Connect with us

Kannur

കോളറയും മഞ്ഞപ്പിത്തവും പടരാന്‍ സാധ്യത

Published

|

Last Updated

കണ്ണൂര്‍: ജലക്ഷാമം രൂക്ഷമായ സാഹചര്യത്തില്‍ സംസ്ഥാനത്തെ ഹോട്ടലുകളുള്‍പ്പെടെ കുടിവെള്ളത്തിന്റെ ഗുണനിലവാരം കൃത്യമായി ഉറപ്പ് വരുത്തിയില്ലെങ്കില്‍ കോളറ, മഞ്ഞപ്പിത്തം, ഉദരരോഗങ്ങള്‍ തുടങ്ങിയവ പടരാന്‍ സാധ്യതയുള്ളതായി ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ്. വിവിധ ജില്ലകളില്‍ ജല മലിനീകരണം വ്യാപകമായി കണ്ടെത്തിയ സാഹചര്യത്തിലാണ് പകര്‍ച്ചവ്യാധിയുള്‍പ്പെടെ പല വിധ ജലജന്യ രോഗങ്ങള്‍ക്കും സാധ്യതയേറിയിട്ടുണ്ടെന്ന് ആരോഗ്യ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ വിലയിരുത്തിയത്. മിക്ക ജില്ലകളിലും ഹോട്ടലുകള്‍, ജ്യൂസ് കടകള്‍ തുടങ്ങിയിടങ്ങളിലെല്ലാം ഗുണനിലവാരമില്ലാത്ത ജലമുപയോഗിക്കുന്നുണ്ടെന്ന പരാതി നേരത്തെ തന്നെ വ്യാപകമായിരുന്നു. ഇതിന്റെയടിസ്ഥാനത്തില്‍ ചിലയിടങ്ങളില്‍ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുകയും മലിനജലം ഉപയോഗിച്ച സ്ഥാപനങ്ങള്‍ക്കെതിരെ നോട്ടീസ് നല്‍കുകയും ചെയ്തിരുന്നു.
പ്രാഥമിക പരിശോധനകളില്‍ തന്നെ പല ജില്ലകളിലും 70 ശതമാനത്തിലധികം സ്ഥാപനങ്ങളിലും ഗുണനിലവാരമില്ലാത്ത ജലം ഉപയോഗിക്കുന്നുവെന്നാണ് പരിശോധനക്ക് നേതൃത്വം നല്‍കിയ ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നത്. പലയിടത്ത് നിന്നും പരിശോധനക്കെടുത്ത 100 മില്ലി ലിറ്റര്‍ ജലത്തില്‍ പോലും വലിയ തോതിലാണ് ക്വാളിഫോം ബാക്ടീരിയയുടെ സാന്നിധ്യം കണ്ടതെന്ന് ഇവര്‍ വ്യക്തമാക്കി. ഒറ്റനോട്ടത്തില്‍ ജലം മലിനമല്ലെന്ന് തോന്നുമെങ്കിലും പലവിധ രാസ മാലിന്യങ്ങള്‍ കുടിവെള്ളത്തില്‍ കലര്‍ന്നിരുന്നതായും പറയുന്നു. ഭക്ഷണം പാകം ചെയ്യാനുപയോഗിക്കുന്ന ജലത്തിന് പുറമെ ജ്യൂസുകളും മറ്റുമുണ്ടാക്കാനുപയോഗിക്കുന്ന വെള്ളത്തിലും മാലിന്യമുള്ളതായി ഭക്ഷ്യ സുരക്ഷാ വിഭാഗം ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ലൈസന്‍സില്ലാത്ത ഐസ് കമ്പനികളില്‍ നിന്ന് വിതരണം ചെയ്യുന്ന ഐസുകള്‍ ഉപയോഗിച്ച് ശീതളപാനീയങ്ങള്‍ ഉണ്ടാക്കുന്നതായാണ് കണ്ടെത്തിയിട്ടുള്ളത്. ശുദ്ധ ജലത്തില്‍ ഉണ്ടാക്കാത്ത ഐസുകള്‍ വിതരണം ചെയ്യാന്‍ പ്രത്യേക കേന്ദ്രങ്ങള്‍ പല ജില്ലകളിലും പ്രവര്‍ത്തിക്കുന്നതായി നേരത്തെ ആക്ഷേപമുയര്‍ന്നിരുന്നു.
സംസ്ഥാനത്തെ അധിക ജല സ്രോതസ്സുകളിലും കോളി ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയത് വ്യാപക രോഗ ബാധക്ക് കാരണമാകുമെന്ന് ആരോഗ്യ വകുപ്പ് സംഘം വിലയിരുത്തി. നേരത്തെ ഭൂഗര്‍ഭജല വകുപ്പിന്റെ പഠനത്തിലും കുടിവെള്ളത്തില്‍ വ്യാപകമാകുന്ന മാലിന്യങ്ങളുടെ തോത് കണ്ടെത്തിയിരുന്നു. ലെഡ് കാഡ്മിയം, ക്രോമിയം പോലുള്ള രാസമാലിന്യങ്ങള്‍, ഫഌറൈഡ്, ഇരുമ്പ്, വര്‍ധിച്ച അമ്ലത എന്നിവയെല്ലാം ജലത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഉദര രോഗങ്ങള്‍ക്കും കോളറ, മഞ്ഞപ്പിത്തം തുടങ്ങിയ രോഗങ്ങള്‍ക്കുമെല്ലാം ഇത്തരം ജലമാലിന്യങ്ങള്‍ ഇടയാക്കുമെന്നാണ് ആരോഗ്യ വകുപ്പ് വിലയിരുത്തുന്നത്. ഹോട്ടലുകളില്‍ നിന്നും മറ്റും പച്ചവെള്ളം മാത്രം കുടിക്കുന്ന അന്യ സംസ്ഥാന തൊഴിലാളികളില്‍ രോഗപ്പകര്‍ച്ചക്ക് സാധ്യതയേറെയാണ്. അതുകൊണ്ടു തന്നെ കുടിവെള്ള പരിശോധനകള്‍ കര്‍ശനമാക്കണമെന്ന ആവശ്യം ആരോഗ്യ വകുപ്പ് സംഘം ഉന്നയിച്ചിട്ടുണ്ട്.
കുടിവെള്ളം മിന്നല്‍ പരിശോധനക്ക് വിധേയമാക്കാന്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. നിലവില്‍ തിരുവനന്തപുരം, കോഴിക്കോട്, എറണാകുളം ജില്ലകളില്‍ മാത്രമാണ് കുടിവെള്ള ടാങ്കറുകള്‍ പരിശോധിക്കുന്നത്. ഇത് എല്ലാ ജില്ലകളിലും വ്യാപകമാക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. കുപ്പിവെള്ളം കൃത്രിമമായി വില്‍ക്കുന്നത് തടയാനുള്ള നിരീക്ഷണം ശക്തമാക്കണമെന്നും ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്.

Latest