Connect with us

Gulf

മയക്കു മരുന്നുപയോഗം വര്‍ധിക്കുന്നു; ശൂറ കൗണ്‍സിലിന് ആശങ്ക

Published

|

Last Updated

മസ്‌കത്ത്:രാജ്യത്ത് മയക്കു മരുന്നു ഇടപാടും ഉപയോഗവും വര്‍ധിക്കുന്നതില്‍ ശൂറ കൗണ്‍സില്‍ ആശങ്ക പ്രകടിപ്പിച്ചു. മയക്കു മരുന്നു കടത്തിനും വില്‍പനക്കുമെതിരെ റോയല്‍ ഒമാന്‍ പോലീസ് നടത്തി വരുന്ന നടപടികള്‍ക്കു പുറമെ മറ്റു വകുപ്പുകളുടെ കൂടി സഹകരണത്തോടെ ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌കരിക്കണമെന്നാണ് കഴിഞ്ഞ ദിവസം ചേര്‍ന്ന ശൂറ കൗണ്‍സിലില്‍ ഉയര്‍ന്നു വന്ന ചര്‍ച്ച. അടുത്തിടെ മയക്കു മരുന്നു പിടികൂടുന്ന സംഭവങ്ങള്‍ വര്‍ധിച്ച സാഹചര്യത്തില്‍ കൂടിയാണ് ശൂറ കൗണ്‍സിലിന്റെ ഇടപെടല്‍. അടുത്തിടെ വന്‍തോതിലുള്ള മയക്കു മരുന്നു ശേഖരം രാജ്യത്തിന്റെ വിവിധ മേഖലകളില്‍നിന്നായി പോലീസ് പിടിച്ചെടുത്തു. ഇവയില്‍ കൂടുതലും ഹെയ്‌റോയിന്‍ ആയിരുന്നു. ട്രമഡോള്‍ ടാബ്‌ലറ്റുകള്‍, ഹാഷിഷ്, കഞ്ചാവ് എന്നിവയും പിടിക്കപ്പെട്ടു. സലാല ഭാഗത്തുനിന്നാണ് കഞ്ചാവുകള്‍ കൂടുതലായി പിടിച്ചത്. രാജ്യത്തേക്ക് വിസയോ മറ്റു രേഖകളോ ഇല്ലാതെ നുഴഞ്ഞു കയറിവരും താമസ കുടിയേറ്റ നയമം ലംഘിച്ച് തങ്ങുന്നവരുമാണ് മയക്കു മരുന്നു ഇടപാട് നടത്തുന്നവരില്‍ അധികവും. കഴിഞ്ഞ രണ്ടു മാസത്തിനിടെ 15 കിലോയിലധികം ഹെയ്‌റോയിനാണ് പോലീസ് പിടിച്ചെടുത്തത്. ഏതാണ്ട് പത്തു ലക്ഷം ഡോളര്‍ വില വരുന്ന മയക്കു മരുന്നാണിത്. രാജ്യാന്തര മയക്കു മരുന്നു മാഫിയയുടെ ശൃംഖലകളാണ് രാജ്യത്ത് മയക്കു മരുന്നു കടത്തുന്നതും വിതരണം ചെയ്യുന്നതുമെന്നാണ് പോലീസ് പറയുന്നത്. അതേസമയം, രാജ്യത്ത് സ്വദേശികളിലുള്‍പെടെ മയക്കു മരുന്ന് ഉപയോഗം വര്‍ധിച്ചു വരുന്നതിലും ശൂറ കൗണ്‍സില്‍ ആശങ്ക രേഖപ്പെടുത്തി. മയക്കു മരുന്നുപയോഗത്തിലും വ്യാപാരത്തിലും സ്വദേശികള്‍ ഉള്‍പെടുന്നുവെന്നത് ഗൗരവത്തോടെയാണ് ശൂറ കൗണ്‍സില്‍ ചര്‍ച്ച ചെയ്തത്. പുതിയ തലമുറക്ക് ഭീഷണി സൃഷ്ടിക്കുന്ന പ്രവണതയാണിതെന്നും കനത്ത ജാഗ്രതയും നടപടികളും വേണമെന്നും അംഗങ്ങള്‍ ആവശ്യപ്പെട്ടു. വിവിധ വകുപ്പുകളുടെ സംയുക്ത പ്രവര്‍ത്തനത്തിലൂടെ മയക്കു മരുന്നു വ്യാപനത്തെ തടയണമെന്നാണ് ശൂറ കൗണ്‍സില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

Latest