Connect with us

Ongoing News

ശ്രീലങ്കക്കെതിരായ പ്രമേയം പാസായി

Published

|

Last Updated

ജനീവ: ശ്രീലങ്കയിലെ യുദ്ധക്കുറ്റങ്ങളില്‍ അന്താരാഷ്ട്ര അന്വേഷണം ആവശ്യപ്പെട്ട് യു എന്‍ മനുഷ്യാവകാശ സമിതിയില്‍ അമേരിക്കയുടെ നേതൃത്വത്തില്‍ കൊണ്ടുവന്ന പ്രമേയം പാസായി. പ്രമേയത്തെ അനുകൂലിച്ച ഇന്ത്യ പക്ഷേ, ഭേദഗതികളൊന്നും നിര്‍ദേശിച്ചില്ല. പാക്കിസ്ഥാന്‍ ഉള്‍പ്പെടെയുള്ള 13 രാജ്യങ്ങള്‍ പ്രമേയത്തെ ശക്തമായി എതിര്‍ത്തു. 13 നെതിരെ 25 വോട്ടുകള്‍ക്കാണ് പ്രമേയം പാസായത്. ജപ്പാനുള്‍പ്പെടെ എട്ട് രാജ്യങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു.
എല്‍ ടി ടി ഇക്കെതിരായ യുദ്ധസമയത്ത് മനുഷ്യാവകാശ ധ്വംസനം നടത്തിയെന്നാരോപിച്ചാണ് അമേരിക്ക പ്രമേയം അവതരിപ്പിച്ചത്. പ്രമേയത്തെ പിന്തുണച്ചെങ്കിലും ഏറെ മയപ്പെടുത്തിയ വാക്കുകളാണ് ഇന്ത്യ ഇതിനുവേണ്ടി ഉപയോഗിച്ചത്. സാധാരണ പൗരന്‍മാരുടെ ജീവന്‍ നഷ്ടപ്പെട്ടതിനെക്കുറിച്ചും മനുഷ്യാവകാശ ധ്വംസനത്തെക്കുറിച്ചും സ്വതന്ത്രവും വിശ്വാസയോഗ്യവുമായ അന്വേഷണം വേണമെന്ന് മാത്രമാണ് പ്രസംഗത്തിനിടെ ഇന്ത്യന്‍ പ്രതിനിധി ദിലീപ് സിന്‍ഹ പറഞ്ഞത്. പുനരധിവാസത്തിനുള്ള നടപടികളുമായി ശ്രീലങ്ക മുന്നോട്ടുപോകണമെന്ന് ആവശ്യപ്പെട്ട ഇന്ത്യ, ഇക്കാര്യത്തില്‍ ശ്രീലങ്ക ഉത്തരവാദിത്വം ഉറപ്പ് വരുത്തണമെന്നും പറഞ്ഞു.
തമിഴ് വംശജരുടെ പുനരധിവാസം സംബന്ധിച്ച് 2009 ല്‍ യു എന്‍ കൗണ്‍സിലില്‍ ശ്രീലങ്ക നല്‍കിയ ഉറപ്പ് പാലിക്കുന്നതില്‍ വേണ്ടത്ര പുരോഗതിയില്ലെന്നും ഈ ആശങ്ക ഇന്ത്യ കണക്കിലെടുക്കുന്നതായും ദിലീപ് സിന്‍ഹ പറഞ്ഞു.
ശ്രീലങ്കയിലെ ആഭ്യന്തര സംഘര്‍ഷത്തിന്റെ അന്തിമഘട്ടത്തില്‍ തമിഴ് വംശജര്‍ക്കെതിരെ കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ നടന്നതായുള്ള യു എന്‍ ഹ്യുമന്റൈറ്റസ് ഹൈകമ്മീഷനര്‍ നവനീതം പിള്ളയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പ്രമേയം കൊണ്ടുവന്നത്. പ്രമേയം ഒരിക്കലും അംഗീകരിക്കാനാകില്ലെന്ന് ശ്രീലങ്കന്‍ പ്രതിനിധി പറഞ്ഞു. കഴിഞ്ഞ ദിവസം ലങ്കന്‍ പാര്‍ലിമെന്റ് പ്രമേയം തള്ളിയിരുന്നു. ഏകപക്ഷീയവും രാഷ്ട്രീയപ്രേരിതവുമാണെന്ന പ്രസ്താവനയോടെയാണ് പാര്‍ലിമെന്റ് പ്രമേയം തള്ളിയത്.
അമേരിക്കന്‍ പ്രമേയത്തില്‍ ഭേദഗതി നിര്‍ദേശിക്കണമെന്ന ആവശ്യത്തില്‍ നിലപാട് വ്യക്തമാക്കാതിരുന്നതിനെ തുടര്‍ന്ന് ഡി എം കെ കഴിഞ്ഞ ദിവസം യു പി എ സര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിച്ചിരുന്നു. കേന്ദ്ര മന്ത്രിസഭയിലെ അഞ്ച് ഡി എം കെ അംഗങ്ങള്‍ പ്രധാനമന്ത്രിക്ക് രാജി നല്‍കുകയും ചെയ്തു. പ്രമേയത്തെ പിന്തുണക്കണമെന്നും ശ്രീലങ്കന്‍ അധികൃതര്‍ക്കെതിരെ നരഹത്യക്കുറ്റം ചുമത്തണമെന്നും ആവശ്യപ്പെട്ട് തമിഴ് രാഷ്ട്രീയ പാര്‍ട്ടികളുടെയും സംഘടനകളുടെയും ശക്തമായ സമ്മര്‍ദം കേന്ദ്ര സര്‍ക്കാറിന് മേലുണ്ടായിരുന്നു.