Connect with us

Gulf

ഒമാനി കുട്ടികള്‍ കൊടുങ്കാറ്റായി:ആസ്‌ട്രേലിയക്കെതിരെ സമനില

Published

|

Last Updated

മസ്‌കത്ത്: മൂന്നു തവണ ലോകകപ്പ് ഫൈനലില്‍ കളിച്ചിട്ടുള്ള ആസ്‌ട്രേലിയയുടെ ലോകകപ്പ് പ്രവേശത്തിന് വെല്ലുവിളി സൃഷ്ടിച്ച് സിഡ്‌നിയില്‍ ഒമാന്‍ ടീമിന്റെ പടയോട്ടം. ആസ്‌ട്രേലിയയെ മുള്‍ മുനയില്‍ നിര്‍ത്തി കളിക്കളത്തില്‍ ആവേശം സൃഷ്ടിച്ച ഒമാന്‍ ഒടുവില്‍ സമനിലക്കു വഴങ്ങി. രണ്ടു വീതം ഗോളുകളാണ് ഇരു ടീമുകളും നേടിയത്.
ലോകകപ്പ് യോഗ്യതയില്‍ ആസ്‌ട്രേലിയയുടെ റാങ്ക് പിറകിലേക്ക് താഴ്ത്തിയാണ് ആദ്യ പകുതിയില്‍ രണ്ടു ഗോളിന്റെ മോധാവിത്തത്തോടെ ഒമാന്‍ വെല്ലുവിളി സൃഷ്ടിച്ചത്. പലവട്ടം ലോകകപ്പില്‍ കളിച്ചിട്ടുള്ള ആസ്‌ട്രേലിയന്‍ ടീമിന് അഭിമാന പോരാട്ടം കൂടിയായിരുന്നു ഇന്നലെ. ഗോള്‍ വഴങ്ങാതെ പൊരുതി തിന്ന ഒമാന്‍ താരങ്ങള്‍ ഒടുവില്‍ ആസ്‌ട്രേലിയയുടെ പ്രതിരോധപ്പാച്ചിലിനു വഴങ്ങുകയായിരുന്നു. ആസ്‌ട്രേലിയയുടെ തിം കാഹിലും ബ്രിട്ട് ഹോല്‍മനും ആണ് സമനില ഗോളുകള്‍ നേടിക്കൊടുത്തത്. ഇതോടെ ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ഏഷ്യ ഗ്രൂപ്പ് ബിയില്‍ ആസ്‌ട്രേലിയ ജപ്പാന് പിറകില്‍ രണ്ടാമതായി ഇടം പിടിച്ചു. ഇതേ ഗ്രൂപ്പില്‍ ആസ്‌ട്രേലിയയുടെ അതേ പോയിന്റുമായി ഒമാനുമുണ്ട്.
അടുത്ത വര്‍ഷം ബ്രസീലില്‍ നടക്കുന്ന ലോകകപ്പ് മത്സരത്തില്‍നിന്നും തെന്നി മാറുമായിരുന്ന ആസ്‌ട്രേലിയ ഒമാനി കുട്ടികളുടെ കാരുണ്യത്തില്‍ കഷ്ടിച്ചു കടന്നു കൂടുകയായിരുന്നുവെന്ന് അന്താരാഷ്ട്ര സ്‌പോര്‍ട്‌സ് ലേഖകര്‍ വിലയിരുത്തി. ആസ്‌ട്രേലിയക്ക് ഇനിയും അവശേഷിക്കുന്ന മൂന്നു കളിയില്‍നിന്നും ഗ്രൂപ്പ് ബിയിലെ രണ്ടാംസ്ഥാനം നില നിര്‍ത്തേണ്ടതുണ്ട്. ഒമാനും ലോകകപ്പ് യോഗ്യതക്ക് ഇറാഖിനെയും ജോര്‍ദാനെയും മറി കടന്ന് മുന്നേറേണ്ടതുണ്ട്.