Connect with us

Kannur

ഫീസ് വര്‍ധന: കെ എസ് യു നടത്തിയ മാര്‍ച്ചിലും സംഘര്‍ഷം

Published

|

Last Updated

കണ്ണൂര്‍:കണ്ണൂര്‍ സര്‍വകലാശാലയിലെ അമിത ഫീസ് വര്‍ധന പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ഥി സംഘടനകള്‍ നടത്തുന്ന സമരങ്ങള്‍ സംഘര്‍ഷത്തില്‍ കലാശിക്കുന്നു. കഴിഞ്ഞ ദിവസം എസ് എഫ് ഐ നടത്തിയ സമരത്തിന് പിന്നാലെ ഇന്നലെ കെ എസ് യു നടത്തിയ സമരവും അക്രമാസക്തമായി. നാല് ദിവസം മുമ്പാണ് ഫീസ് വര്‍ധന പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് എസ് എഫ് ഐ സമരം തുടങ്ങിയത്. സര്‍വകലാശാലാ പഠന വകുപ്പില്‍ 80 ശതമാനം ഫീസ് വര്‍ധനയാണ് സിന്‍ഡിക്കേറ്റ് വരുത്തിയത്. സ്ഥിരം അധ്യാപകരെ നിയമിക്കുന്നതിനെന്ന് പറഞ്ഞാണ് ഫീസ് വര്‍ധിപ്പിച്ചത്. എന്നാല്‍ 85 ശതമാനവും ഗസ്റ്റ് അധ്യാപകരാണെന്നും 39 പഠന വകുപ്പുകളില്‍ 26ലും കോഴ്‌സ് ഡയറക്ടര്‍മാരില്ലെന്നുമുള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ ഉന്നയിച്ച് വിദ്യാര്‍ഥികള്‍ ഫീസ് വര്‍ധനയെ എതിര്‍ക്കുകയായിരുന്നു. ഈ സാഹചര്യത്തിലാണ് എസ് എഫ് ഐ പ്രത്യക്ഷ സമരത്തിനൊരുങ്ങിയത്.
സമരത്തിന്റെ ആദ്യ ദിവസം തന്നെ പോലീസും വിദ്യാര്‍ഥികളും തമ്മില്‍ ഏറ്റുമുട്ടി. ഇതില്‍ നിരവധി വിദ്യാര്‍ഥികള്‍ക്കും പോലീസിനും പരുക്കേല്‍ക്കുകയും ചെയ്തു. അടുത്ത ദിവസം മുതല്‍ വിദ്യാര്‍ഥികള്‍ അനിശ്ചിതകാല നിരാഹാര സമരത്തിന് തുടക്കമിടുകയായിരുന്നു. നിരാഹാര സമരം മൂന്ന് ദിവസം പിന്നിട്ടപ്പോഴാണ് കെ എസ് യുവും ഇതേ ആവശ്യം ഉന്നയിച്ച് സമരം തുടങ്ങിയത്. ഇതിന്റെ ഭാഗമായി ഇന്നലെ നടത്തിയ മാര്‍ച്ച് വന്‍ സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു.
രാവിലെ 11.30ഓടെ ധര്‍മശാലയില്‍ നിന്ന് പ്രകടനമായി എത്തിയ കെ എസ് യു പ്രവര്‍ത്തകര്‍ മാങ്ങാട്ടുപറമ്പിലെ സര്‍വകലാശാലാ ആസ്ഥാനത്തേക്കെത്തി പിന്നീട് കുത്തിയിരിപ്പ് നടത്തുകയായിരുന്നു. കെ എസ് യു മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് റിജില്‍ മാക്കുറ്റി മാര്‍ച്ച് ഉദ്ഘാടനം ചെയ്തതിന് ശേഷമാണ് അക്രമം തുടങ്ങിയത്. പ്രവര്‍ത്തകര്‍ പോലീസിനെ തള്ളിമാറ്റി സര്‍വകലാശാലയിലേക്ക് ഇരച്ചുകയറുകയായിരുന്നു. തുടര്‍ന്ന് പോലീസ് ലാത്തി വീശുകയും ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തു. പ്രവര്‍ത്തകരും പോലീസും തമ്മിലുണ്ടായ കല്ലേറില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റു. വളപട്ടണം സി ഐ. ബാലകൃഷ്ണന്‍, കെ എസ് യു പ്രവര്‍ത്തകരായ ഷഹനാസ്, റമീസ്, കിരണ്‍ തുടങ്ങിയവര്‍ക്കാണ് സാരമായി പരുക്കേറ്റത്. പിന്നീട് എ ഐ എസ് എഫ് പ്രവര്‍ത്തകരും പ്രതിഷേധവുമായി എത്തിയതോടെ രംഗം കൂടുതല്‍ സംഘര്‍ഷഭരിതമായി. കൂടുതല്‍ പോലീസെത്തിയാണ് വിദ്യാര്‍ഥികളെ നിയന്ത്രിച്ചത്. സര്‍വകലാശാലയിലെ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് എസ് എഫ് ഐയുടെ നിരാഹാര സമരം നാലാം ദിവസത്തിലേക്ക് കടന്നു. സമരത്തിന് അഭിവാദ്യമര്‍പ്പിച്ച് നൂറുകണക്കിന് വിദ്യാര്‍ഥികളാണ് ദിവസവുമെത്തുന്നത്. വരും ദിവസങ്ങളില്‍ യുവജനസംഘടനകളും സമരത്തിന് പിന്തുണ പ്രഖ്യാപിച്ചെത്തുമെന്നാണ് അറിയുന്നത്. അതിനിടെ, കണ്ണൂര്‍ സര്‍വകലാശാലയിലെ ഫീസ് വര്‍ധന സംബന്ധിച്ച് വിദ്യാര്‍ഥികള്‍ ഉന്നയിക്കുന്ന ന്യായമായ ആവശ്യങ്ങള്‍ സര്‍ക്കാര്‍ പരിഗണിക്കുമെന്ന് മന്ത്രി പി കെ അബ്ദുര്‍റബ്ബ് നിയമസഭയെ അറിയിച്ചിട്ടുണ്ട്. വിദ്യാര്‍ഥി സമരത്തിന്റെ ഭാഗമായി 20 ലക്ഷത്തോളം രൂപയുടെ നഷ്ടം സര്‍വകലാശാലക്കുണ്ടായിട്ടുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

Latest