Connect with us

Thiruvananthapuram

ദുഃഖം കടിച്ചിറക്കാനാകാതെ ഉറ്റവരും കുടുംബാംഗങ്ങളും

Published

|

Last Updated

തിരുവനന്തപുരം: കോഴ്‌സ് അവസാനിക്കാന്‍ അവസാന പരീക്ഷ മാത്രം ബാക്കി നില്‍ക്കെ വിധിയുടെ പരീക്ഷ കൂട്ടുകാരെ തട്ടിയെടുത്ത സങ്കടത്തിലാണ് വെള്ളനാട് സാരാഭായ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയിലെ വിദ്യാര്‍ഥികള്‍. ഉല്ലാസ യാത്രക്ക് പുറപ്പെട്ട് മടങ്ങിയെത്താന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ കൂട്ടുകാര്‍ ഇനി തിരിച്ചു വരില്ലെന്ന് അവര്‍ക്ക് വിശ്വസിക്കാനാകുന്നില്ല.
മക്കളെ നഷ്ടപ്പെട്ട കുടുംബങ്ങളെ എങ്ങനെ അഭിമുഖീകരിക്കുമെന്ന വേദനയില്‍ നീറുകയാണിവര്‍. ഉച്ചയോടെ വന്ന അപകട വാര്‍ത്ത ബന്ധുക്കളും സുഹൃത്തുക്കള്‍ക്കും അധ്യാപകര്‍ക്കും നാട്ടുകാര്‍ക്കും വിശ്വസിക്കാനായില്ല. എന്നാല്‍ കോളജ് സംഘടിപ്പിച്ച വിനോദ യാത്രയായിരുന്നില്ലെന്ന് കോളജ് പ്രിന്‍സിപ്പല്‍ ഡോ. ജാന അറിയിച്ചു.
ജവഹര്‍നഗര്‍, എസ് എസ് കോവില്‍ ലെയിന്‍, ഇ-4ല്‍ രാജു-താര ദമ്പതികളുടെ രണ്ടാമത്തെ മകനാണ് വിഘ്‌നേഷ്. മരണം മകനെ തട്ടിയെടുത്ത വിവരം ഇതുവരെ അമ്മയെ അറിയിച്ചിട്ടില്ല. വെള്ളനാട് സാരാഭായ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയിലെ അവസാനവര്‍ഷ ഇലക്‌ട്രോണിക്‌സ് ആന്റ് ഇന്‍സ്ട്രുമെന്റേഷന്‍ വിദ്യാര്‍ഥിയായ വിഘ്‌നേഷ് പഠിക്കാന്‍ അതിസമര്‍ഥനായിരുന്നെന്നാണ് അധ്യാപകര്‍ പറയുന്നത്. അധ്യാപകര്‍ക്കും സഹപാടികള്‍ക്കും ഒരുപോലെ പ്രിയങ്കരനായിരുന്നു. അടുത്ത മാസം ഒന്നിന് തുടങ്ങുന്ന അവസാന വര്‍ഷ പരീക്ഷക്കുള്ള തയാറെടുപ്പിലുമായിരുന്നു എല്ലാവരും. അതിന് മുന്നോടിയായാണ് സഹപാഠികള്‍ എല്ലാം ചേര്‍ന്ന് ഇത്തരമൊരു യാത്ര ആസൂത്രണം ചെയ്തത്. ഇവരുടെ ഡിപ്പാര്‍ട്ട്‌മെന്റിന് വിനോദയാത്രക്ക് കോളജ് അധികൃതര്‍ അനുമതി നല്‍കാത്തതിനാലാണ് സ്വന്തം നിലക്ക് വീട്ടുകാരുമായി ആലോചിച്ച് സമ്മതത്തോടെ ഇവര്‍ യാത്ര പോയത്. ശനിയാഴ്ച വൈകിട്ടാണ് സഹപാഠികളുമൊത്ത് തലാസ്ഥാനത്തു നിന്നും യാത്ര തിരിച്ചത്.
രക്ഷിതാക്കളുടെ പ്രതിനിധികളായി വിഘ്‌നേഷിന്റെ ഇളയച്ഛന്‍ സതീശനും ഇളയമ്മ മീരയും ഈ സംഘത്തോടൊപ്പം ഉണ്ടായിരുന്നു. വിദേശത്തായിരുന്ന വിഘ്‌നേഷിന്റെ അച്ഛന്‍ രാജുവിന് അസുഖമായതിനാലാണ് ഇളയച്ഛനും ഇളയമ്മയും വിനോദയാത്ര സംഘത്തോടൊപ്പം കൂടിയത്. കോലഞ്ചേരി മെഡിക്കല്‍ കോളജില്‍ സൂക്ഷിച്ചിട്ടുള്ള വിഘ്‌നേഷിന്റെ ഭൗതികശരീരം കൊണ്ടുവരാന്‍ മറ്റൊരു ഇളയച്ഛനായ ഷാജി അവിടേക്ക് തിരിച്ചിട്ടുണ്ട്. പരുക്കേറ്റ സതീശനെയും ഭാര്യ മീരയേയും മടക്കിക്കൊണ്ടുവരാനായി മറ്റൊരു സംഘം അടിമാലിയിലേക്കും തിരിച്ചിട്ടുണ്ട്.

 

Latest