Connect with us

Articles

മണ്ണ് തിന്നുന്നവളുടെ ഇന്ത്യയും ശതകോടീശ്വരന്റെ ഇന്ത്യയും

Published

|

Last Updated

ബ്യൂക്കിംഗ് ഇന്‍സ്റ്റിറ്റിയൂഷനില്‍ ഐ എം എഫ് ചീഫ് ലൊഗാര്‍ നടത്തിയ പ്രസംഗം ആഗോളവത്കരണം സൃഷ്ടിച്ച അസന്തുലിതത്വങ്ങളെ സംബന്ധിച്ച കുമ്പസാരം കൂടിയായിരുന്നുവെന്നാണ് പല അന്താരാഷ്ട്ര മാധ്യമങ്ങളും ചൂണ്ടിക്കാട്ടിയത്. മുമ്പൊരിക്കലും കണ്ടിട്ടില്ലാത്തത്ര ഭീകരമായ ധനിക – ദരിദ്ര വ്യത്യാസത്തിലേക്കാണ് ലോകം നീങ്ങിക്കൊണ്ടിരിക്കുന്നതെന്നാണ് ലൊഗാര്‍ നിരീക്ഷിക്കുന്നത്. 680 കോടിയോളം വരുന്ന ലോക ജനസംഖ്യയില്‍ 300 കോടിയോളം വരുന്നവര്‍ രണ്ട് നേരത്തെ ഭക്ഷണത്തിന് വേണ്ടി ബുദ്ധിമുട്ടുകയാണ്. 92 കോടിയോളം വരുന്നവര്‍ ഒരു ഡോളറില്‍ താഴെ മാത്രം വരുമാനമുള്ള അതിദരിദ്രരാണ്. കുടിവെള്ളം, ശുചിത്വ സൗകര്യങ്ങള്‍ തുടങ്ങിയ ആരോഗ്യാവകാശങ്ങളെല്ലാം ബഹുഭൂരിപക്ഷം പേര്‍ക്കും നിഷേധിച്ചിരിക്കയാണ്.
നവ ഉദാരവത്കരണ നയങ്ങള്‍ ലോകത്തെ അസന്തുലിതങ്ങളുടെ വിളഭൂമിയാക്കി മാറ്റിയിരിക്കുന്നു. ലോക ബേങ്കിനു വേണ്ടി റോബര്‍ട്ട് സ്വലാവിച്ച് നടത്തിയ പഠനപ്രകാരം ലോകജനസംഖ്യയില്‍ 300 കോടിയോളം വരുന്നവര്‍ രണ്ട് നേരത്തെ ഭക്ഷണത്തിന് ബുദ്ധിമുട്ടുന്നവരാണ്. 100 കോടി പേര്‍ ആത്യന്തിക ദരിദ്രരാണ്; ഒരു നേരത്തെ പോലും ഭക്ഷണത്തിന് വേണ്ടി ബുദ്ധിമുട്ടുന്നവരാണ്. അമേരിക്കയിലാരംഭിച്ച 2007ലെ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ആ രാജ്യത്തിനകത്ത് തൊഴിലില്ലായ്മാ നിരക്ക് 25 ശതമാനമായി ഉയര്‍ന്നിരിക്കയാണ്. പ്രതിദിനം 18,000 പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുന്നുണ്ടെന്നാണ് കണക്ക്. തൊഴില്‍നഷ്ടവും വേതനവെട്ടിക്കുറവും മഹാഭൂരിപക്ഷത്തെയും ജീവിതത്തിന്റെ രണ്ടറ്റങ്ങള്‍ കൂട്ടിമുട്ടിക്കാന്‍ കഴിയാത്ത ദാരുണാവസ്ഥയിലെത്തിച്ചിരിക്കയാണ്. യൂറോപ്യന്‍ രാജ്യങ്ങളെല്ലാം അഗാധമായ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ഏഷ്യയിലും ആഫ്രിക്കയിലും മറ്റ് മൂന്നാം ലോക രാജ്യങ്ങളിലും ദരിദ്ര്യവത്കരണം തീവ്രഗതിയിലായിത്തീര്‍ന്നിരിക്കുകയാണ്.
ഇന്ത്യയില്‍ നാഷനല്‍ സാമ്പിള്‍ സര്‍വേ റിപ്പോര്‍ട്ടുകളും പഠനങ്ങളും നല്‍കുന്ന സൂചനയനുസരിച്ച് ജനസംഖ്യയില്‍ 77 ശതമാനത്തോളം പേര്‍ പ്രതിദിനം 16 രൂപയില്‍ താഴെ മാത്രം വരുമാനമുള്ളവരാണ്. ദാരിദ്ര്യം ഇന്ത്യന്‍ ശ്രമങ്ങളെയെന്ന പോലെ നഗരങ്ങളെയും കാര്‍ന്നുതിന്നുകയാണ്. രണ്ട് മാസം മുമ്പാണ് കൊല്‍ക്കത്താ നഗരത്തില്‍ ഒരമ്മ തന്റെ മൂന്ന് മക്കളെ 155 രൂപക്ക് വിറ്റത്. ഈ അമ്മ ദാരിദ്ര്യവും പട്ടിണിയും സഹിക്കവയ്യാതെയാണ് തന്റെ മൂന്ന് മക്കളെയും വിറ്റത്. മൂത്ത കുട്ടിയെ 35 രൂപക്കും അതിന്റെ ഇളയ കുട്ടിയെ 20 രൂപക്കും ഏറ്റവും ഒടുവിലത്തെ കുട്ടിയെ 100 രൂപക്കുമാണ് ഈ അമ്മ വിറ്റത്. ഒറീസയിലെ കാലഹന്തിയിലും ബലാങ്കീറിലും ഉത്തരാഖണ്ഡിലെ കാശിപൂരിലും ക്ഷാമവും പട്ടിണിയും മൂലം മനുഷ്യര്‍ മണ്ണ് തിന്നുന്ന അവസ്ഥയാണുള്ളതെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍ തന്നെ വ്യക്തമാക്കുന്നത്.
നരേന്ദ്ര മോഡിയുടെ ഗുജറാത്തില്‍ നാട്ടിന്‍പുറങ്ങളില്‍ മാത്രമല്ല, സൂറത്ത് പോലുള്ള മഹാനഗരങ്ങളില്‍ പോലും പട്ടിണിയും തൊഴിലില്ലായ്മയും മൂലം ജീവിതം നരകതുല്യമായി കഴിഞ്ഞിരിക്കയാണ്. നവ ലിബറല്‍ നയങ്ങള്‍ തകര്‍ത്തുകളഞ്ഞ ഡയമണ്ട് വ്യവസായമുള്‍പ്പെടെയുള്ള പരമ്പരാഗത മേഖലയെ ഉപജീവനത്തിന് ആശ്രയിച്ചിരുന്ന ജനലക്ഷങ്ങള്‍ വഴിയാധാരമായിക്കഴിഞ്ഞിരിക്കുന്നു. ചില എന്‍ ജി ഒകള്‍ നടത്തിയ സ്ത്രീ പദവി പഠനമനുസരിച്ച് ഗുജറാത്തിലെ ഗ്രാമങ്ങളില്‍ സ്ത്രീ ജീവിതം അങ്ങേയറ്റം ദുരിതപൂര്‍ണമാണ്. ആര്‍ത്തവ ദിവസങ്ങളില്‍ ഒരു കഷണം തുണി പോലുമില്ലാത്തതിനാല്‍ മണ്ണും വെണ്ണീറും ഉപയോഗിക്കുകയാണ് പോലും ഗുജറാത്തിലെ ഗ്രാമീണ സ്ത്രീകള്‍. ശീതകാലത്തെ കൊടും തണുപ്പില്‍ ഭവനരഹിതരായ നഗരവാസികള്‍ കമ്പിളി പോയിട്ട് ഒരു പരുത്തിപ്പുതപ്പ് പോലും ഇല്ലാതെ തണുത്തുറഞ്ഞു മരിച്ചുപോകുന്ന അവസ്ഥയും ഡല്‍ഹി പോലുള്ള നഗരങ്ങളില്‍ സര്‍വസാധാരണമാണ്. ഡെല്‍ഹി സംസ്ഥാനത്തെ ഒരു കോടി 10 ലക്ഷം ജനസംഖ്യയില്‍ 70 ശതമാനം പേരും ചേരികളില്‍ കഴിയുന്നവരാണ്. ശുചിത്വ സൗകര്യവും കുടിവെള്ളവുമില്ലാത്തവരാണ് ഭൂരിപക്ഷവും.
ഐ എന്‍ ഒ പഠനമനുസരിച്ച് ലോകത്തേറ്റവും കൂടുതല്‍ കുട്ടികളെക്കൊണ്ട് പണിയെടുപ്പിക്കുന്ന രാജ്യവും ഇന്ത്യയാണ്. കൃഷി നാശവും ക്ഷാമവും വേട്ടയാടുന്ന ഇന്ത്യന്‍ ഗ്രാമങ്ങളില്‍ നിന്ന് കുട്ടികളെ വിലക്ക് വാങ്ങി ഉപ്പ് പാറകളില്‍ പണിയെടുപ്പിക്കുന്ന കോണ്‍ട്രാക്ടര്‍മാരെക്കുറിച്ച് മൈക്കേല്‍ ചോംസ് ഡോസ്‌കി വിശദാംശങ്ങളോടെ എഴുതിയിട്ടുണ്ട്. ഹൈദരാബാദ്- ബംഗളൂരു നാഷനല്‍ ഹൈവേയിലൂടെയുള്ള യാത്രക്കിടയില്‍ കാണുന്ന ആന്ധ്രയിലെ ഉപ്പ് പാറകളില്‍ പണിയെടുക്കുന്നത് കുട്ടികളാണ്. കഠിനമായ തൊഴില്‍ സാഹചര്യങ്ങളില്‍ ഇന്ത്യന്‍ ബാല്യം നരകിക്കുകയാണെന്നാണ് മൈക്കേല്‍ ചോംസ്‌ഡോസ്‌കി രോഷാകുലനായി എഴുതിയിരിക്കുന്നത്.
രാജ്യത്തെ മഹാഭൂരിപക്ഷവും ദരിദ്രരും പട്ടിണിക്കാരുമായി മാറുമ്പോള്‍ ഒരു ന്യൂനപക്ഷം വരുന്നവര്‍ അതിവേഗം അതിസമ്പന്നരായി മാറിക്കൊണ്ടിരിക്കുന്നു. വാഷിംഗ്ടണ്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മെറിലിഞ്ച് വെല്‍ത്ത് സ്റ്റഡീസ് എന്ന സ്ഥാപനത്തിന്റെ പഠനമനുസരിച്ച് ഇന്ത്യയില്‍ കോടീശ്വരന്മാരും ശതകോടീശ്വരന്മാരും ഓരോ ദിവസം കൂടുന്തോറും വര്‍ധിക്കുകയാണ്. ദാരിദ്ര്യവത്കരണത്തിന്റെ മറുപുറമാണ് ഈ സമ്പന്നവത്കരണം. 2001ല്‍ ഒരൊറ്റ ശതകോടീശ്വരന്‍ മാത്രമുണ്ടായിരുന്ന ഇന്ത്യയില്‍ ഇപ്പോള്‍ 61 ശതകോടീശ്വരന്മാരുണ്ട്. കോര്‍പ്പറേറ്റുകള്‍ക്കനുകൂലമായ നയങ്ങളും ഭരണനടപടികളുമാണ് ദരിദ്രവത്കരണം തീക്ഷ്ണമാക്കിയത്.
2004 മുതല്‍ 2012 വരെയുള്ള വര്‍ഷങ്ങളില്‍ 30 ലക്ഷം കോടിയോളം ഇളവുകളാണ് കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടി ബജറ്റ് വഴി സര്‍ക്കാര്‍ ചെയ്തുകൊടുത്തത്. വന്‍ അഴിമതിയും കുംഭകോണങ്ങളും രാഷ്ട്ര സമ്പത്തിനെ വിദേശ രാജ്യങ്ങളിലേക്കൊഴുക്കുകയാണ്. വാഷിംഗ്ടണ്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഗ്ലോബല്‍ ഫൈനാന്‍ഷ്യല്‍ ഇന്റഗ്രിറ്റിയുടെ പഠനപ്രകാരം ഇന്ത്യക്കാര്‍ക്ക് ഒന്‍പത് ലക്ഷം കോടി ഡോളര്‍ വിദേശ ബേങ്കുകളില്‍ അവിഹിത നിക്ഷേപമുണ്ട്. ബര്‍ലിന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന “ട്രാന്‍സ്പാരന്‍സി ഇന്റര്‍നാഷനല്‍” അവരുടെ റിപ്പോര്‍ട്ടില്‍ പറയുന്നത് ഓരോ ദിവസവും കോടിക്കണക്കിന് ഇന്ത്യന്‍ പണം വിദേശ ബേങ്കുകളിലേക്ക് ഒഴുകിക്കൊണ്ടിരിക്കുകയാണ് എന്നാണ്.
രാജ്യത്തിന്റെ സമ്പത്ത് ചോര്‍ത്തിക്കൊണ്ടുപോകാന്‍ നവ ഉദാരവത്കരണ നയങ്ങള്‍ രാജ്യാന്തര കുത്തകകള്‍ക്ക് സൗകര്യമൊരുക്കിക്കൊടുത്തിരിക്കുന്നു. നാനാ വിധമായ കരാറുകളും ആയുധ ഇടപാടുകളും പൊതുമേഖലയുടെ അപനിക്ഷേപവത്കരണവും സ്വകാര്യവത്കരണവും രാഷ്ട്രത്തിന്റെ സമ്പത്തും അധികാരവും നഷ്ടപ്പെടുത്തുന്ന അപദേശീയവത്കരണമാണ് സൃഷ്ടിച്ചിരിക്കുന്നത്.
രാഷ്ട്ര അധികാരവും സമ്പത്തും നഷ്ടപ്പെടുത്തി അമേരിക്കയുടെ കോളനിയായി മാറുകയാണ് രാജ്യം. ജനങ്ങള്‍ അടിമകളും ദരിദ്രരുമായിത്തീരുകയാണ്.

Latest