Connect with us

Malappuram

ഇരിങ്ങാവൂര്‍ വലിയ കുളം നശിക്കുന്നു

Published

|

Last Updated

കല്‍പകഞ്ചേരി: സംരക്ഷണമില്ലാത്തതിനാല്‍ ഇരിങ്ങാവൂരിലെ വലിയ കുളം നശിക്കുന്നു. ചെറിയമുണ്ടം പഞ്ചായത്തിലെ പതിറ്റാണ്ടുകളുടെ പ്രതാപമുള്ള ഈ കുളം ഇപ്പോള്‍ മാലിന്യ കേന്ദ്രമായി മാറിയിട്ടുണ്ട്. വര്‍ഷങ്ങള്‍ക്ക് മുമ്പ് കുളത്തിന്‍ ചുറ്റുമതില്‍ കെട്ടി പടവുകളിട്ടിരുന്നു. എന്നാല്‍ ചുറ്റുമതില്‍ തകര്‍ന്ന നിലയിലാണിപ്പോള്‍.
നേരത്തെ മനക്ക് കീഴിലായിരുന്ന കുളം പൊതുജനങ്ങള്‍ക്ക് ഉപയോഗിക്കാനായി പഞ്ചായത്തിനു കൈമാറുകയായിരുന്നു. തുടര്‍ന്നാണ് അരിക് കെട്ടുകയും പടവുകള്‍ നിര്‍മ്മിക്കുകയും ചെയ്തത്. വേനലിലും അല്ലാത്ത സമയത്തും മാലിന്യം കാരണം കുളത്തിലിറങ്ങാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്.
പ്രദേശത്തെ ജല സംഭരണി കൂടിയായ കുളത്തില്‍ സാമൂഹിക വിരുദ്ധര്‍ മാലിന്യത്തിന് പുറമെ കുപ്പിച്ചില്ലുകളും തള്ളുന്നത് മൂലം ജനങ്ങള്‍ ഏറെ ദുരിതത്തിലാണ്. രൂക്ഷമായ ജലക്ഷാമം നേരിടുന്ന മേഖലയില്‍ കോളനി നിവാസികളടക്കമുള്ളവരുടെ ആശ്രയം കൂടിയാണ് കുളം. മാലിന്യ നിക്ഷേപം രൂക്ഷമായപ്പോള്‍ ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് നാട്ടുകാര്‍ ചേര്‍ന്ന് കുളം ശുചീകരിച്ചിരുന്നു.
തുടര്‍ന്ന് പഞ്ചായത്ത് ആരോഗ്യ വകുപ്പധിക്യതര്‍ക്ക് നിവേദനങ്ങളും നല്‍കി. എന്നിട്ടും കുളം സംരക്ഷണത്തിന്‍ നടപടിയെടുത്തില്ല. മാലിന്യം നീക്കം ചെയ്ത് കുളം സംരക്ഷിക്കാന്‍ നടപടികള്‍ വേണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.

Latest