Connect with us

Wayanad

ടീബോര്‍ഡിന്റെ പുതിയ നിര്‍ദേശം തോട്ടം ഉടമകള്‍ക്ക് തിരിച്ചടിയാകുന്നു

Published

|

Last Updated

ഗൂഡല്ലൂര്‍: പുനരുദ്ധാരണ കൃഷിനടത്താത്ത തോട്ടങ്ങളുടെ പാട്ടം റദ്ദാക്കണമെന്നുള്ള ടീബോര്‍ഡിന്റെ പുതിയ നിര്‍ദേശം തോട്ടം ഉടമകള്‍ക്ക് തിരിച്ചടിയാകുന്നു.
ടീബോര്‍ഡിന്റെ നിര്‍ദേശം നടപ്പിലായാല്‍ നീലഗിരി ജില്ലയിലെ 39,000 ഏക്കര്‍വരുന്ന തേയില തോട്ടങ്ങള്‍ കടുത്ത പ്രതിസന്ധിയിലാകും. വയനാട് ജില്ലയേയും ഇത് സാരമായി ബാധിക്കും. തോട്ടംമേഖലയെ മാത്രം ആശ്രയിച്ച് കഴിയുന്ന ഒരുലക്ഷത്തില്‍പ്പരം തൊഴിലാളികളെയും ഇത് കാര്യമായി ബാധിക്കും. താമസിക്കാന്‍ സ്വന്തമായി വീടുപോലുമില്ലാത്ത തൊഴിലാളികള്‍ ജോലി നഷ്ടപ്പെട്ടാല്‍ പിന്നെ ജീവിക്കാന്‍പോലും പറ്റാത്ത അവസ്ഥയിലാകും. എസ്റ്റേറ്റ് പാടികളില്‍ കഴിയുന്ന ഇവര്‍ പിന്നീട് വഴിയാധാരമായിപോകും. സ്വന്തമായി സ്ഥലമോ വീടോ ഇല്ലാത്ത പാവപ്പെട്ട തൊഴിലാളികളെ സംരക്ഷിക്കാന്‍ നന്നായി പ്രവര്‍ത്തിക്കുന്ന തോട്ടങ്ങളുടെ പാട്ടക്കാലാവധി പുതുക്കി നിശ്ചയിക്കണം. മഹാവീര്‍ പ്ലാന്റേഷന്‍ പോലോത്ത പ്രവര്‍ത്തനരഹിതമായ എസ്റ്റേറ്റുകള്‍ സര്‍ക്കാര്‍ ഏറ്റെടുത്ത് തൊഴിലാളികള്‍ക്ക് പതിച്ചുനല്‍കണം. തോട്ടങ്ങള്‍ നന്നാക്കുന്നതിന് സബ് സിഡിയോടെ ലഭ്യമാകുന്ന ഫണ്ടുകള്‍ പല തോട്ടമുടമകളും ഇന്ന് ദുരുപയോഗം ചെയ്യുന്നതായി പരാതി ഉയര്‍ന്നിട്ടുണ്ട്. അതേസമയം സര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന ടാന്‍ടി എസ്റ്റേറ്റിന്റെ പാട്ടകാലാവധി അവസാനിക്കാന്‍ ഇനി ഒരു വര്‍ഷം മാത്രമാണ് ശേഷിക്കുന്നത്. പ്രസ്തുത എസ്റ്റേറ്റില്‍ പത്തായിരം തൊഴിലാളികളാണ് ജോലി ചെയ്യുന്നത്.
ടീബോര്‍ഡിന്റെ പുതിയ നിര്‍ദേശത്തെ കല്‍ക്കത്തയില്‍ ഈമാസം 30ന് നടക്കുന്ന ബോര്‍ഡ് യോഗത്തില്‍ ശക്തമായി എതിര്‍ക്കുമെന്ന് ടീബോര്‍ഡ് മെമ്പര്‍ അഡ്വ. കോശി ബേബി അറിയിച്ചു. നീലഗിരി ജില്ലയില്‍ പാട്ടക്കാലാവധി കഴിഞ്ഞ തോട്ടങ്ങള്‍ സര്‍ക്കാര്‍ പാട്ടംപുതുക്കി നല്‍കിയിട്ടില്ല. 15 വര്‍ഷമായി പാട്ടക്കാലാവധി കഴിഞ്ഞ തോട്ടങ്ങള്‍ ജില്ലയിലുണ്ട്. പാട്ടക്കാലാവധി പുതുത്തി നല്‍കാത്തതിനാല്‍ നവീകരണ കൃഷിനടത്താന്‍ വനംവകുപ്പ് അനുവദിക്കാത്ത അവസ്ഥയാണുള്ളത്. തേയിലയുടെ ഗുണമേന്മ വര്‍ധിപ്പിക്കുന്നതിനായി ടീബോര്‍ഡിന്റെ നിര്‍ദേശമാണ് തോട്ടങ്ങള്‍ വര്‍ഷത്തില്‍ രണ്ട് ശതമാനം നവീകരണ കൃഷിനടത്തണമെന്നത്.
പാട്ടക്കാലാവധി കഴിഞ്ഞ തോട്ടങ്ങളില്‍ ഇത് സാധ്യമല്ല. ഉപയോഗിക്കാത്ത ഭൂമികള്‍ തൊഴിലാളികള്‍ക്ക് നല്‍കണമെന്നും ഇത്തരം ഭൂമികളില്‍ തൊഴിലാളികള്‍ക്ക് വീട് വെച്ച് നല്‍കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന ടീബോര്‍ഡിന്റെ നിര്‍ദേശം ശ്ലാഖനീയമാണ്.