Connect with us

Malappuram

സായുധ പോരാട്ടത്തിനിറങ്ങണമെന്ന് മാവോയിസ്റ്റ് ലഘുലേഖ

Published

|

Last Updated

നിലമ്പൂര്‍: മണ്ണിന്റെയും വനത്തിന്റെയും പ്രകൃതിയുടെയും മറ്റ് വിഭവങ്ങളുടെയും അധികാരം നേടിയെടുക്കാന്‍ മുഴുവന്‍ ജനങ്ങളും സായുധ പോരാട്ടത്തിലണിനിരക്കുക എന്ന തലക്കെട്ടാണ് മാവോയിസ്റ്റുകള്‍ പോത്തുകല്ല് ചെമ്പ്ര കോളനിയില്‍ വിതരണം ചെയ്ത ലഖുലേഖയിലുള്ളത്.
പിന്നീട് ഇങ്ങനെ തുടരുന്നു: നമ്മുടെ രാജ്യത്തെ കര്‍ഷകരെ ആത്മഹത്യയിലേക്ക് തള്ളിവിടുന്ന, തൊഴിലാളികളുടെ അധ്വാനത്തെ ഊറ്റിക്കുടിക്കുന്ന, സ്ത്രീകളോട് വിവേചനം പുലര്‍ത്തുന്ന, ആദിവാസികളെ വംശഹത്യ നടത്തുന്ന, ദളിത് ജനതയെ ബ്രാഹ്മണ്യ അടിച്ചമര്‍ത്തലിന് വിധേയമാക്കുന്ന, ദല്ലാള്‍ കുത്തകകള്‍ക്ക് വേണ്ടി സാധാരണ ജനങ്ങളെ കുടിയൊഴിപ്പിക്കുന്ന, വാള്‍ മാര്‍ട്ടിനും മറ്റു റീട്ടെയില്‍ കുത്തകകള്‍ക്കും വേണ്ടി- ലക്ഷക്കണക്കിന് ചില്ലറ വ്യാപാരികളെ കുരുതി കൊടുക്കുന്ന, പിന്തിരിപ്പനും സാമ്രാജ്യത്വ കൂട്ടിക്കൊടുപ്പുകാരനുമായ ഇന്ത്യന്‍ ഭരണകൂടത്തിനും കേരള-കര്‍ണാടക-തമിഴ്‌നാട് സംസ്ഥാനങ്ങളിലെ അതിന്റെ നടത്തിപ്പുകാരായ സംസ്ഥാന ഭരണകൂടങ്ങള്‍ക്കും എതിരെ സി പി ഐ (മാവോയിസ്റ്റ്) പശ്ചിമഘട്ട പ്രത്യേക സോണല്‍ കമ്മിറ്റി വിപ്ലവ യുദ്ധം പ്രഖ്യാപിക്കുന്നു.
തുടര്‍ന്ന് ഇന്ത്യാരാജ്യത്ത് പൊതുവെയും കേരള, കര്‍ണാടക, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളില്‍ പ്രത്യേകിച്ചും ആദിവാസികളോടും കര്‍ഷകരോടും ദളിതരോടും മറ്റ് അധ്വാനിക്കുന്ന വിഭാഗങ്ങള്‍ക്കെതിരെ ചൂഷണങ്ങളും കടന്നാക്രമണങ്ങളും വര്‍ധിച്ച് വരുന്നതായും ലഖുലേഖ ചൂണ്ടിക്കാണിക്കുന്നു. തൊഴിലാളികളുടെ സേവന വേതന വ്യവസ്ഥകള്‍ ഇല്ലാതാകുന്നതിനൊപ്പം കരാര്‍ തൊഴിലാളി വ്യവസ്ഥ നടപ്പാക്കുന്നതോടെ സംഘടിക്കാനുള്ള അവസരം ഇല്ലാതാകുകയും ചെയ്യുന്നതായും ലേഖനത്തില്‍ പറയുന്നു.
രാജ്യാന്തര ദല്ലാള്‍ കുത്തക കമ്പനികള്‍ ലാഭക്കൊതിയോടെ പശ്ചിമഘട്ടത്തിനെയും കൊള്ള ചെയ്യുകയാണ്. വന്യമൃഗ സങ്കേതങ്ങളുടെ പേരില്‍ ആയിരക്കണക്കനാളുകളെ കുടിയൊഴിപ്പക്കുകയാണ്. തമിഴ്‌നാട് ഗൂഢല്ലൂര്‍ താലൂക്കില്‍ ചേരമ്പാടി, പന്തല്ലൂര്‍, ദേവാല, ഗൂഢല്ലൂര്‍ പ്രദേശത്തായി നാലര ലക്ഷം സാധാരണ കര്‍ഷകര്‍ വനം വകുപ്പിന്റെ കുടിയൊഴിപ്പിക്കല്‍ നേരിട്ട് കൊണ്ടിരിക്കയാണ്. വീരപ്പന്‍ വേട്ടയുടെ പേരില്‍ കള്ളക്കേസില്‍ നിരവധി പേര്‍ ഇപ്പൊഴും ജയിലില്‍ കഴിയുന്നു. കര്‍ഷകര വട്ടി / ബ്ലേഡ് പലിശക്കാരുടെ പിടിയിലകപ്പെട്ടിരിക്കുന്നു എന്നും ലഖുലേഖയില്‍ പറയുന്നു.
സാമ്രാജ്യത്വ സേവ നടത്തുന്ന അര്‍ധ-ജന്‍മിത്ത, ദല്ലാള്‍ ഉദ്യോഗസ്ഥ മുതലാളിത്ത ഇന്തന്‍ ഭരണവര്‍ഗ അധികാര കേന്ദ്രത്തെ സായുധ വിപ്ലവത്തിലൂടെ അട്ടിമറിക്കുകയും പുത്തന്‍ ജനാധിപത്യ ഇന്ത്യ കെട്ടിപ്പടുക്കുകയും ചെയ്യുക എന്നും ആഹ്വാനം ചെയ്യുന്നു.
സി പി എമ്മും മറ്റ് ഭരണ വര്‍ഗ പാര്‍ട്ടികളും ജനജീവതത്തെ ദുരിതത്തിലാക്കിയെന്നും എന്തുകൊണ്ട് ആയുധമെടുക്കണമെന്നും സായുധ പോരാട്ടത്തിലൂടെ വിജയം വരിക്കുകയെന്നും പറഞ്ഞാണ് ലഖുലേഖ അവസാനിപ്പിക്കുന്നത്.