Connect with us

Malappuram

പൊന്നാനിയില്‍ കടല്‍ ഭിത്തി നിര്‍മാണത്തിന് അനുമതി

Published

|

Last Updated

Bund to hold out the seaപൊന്നാനി: പുതുപൊന്നാനി മേഖലയില്‍ കടല്‍ഭിത്തി നിര്‍മിക്കാന്‍ സംസ്ഥാന മന്ത്രിസഭയുടെ പ്രത്യേകാനുമതി. എം എല്‍ എ പി ശ്രീരാമകൃഷ്ണന് ഇന്നലെ രാവിലെ മുഖ്യമന്ത്രി ഇതു സംബന്ധിച്ച് ഉറപ്പ് നല്‍കിയിരുന്നു. ഇന്നലെ വൈകുന്നേരം അഞ്ച് മണിക്ക് ചേര്‍ന്ന പതിവ് ക്യാബിനറ്റ് യോഗം അവസാനിച്ച ഉടന്‍ രാത്രി ഒമ്പത് മണിയോടെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി എം എല്‍ എ പി ശ്രീരാമകൃഷ്ണനെ ഫോണില്‍ വിളിച്ചാണ് ഇക്കാര്യം അറിയിച്ചത്.
പൊന്നാനി അബൂഹുറൈറ പളളി മുതല്‍ പുതുപൊന്നാനി ജാറം വരെ കടല്‍ ഭിത്തിയില്ലാത്ത മേഖലയില്‍ ഭിത്തി നിര്‍മിക്കാന്‍ പ്രത്യേകാനുമതി വേണമെന്ന് ആവശ്യപ്പെട്ട് വിവിധ സംഘടനകള്‍ സമരരംഗത്തായിരുന്നു.
ഈ മേഖലയില്‍ 845 മീറ്റര്‍ കടല്‍ ഭിത്തി നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ട് ബജറ്റില്‍ ആവശ്യമായ തുക നീക്കിവെച്ചിരുന്നില്ല. എം എല്‍ എ യുടെ അഭ്യര്‍ത്ഥന മാനിച്ച് ഭരണാനുമതി ലഭിക്കാത്ത പ്രവൃത്തികളുടെ കൂട്ടത്തില്‍ (വോളിയം രണ്ട്) ഉള്‍പ്പെടുത്തിയിരുന്നു. ഇത് ബജറ്റില്‍ ഉള്‍പ്പെടുത്തണമെന്നും ഉടന്‍ ഭരണാനുമതി നല്‍കണമെന്നും ടെന്‍ഡര്‍ നടപടികള്‍ ആരംഭിക്കണമെന്നും ആവശ്യപ്പെട്ട് ഇന്നലെയാണ് ധനകാര്യ മന്ത്രിയെയും മുഖ്യമന്ത്രിയെയും എം എല്‍ എ കണ്ടത്.
ഇതേ ആവശ്യം ഉന്നയിച്ച് മൂന്ന് തവണ നിയമസഭയില്‍ സബ്മിഷന്‍ കൊണ്ടുവന്ന എം എല്‍ എ അഞ്ച് തവണയാണ് രേഖാമൂലം മന്ത്രിമാര്‍ക്കും കത്ത് നല്‍കിയത്.
കെ പി സി സി സെക്രട്ടറി പി ടി അജയ്‌മോഹന്‍ ഉള്‍പ്പെടെയുളള യു ഡി എഫ് നേതാക്കളുമായി ഒന്നിച്ച് മുഖ്യമന്ത്രിയെ കാണുകയുണ്ടായി. ബജറ്റ് രേഖകളില്‍ പണമനുവദിക്കുമെന്നായിരുന്നു പ്രതീക്ഷ. ഈ ആവശ്യവുമായിയൂത്ത് ലീഗ് അനിശ്ചിതകാല സത്യാഗ്രഹം ആരംഭിക്കുകയും ചെയ്തിരുന്നു.
തീരദേശത്തിന്റെ വികസനം സംബന്ധിച്ച് യോജിച്ച നീക്കം നടക്കുന്നതിനിടയില്‍ പൊന്നാനിയിലെ ഒരു സ്വതന്ത്ര കൗണ്‍സിലറുടെ കെണിയില്‍ പെട്ട് ഒരു വിഭാഗം കടല്‍ ഭിത്തി സമരവുമായി രംഗത്തെത്തി സ്ഥിതിഗതികള്‍ വഷളാക്കിയതാണ് യൂത്ത് ലീഗിന്റെ സമരത്തിന് പ്രചോദനമായതെന്ന് ആരോപണമുണ്ട്.

Latest