Connect with us

Palakkad

സര്‍ക്കാറിന്റെ ആയിരക്കണക്കിന് ഏക്കര്‍ പാറ മലകള്‍ ഭൂമാഫിയകള്‍ തട്ടിയെടുക്കാന്‍ ശ്രമം

Published

|

Last Updated

പാലക്കാട്: സര്‍ക്കാറിന്റെ ആയിര കണക്കിന് ഏക്കര്‍ പാറ മലകള്‍ ഭൂമാഫിയകള്‍ തട്ടിയെടുക്കാന്‍ ശ്രമിക്കുന്നു. മുതലമട കൊല്ലങ്കോട്, എലവഞ്ചേരി പഞ്ചായത്തുകളില്‍ വെങ്ങുനാട് കോവിലകം വകയായിരുന്നതും എന്നാല്‍ ഭൂപരിഷ്‌ക്കരണ നിയമത്തിന് ശേഷം സര്‍ക്കാറിന് ലഭിക്കേണ്ടതുമായ ആയിരകണക്കിന് ഏക്കര്‍ പാറമലകളാണ് ഭൂമാഫിയകള്‍ റവന്യൂ വകുപ്പിലെ ചില ഉദ്യോഗസ്ഥരുടെ ഒത്താശയോടെ വ്യാജരേഖ ചമച്ച് തട്ടിയെടുക്കാന്‍ ശ്രമിക്കുന്നതെന്ന് എസ് എന്‍ ഡി പി കൊല്ലങ്കോട് യൂനിയന്‍ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
മുതലമട പള്ളത്ത് സ്ഥിതി ചെയ്യുന്ന 60 ഏക്കറിലധികം വരുന്ന മെച്ചിപ്പാറമല ആരുടെയും ഉടമസ്ഥതയിലോ, കൈവശത്തിലോ അല്ല. എന്നാല്‍ ഏതാനും വ്യക്തികള്‍ സമീപകാലത്ത് ഈ സ്ഥലത്തിന്റെ നികുതി അടച്ച കൈവശ സര്‍ട്ടിഫിക്കറ്റ് ലഭിക്കുവാന്‍ വില്ലേജ് ഓഫീസിലും താലൂക്ക് ഓഫീസിലും സമീപിച്ചുവെങ്കിലും യാതൊരു രേഖകളുമില്ലാത്തതിനാല്‍ നിരസിക്കുകയായിരുന്നു. എന്നാല്‍ ജന്മി എന്നവകാശപ്പെടുന്ന ഒരാള്‍ ഏതാനും ചില വ്യക്തികള്‍ തന്റെ കുടിയാന്‍മാരാണ് എന്ന് നോട്ടറി വക്കീലിനെ കൊണ്ട് സാക്ഷ്യപ്പെടുത്തി നികുതി അടച്ച് നല്‍കുവാന്‍ ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി ഇത് പരിശോധിച്ച് രണ്ട് മാസത്തിനകം നടപടി സ്വീകരിക്കുവാന്‍ വില്ലേജ് ഓഫീസര്‍, തഹസില്‍ദാര്‍, ആര്‍ ഡി ഒ എന്നിവര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുകയാണ്. ഇതിന്റെ മറവിലാണ് ഇപ്പോള്‍ നികുതി അടച്ച് രശീതിയുണ്ടാക്കാന്‍ ഉദ്യോഗസ്ഥരുടെ സഹകരണത്തോടെ ശ്രമിക്കുന്നത്. 27ന് നടക്കുന്ന ഹിയറിംഗില്‍ ഈ വ്യാജരേഖ സമര്‍പ്പിക്കാനും നീക്കമുണ്ട്. ഇതിനെതിരെ എസ് എന്‍ ഡി പി കൊല്ലങ്കോട് യൂനിറ്റ് ശക്തമായി സമരം നടത്തും. ഇതിന്റെ ഭാഗമായി 25ന് മുതലമട വില്ലേജ് ഓഫീസിലേക്ക് മാര്‍ച്ച് നടത്തും. പത്രസമ്മേളനത്തില്‍ പ്രസിഡന്റ് ആര്‍ അരവിന്ദാക്ഷന്‍, സെക്രട്ടറി എ എന്‍ അനുരാഗ്, വൈസ് പ്രസിഡന്റ് കെ സി മുരളിധരന്‍ പങ്കെടുത്തു.

---- facebook comment plugin here -----

Latest