Connect with us

Kozhikode

വിസ്മയമായി കട്ടിലേരി നീരുറവ

Published

|

Last Updated

നരിക്കുനി: ചേളന്നൂര്‍ പഞ്ചായത്തിലെ പള്ളിപ്പൊയിലിലെ കട്ടിലേരി നീരുറവ വിസ്മയമാവുന്നു. പ്രകൃതി ചൂഷണങ്ങള്‍ക്കിടയില്‍ മറഞ്ഞു പോവുന്ന നീരുറവകളുടെ എണ്ണം വര്‍ധിക്കുമ്പോഴും നൂറുകണക്കിന് കുടുംബങ്ങള്‍ക്ക് ആശ്രയമായി നിലകൊള്ളുകയാണ് ഈ നീരുറവ. സഞ്ചാരികളെഏറെ ആകര്‍ഷിച്ചു വരുന്ന ഈ നീരുറവയാണ് കട്ടിലേരി മലയുടെ താഴ്‌വാരത്തെ നനക്കുന്നത്.
കട്ടിലേരിമലയിലെ പാറക്കൂട്ടങ്ങള്‍ക്കിടയില്‍ നിന്നാണ് ഈ നീരുറവയുടെ പ്രഭവ കേന്ദ്രം. പള്ളിപ്പൊയില്‍, ചേളന്നൂര്‍ തുടങ്ങിയ വിവിധ ഭാഗങ്ങളിലെ ഏക്കര്‍ കണക്കിന് കൃഷിയിടങ്ങളെയും ഈ നീരുറവയില്‍ നിന്നുള്ള വെള്ളം സമ്പുഷ്ടമാക്കുന്നു. സമീപത്തെ തോട്ടിലൂടെ പൂനൂര്‍ പുഴയിലാണ് ഈ നീരുറവ പതിക്കുന്നത്. അമ്പലപ്പാട് – പള്ളിപ്പൊയില്‍- പാലത്ത് റോഡിലൂടെ യാത്ര ചെയ്താല്‍ ഈ നീരുറവയുടെ സൗന്ദര്യവും ഗുണങ്ങളും ആസ്വദിക്കാനാവും.
കടുത്ത വേനലിലും ഈ നീരുറവയുടെ ശക്തി ഒട്ടും കുറയാറില്ല. ഓരോ മിനിറ്റിലും ഗ്യാലന്‍ കണക്കിന് വെള്ളമാണ് ഇവിടെ നിന്ന് ഉത്ഭവിക്കുന്നത്. നൂറുകണക്കിന് കുടുംബങ്ങളുടെ കുടിവെള്ളത്തിന്റെ സ്രോതസും കൂടിയാണിത്. കിണറുകളിലും മറ്റും ജലനിരപ്പ് താഴാതെ നിലനിര്‍്ത്തുന്നതിനും ഈ പ്രകൃതി ദത്ത നീരുറക്ക് പങ്കുണ്ട്. ഈ നീരുറവയുടെ തനിമ സംരക്ഷിക്കാനുള്ള നടപടികള്‍ അധികൃതരുടെ “ഭാഗത്ത് നിന്നുണ്ടാവണമെന്നാണ് നാട്ടുകാരുടെ ആവശ്യം. വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നതിന് ഇവിടെ ടൂറിസം വകുപ്പ് പദ്ധതി നടപ്പാക്കിയാല്‍ ചേളന്നൂര്‍ പഞ്ചായത്തിന് അത് വരുമാന മാര്‍ഗവുമാകും.

Latest