Connect with us

Eranakulam

പൊലിഞ്ഞത് രണ്ട് കുടുംബങ്ങളുടെ പ്രതീക്ഷകള്‍

Published

|

Last Updated

കൊച്ചി: ഇടുക്കി രാജാക്കാട് തേക്കിന്‍കാനത്ത് ടൂറിസ്റ്റ് ബസ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ച സാരാഭായ് ഇന്‍സ്റ്റിറ്റിയൂട്ടിലെ വിദ്യാര്‍ഥികളായ കളമശ്ശേരി സ്വദേശി ഷൈജുവിന്റെയും അമ്പലമേട് സ്വദേശി ശരത് ചന്ദ്രന്റെയും മരണത്തിലൂടെ രണ്ട് കുടുംബങ്ങള്‍ക്ക് നഷ്ടമായത് അത്താണികളാകേണ്ട ആണ്‍തരികളെ.
ഓട്ടോ ഡ്രൈവറായ പിതാവിന്റെ നാല് മക്കളില്‍ കുടുംബത്തിന്റെ അത്താണിയാകേണ്ട ഏക മകനെയാണ് ഷൈജുവിന്റെ മരണത്തിലൂടെ നഷ്ടമായത്. സാരാഭായ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയില്‍ അവസാന വര്‍ഷ ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍സ്ട്രുമെന്റേഷന്‍ വിദ്യാര്‍ഥിയായിരുന്നു മരിച്ച ഷൈജു. കുടുംബത്തിന്റെ മുഴുവന്‍ പ്രതീക്ഷയായിരുന്ന ഷൈജുവിന്റെ മരണം ഉറ്റവര്‍ക്ക് താങ്ങാവുന്നതിനപ്പുറമുള്ള ആഘാതമായി. ഷൈജുവിന്റെ പിതാവ് ചന്ദ്രന്‍ സൗത്ത് കളമശ്ശേരിയിലെ ഓട്ടോഡ്രൈവറാണ്. മാതാവ് ജിജി. ഷീജ, ഷിനി, ഷീന എന്നിവര്‍ സഹാദരിമാര്‍.
സാരാഭായി ഇന്‍സ്റ്റിറ്റിയൂട്ട് അവസാന വര്‍ഷ വിദ്യാര്‍ഥി അമ്പലമേട് കരിവേലില്‍ ശരത്ചന്ദ്രന്റെ മരണത്തോടെ തകര്‍ന്നത് കുടുംബത്തിന്റെ പ്രതീക്ഷയാണ്. രണ്ട് സഹോദരിമാരും മാതാവും അടങ്ങുന്നതാണ് ശരത്തിന്റെ കുടുംബം. നിര്‍മാണ കരാറുകാരന്‍ ആയിരുന്ന പിതാവ് ചന്ദ്രശേഖരന്‍ നേരത്തേ മരിച്ചിരുന്നു. ഏപ്രില്‍ 18ന് രണ്ടാമത്തെ സഹോദരിയുടെ വിവാഹം നിശ്ചയിക്കാനിരിക്കെയാണ് അപകടമുണ്ടായത്. കഴിഞ്ഞയാഴ്ചയാണ് ശരത് വീട്ടിലെത്തി തിരിച്ചുപോയത്. മാതാവ് സതീദേവി, സഹോദരിമാര്‍ മീരാ വേണുഗോപാല്‍, നീര ജയചന്ദ്രന്‍ (ഇന്ദിരാഗാന്ധി റിസര്‍ച്ച് ആറ്റോമിക് സെന്റര്‍ ചെന്നൈ).

 

Latest