ്ത യഅ്കൂബ് മേമനാണ് സംഭവത്തിന്റെ ചാലകശക്തിയെന്ന് കോടതി പറഞ്ഞു. കേസ് അനന്തമായി നീണ്ടുപോയത് കണക്കിലെടുത്താണ് പത്ത് പ്രതികളുടെ വധശിക്ഷ ജീവപര്യന്തമായി കുറച്ചത്.
മുംബൈ സ്‌ഫോടനക്കേസില്‍ പാക്കിസ്ഥാന്റെ പങ്ക് വ്യക്തമെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. പാക്കിസ്ഥാന്‍ അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിച്ചു. തീവ്രവാദികള്‍ക്ക് പാക്കിസ്ഥാനില്‍ പരിശീലനം ലഭിച്ചതായും കോടതി പറഞ്ഞു. ജസ്റ്റിസുമാരായ ബി സദാശിവം, ബി എസ് ചവാന്‍ എന്നിവരുള്‍പ്പെട്ട ബഞ്ചാണ് വിധി പുറപ്പെടുവിച്ചത്.
വിധി അംഗീകരിക്കുന്നതായും നിയമത്തില്‍ വിശ്വാസമുണ്ടെന്നും സഞ്ജയ് ദത്ത് പ്രതികരിച്ചു.
1993 മാര്‍ച്ച് 12 നാണ് 257 പേരുടെ മരണത്തിനിടയാക്കിയ 12 സ്‌ഫോടനങ്ങള്‍ മുംബൈയിലുണ്ടായത്. 713 പേര്‍ക്ക് പരുക്കേല്‍ക്കുകയും 27 കോടി രൂപയുടെ നാശനഷ്ടമുണ്ടാവുകയും ചെയ്തു.