Connect with us

Kerala

കുഴല്‍ക്കിണറുകള്‍ കുടിവെള്ളം മുട്ടിക്കും; തടയാന്‍ മാര്‍ഗങ്ങളില്ല

Published

|

Last Updated

മലപ്പുറം:ജലം സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം ഓര്‍മിപ്പിച്ച് ഇന്ന് ലോക ജലദിനം. ഐക്യരാഷ്ട്ര സഭ ജലസഹകരണ വര്‍ഷമായിട്ടാണ് 2013നെ പ്രഖ്യാപിച്ചിട്ടുള്ളത്. കേരളം കടുത്ത വരള്‍ച്ചയിലേക്ക് നീങ്ങുമ്പോഴും സംസ്ഥാനത്ത് വ്യാപകമാകുന്ന അനധികൃത കുഴല്‍കിണര്‍ നിര്‍മാണം തടയാന്‍ മാര്‍ഗങ്ങളില്ല. ഇതിന് തടയിടാനുള്ള ശക്തമായ നിയമമില്ലാത്തതാണ് സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് അനുഗ്രഹമാകുന്നത്.

മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ വലിയ തോതിലുള്ള ജലക്ഷാമമാണ് സംസ്ഥാനം നേരിടാനിരിക്കുന്നതെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്. ജലസ്രോതസ്സുകളെല്ലാം നേരത്തെ വറ്റിവരണ്ടത് ഇതിന്റെ സൂചനയാണെന്ന് ഭൂഗര്‍ഭജല വകുപ്പ് അധികൃതര്‍ വിലയിരുത്തുന്നു. കഴിഞ്ഞ പത്ത് വര്‍ഷത്തെ കണക്കെടുക്കുമ്പോള്‍ ഇത്തവണ രണ്ട് മുതല്‍ എട്ട് മീറ്റര്‍ വരെ ജലനിരപ്പ് താഴ്ന്നിട്ടുണ്ട്. ഇത് റെക്കോര്‍ഡ് കുറവായിട്ടാണ് കണക്കാക്കുന്നത്. കുടിവെള്ള ക്ഷാമം രൂക്ഷമാകുന്നതിന് അനുസരിച്ച് സംസ്ഥാനത്ത് കുഴല്‍കിണര്‍ നിര്‍മാണം പതിന്‍മടങ്ങാണ് വര്‍ധിക്കുന്നത്. ഇത് ഭൂഗര്‍ഭജല നിരപ്പ് കുറയാന്‍ ഇടയാക്കുന്ന പ്രധാന കാരണങ്ങളിലൊന്നാണ്.
സ്വകാര്യ കമ്പനികള്‍ക്ക് കീഴിലാണ് കുഴല്‍കിണര്‍ നിര്‍മാണങ്ങളേറെയും നടക്കുന്നത് എന്നതിനാല്‍ ഇവയില്‍ മിക്കവയും അശാസ്ത്രീയമായി നിര്‍മിക്കപ്പെടുന്നവയാണ്. അശാസ്ത്രീയമായ നിര്‍മാണം കാരണം കുഴിക്കുന്നയാള്‍ക്ക് വെള്ളം ലഭിക്കാമെങ്കിലും സമീപത്തെ കിണറുകളെല്ലാം വറ്റുന്നതിന് കാരണമാകുന്നു. കിണര്‍ നിര്‍മിക്കുന്നതിന്റെ 15 ദിവസം മുമ്പെങ്കിലും ഭൂജല വകുപ്പില്‍ വിവരം അറിയിക്കണമെന്നാണ് സുപ്രീം കോടതി ഉത്തരവ്. എന്നാല്‍ മാര്‍ച്ചിന് ശേഷം കുഴല്‍ കിണര്‍ നിര്‍മാണത്തിന് അനുമതി ലഭിക്കില്ലെന്ന പ്രചാരണം നടത്തി വ്യാപകമായി കുഴല്‍ കിണര്‍ നിര്‍മാണം നടത്തുന്നതായും ആരോപണമുണ്ട്. എന്നാല്‍, ഇത്തരത്തിലുള്ള നിര്‍മാണം തടയുന്നതിനുള്ള നിയമം സംസ്ഥാനത്തില്ല.
കുഴല്‍കിണര്‍ നിര്‍മിക്കുന്ന സ്ഥലത്ത് ഏജന്‍സിയുടെയും സ്ഥലമുടമയുടെയും മേല്‍വിലാസം സ്ഥാപിച്ച ബോര്‍ഡ് സ്ഥാപിക്കണം, നിര്‍മാണ സ്ഥലം കയറോ വേലിയോ കെട്ടി വേര്‍ത്തിരിക്കണം, നിര്‍മാണം കഴിഞ്ഞാല്‍ സിമന്റ് ഉപയോഗിച്ച് സംരക്ഷണ ഭിത്തി നിര്‍മിക്കണം, കിണറുകള്‍ അടപ്പ് ഉപയോഗിച്ച് മൂടണം, ഉപയോഗയോഗ്യമല്ലാത്തവ മണ്ണ് നിറച്ച് മൂടണം തുടങ്ങിയ സുപ്രീം കോടതി ഉത്തരവുകളെല്ലാം എവിടെയും പാലിക്കപ്പെടുന്നുമില്ല. ഇതുകൊണ്ട് തന്നെ ആര്‍ക്കും എവിടെയും കുഴല്‍ കിണര്‍ നിര്‍മിക്കാന്‍ കഴിയുമെന്നതാണ് അവസ്ഥ. ഇത് വലിയ തോതിലുള്ള ജലചൂഷണത്തിന് ഇടയാക്കുകയും ചെയ്യുന്നുണ്ട്.

Latest