Connect with us

Kozhikode

ജില്ലാ പഞ്ചായത്ത് ബജറ്റ്:വിദ്യാഭ്യാസ-സാമൂഹിക ക്ഷേമ, കാര്‍ഷിക മേഖലകള്‍ക്ക് ഊന്നല്‍

Published

|

Last Updated

കോഴിക്കോട്: വിദ്യാഭ്യാസ-സാമൂഹിക ക്ഷേമ, കാര്‍ഷിക മേഖലകള്‍ക്ക് ഊന്നല്‍ നല്‍കി ജില്ലാ പഞ്ചായത്തിന്റെ 2013-14 വര്‍ഷത്തേക്കുള്ള ബജറ്റ് അവതരിപ്പിച്ചു. 115.16 കോടി വരവും 109.97 കോടി ചെലവും 5.18 കോടി മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റാണ് ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ കൂടിയായ വൈസ് പ്രസിഡന്റ് ആര്‍ ശശി അവതരിപ്പിച്ചത്. വിദ്യാഭ്യാസ മേഖലക്ക് 11,46,38,755 രൂപയും പട്ടികജാതി ക്ഷേമത്തിന് 11,01,26,000 രൂപയും കാര്‍ഷിക മേഖലക്ക് 5,93,87,000 രൂപയും വകയിരുത്തിയ ബജറ്റില്‍ ജില്ലാ പഞ്ചായത്തിന്റെയും കൈമാറിക്കിട്ടിയ സ്ഥാപനങ്ങളുടെയും ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിന് പ്രത്യേക പരിഗണന നല്‍കിയിട്ടുണ്ട്.
നെല്‍കൃഷിക്കാര്‍ക്കായി പ്രത്യേക പദ്ധതി തന്നെ ബജറ്റില്‍ വിഭാവനം ചെയ്തിട്ടുണ്ട്. ഗ്രാമപഞ്ചായത്തുകളുമായി സഹകരിച്ച് നൂറുമേനി നെല്‍കൃഷി പദ്ധതി നടപ്പാക്കാന്‍ 12 ലക്ഷം രൂപയും കഴിഞ്ഞ വര്‍ഷം തുടങ്ങിയ കോള്‍നില വികസന പദ്ധതി പൂര്‍ത്തിയാക്കാന്‍ രണ്ട് കോടി രൂപയും വകയിരുത്തി. മൃഗ സംരക്ഷണത്തിനും ക്ഷീര വികസനത്തിനും 2.96 കോടി, ജില്ലാ മൃഗാശുപത്രിയുടെയും ചാത്തമംഗലം പൗള്‍ട്രി ഫാമിന്റെയും അടിസ്ഥാന സൗകര്യം വികസിപ്പിക്കുന്നതിനും ട്രെയിനിംഗ് സെന്ററുകളുടെയും ലബോറട്ടറികളുടെയും ഗാര്‍ഡന്റെയും പുനരുദ്ധാരണത്തിന് 70 ലക്ഷവും വകയിരുത്തി.
ക്ഷീരോത്പാദനം വര്‍ധിപ്പിക്കാന്‍ കഴിഞ്ഞ വര്‍ഷം അഞ്ച്് പഞ്ചായത്തുകളില്‍ നടപ്പാക്കിയ ക്ഷീര ഗ്രാമം പദ്ധതി ഈ വര്‍ഷം അഞ്ച് പഞ്ചയാത്തുകളിലും ഒരു ബ്ലോക്കിലും കൂടി വ്യാപിപ്പിക്കും. ബയോഗ്യാസ് പ്ലാന്റ്്്, മണ്ണിര കമ്പോസ്റ്റ്, കറവയന്ത്ര പരിശീലനം തുടങ്ങിയവക്കായി 50 ലക്ഷവും കൂത്താളി, പുതുപ്പാടി ഫാമുകളില്‍ ഹൈടെക് ഡയറി ഫാമുകള്‍ ഒരുക്കുന്നതിന് 10 ലക്ഷവും വകയിരുത്തിയിട്ടുണ്ട്. മുട്ടയുടെയും മാംസത്തിന്റെയും കാര്യത്തില്‍ സ്വയം പര്യാപ്തത കൈവരിക്കാന്‍ ആട് വളര്‍ത്തലിനും കോഴി വിതരണത്തിനും ഗ്രാമപഞ്ചായത്തുകളുമായി സഹകരിച്ച് പ്രത്യേക പദ്ധതി നടപ്പാക്കും.
ചെറുകിട വ്യവസായത്തിന് 2.26 കോടി, മത്സ്യബന്ധനത്തിന് 23 ലക്ഷം, സാമൂഹിക ക്ഷേമത്തിന് 2.55 ലക്ഷം, സ്്ത്രീകളുടെയും കുട്ടികളുടെയും വികസനത്തിന് 2.98 കോടി, ആരോഗ്യത്തിന് 2.07 കോടി, കുടിവെള്ള ശുചിത്വത്തിന് 1.01 കോടി, സ്പില്‍ ഓവര്‍ പ്രവൃത്തികള്‍ക്കായി 12.91 കോടി എന്നിങ്ങനെയാണ് ബജറ്റില്‍ തുക വകയിരുത്തിയിരുക്കുന്നത്.
വിദ്യാഭ്യാസ മേഖലയില്‍ സമഗ്ര വിദ്യാഭ്യാസ പദ്ധതി, ഹയര്‍ സെക്കന്‍ഡറി സ്മാര്‍ട്ട് കാമ്പസ്, സ്‌കൂള്‍ കെട്ടിയ നിര്‍മാണം, ബി പി എല്‍ വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ്്്, സ്‌കൂളുകളില്‍ ഗേള്‍സ് ഫ്രന്റ്‌ലി ടോയ്‌ലറ്റ്, യോഗ പരിശീലനം, ജമ്പിംഗ് ബഡ് വിതരണം തുടങ്ങിയ പദ്ധതികളാണ് ആവിഷ്‌കരിച്ചിരിക്കുന്നത്്.
ബജറ്റില്‍ റോഡ് വികസനത്തിനും നവീകരണത്തിനുമായി 37.66 കോടി രുപ അനുവദിച്ചു. താമരശ്ശേരി ചുരം റോഡില്‍ വൈദ്യുതി വിളക്ക് സ്ഥാപിക്കാന്‍ ഒരു കോടി, പ്രധാന നഗരങ്ങളില്‍ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കാന്‍ 50 ലക്ഷം, ജില്ലാ പഞ്ചായത്ത് സ്ഥാപനങ്ങളില്‍ സോളാര്‍ പാനല്‍ സ്ഥാപിക്കാന്‍ 3.30 കോടി എന്നിങ്ങനെയാണ് തുക അനുവദിച്ചിരിക്കുന്നത്. കുടിവെള്ളത്തിനും ശുചിത്വ സംവിധാനങ്ങള്‍ക്കുമായി 1.01 കോടി, സ്‌കൂളില്‍ ഗേള്‍സ് ഫ്രന്റ്‌ലി ടോയ്‌ലറ്റുകളും ജല ഗുണനിലവാര പദ്ധതിയും ആവിഷ്‌കരിക്കും. കായിക മേഖലയില്‍ സ്പീഡ് പദ്ധതിക്ക് 30 ലക്ഷവും അനുവദിച്ചു. 40 സ്‌പോര്‍ട്‌സ് യൂനിറ്റുകള്‍ ആരംഭിക്കാനും സ്‌റ്റേഡിയം നിര്‍മാണങ്ങള്‍ക്കും ബജറ്റില്‍ തുക വകയിരുത്തിയിട്ടുണ്ട്്.
സമഗ്ര മേഖലകളെയും പ്രതിപാദിക്കുന്ന ബജറ്റില്‍ നാളികേര മേഖലയുടെ വികസനത്തിന് മുന്തിയ പരിഗണന നല്‍കിയിട്ടുണ്ട്. ജില്ലയില്‍ നീര ഉത്പാദന സാധ്യതാപഠനം നടത്തുന്നതിന് 15 ലക്ഷം ബജറ്റില്‍ വകയിരുത്തി. ഇളനീര്‍ വിപണിയുടെ സാധ്യത കര്‍ഷകര്‍ക്ക് പ്രയോജനപ്പെടുത്താന്‍ ഉയരം കുറഞ്ഞ തെങ്ങിന്‍തൈകള്‍ വിതരണം ചെയ്യാന്‍ അഞ്ച് ലക്ഷം രുപ വകയിരുത്തി. തിക്കോടി ഫാം മുഖേന തൈകള്‍ ഉത്പാദിപ്പിച്ച് വിതരണം ചെയ്യാനാണ് പദ്ധതി. ജില്ലാ പഞ്ചായത്തിന്റെ അധീനതയിലുള്ള കൂത്താളി, പേരാമ്പ്ര, തിക്കോടി, പുതുപ്പാടി ഫാമുകളുടെ നിലവാരം മിച്ചപ്പെടുത്തുന്നതിന് മൂന്ന് കോടി രൂപ നീക്കിവെച്ചു. ഫാം ടൂറിസം ഉള്‍പ്പെടെ ഫാമുകളുടെ അടിസ്ഥാന സൗകര്യ വികസനവും ഉത്പാദന വര്‍ധനവും ഗുണമേന്മയുള്ള നടീല്‍ വസ്തുക്കളുടെ ഉത്പാദനവുമാണ് ലക്ഷ്യമിടുന്നത്്. കുടുംബശ്രീ യൂനിറ്റുകള്‍ക്കു വാഴക്കൃഷിക്ക് 20 ലക്ഷവും അനുവദിച്ചിട്ടുണ്ട്്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കാനത്തില്‍ ജമീല അധ്യക്ഷത വഹിച്ചു.

Latest