Connect with us

Kasargod

കാസര്‍കോട് പാക്കേജിന് പ്ലാനിംഗ് ബോര്‍ഡ് അംഗീകാരം

Published

|

Last Updated

തിരുവനന്തപുരം:കാസര്‍കോടിന്റെ പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിനുള്ള എ പ്രഭാകരന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് അടിസ്ഥാനമാക്കി രൂപപ്പെടുത്തിയ പ്രത്യേക പാക്കേജിന് പ്ലാനിംഗ് ബോര്‍ഡ് യോഗം തത്വത്തില്‍ അംഗീകാരം നല്‍കി. വിവിധ വകുപ്പുകളിലായി 11,000 കോടി രൂപയുടെ പാക്കേജാണ് തയ്യാറാക്കിയിരിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ വിഹിതവും കേന്ദ്രവിഹിതവും സ്വകാര്യനിക്ഷേപവും സ്വീകരിച്ചുമാണ് പദ്ധതി നടപ്പാക്കുക.
ജില്ലയുടെ എല്ലാ മേഖലകളിലെയും വികസനം ലക്ഷ്യമാക്കിയുള്ളതാണ് പ്രത്യേക പാക്കേജ്. 11,123.07 കോടി രൂപയുടെതാണ് ആകെ പദ്ധതി. പാക്കേജ് നടപ്പാക്കുന്നതിനുള്ള സംസ്ഥാന സര്‍ക്കാര്‍ വിഹിതം 2524.56 കോടി രൂപയാണ്. 756.19 കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ വിഹിതവും 543 കോടി രൂപ വിദേശ സഹായവും 7264.16 കോടി സ്വകാര്യമേഖലയില്‍ നിന്നും പൊതുമേഖലസ്ഥാപനങ്ങളില്‍ നിന്നും പ്രതീക്ഷിക്കുന്നു.
പദ്ധതി തയ്യാറാക്കിയെങ്കിലും ഉദ്യോഗസ്ഥരുടെ അഭാവം പദ്ധതി നടത്തിപ്പിന് തടസ്സമാകുമെന്ന ആശങ്ക യോഗത്തിലുണ്ടായി. കാസര്‍കോട് ജില്ലയില്‍ വേണ്ടത്ര ഉദ്യോഗസ്ഥര്‍ ഇല്ലാത്തതും ഉള്ളവര്‍ തന്നെ കാര്യമായി പ്രവര്‍ത്തിക്കാത്തതും പദ്ധതിയെ പ്രതികൂലമായി ബാധിക്കും. ഈ അവസ്ഥ മാറ്റിയെടുക്കാന്‍ കാസര്‍കോട് പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേക പ്രോത്സാഹനം നല്‍കും.
കാസര്‍കോട് ജോലി ചെയ്യാന്‍ സന്നദ്ധരാകുന്ന ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനക്കയറ്റമാണോ, അതോ ഇന്‍സെന്റീവാണോ നല്‍കേണ്ടതെന്ന് പരിശോധിക്കാന്‍ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി. ജില്ലയുടെ വികസനത്തിന് വൈദ്യുതി ഉത്പാദനത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കണമെന്നാണ് തീരുമാനിച്ചിരിക്കുന്നത്. ഒപ്പം മത്സ്യ-ആരോഗ്യ-മൃഗ സംരക്ഷണ മേഖലകള്‍ക്കും ഭാഷാ ന്യൂനപക്ഷക്ഷേമത്തിനും കൂടുതല്‍ ഊന്നല്‍ നല്‍കും.
പദ്ധതിക്കുവേണ്ട ഫണ്ട,് സര്‍ക്കാറിന് പുറമെ കേന്ദ്ര-വിദേശസഹായത്തോടെയും പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയും കണ്ടെത്തുമെന്ന് യോഗത്തിനുശേഷം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു. ഇതില്‍ ഏറ്റവും പ്രധാനം 700 കോടിയിലേറെ ചെലവ് വരുന്ന ചീമേനിയിലെ വൈദ്യുത പദ്ധതിക്കാണെന്നും അദ്ദേഹം വ്യക്തമാക്കി. കൂടുതല്‍ തുക വ്യവസായ മേഖലക്കാണ്. – 6852 കോടി. ഊര്‍ജം – 827 കോടി, റോഡ,് പാലം 787 കോടി, ജലവിതരണം 760 കോടി, കൃഷി 639 കോടി, മാലിന്യനിര്‍മാര്‍ജനവും ശുചിത്വവും – 238 കോടി, ആരോഗ്യം – 216 കോടി, മത്സ്യബന്ധനം 205 കോടി എന്നിവയാണ് മുന്‍ഗണനയിലുള്ളത്. 19 മേഖലകളിലായി 448 പദ്ധതികള്‍ നടപ്പാക്കും.
പദ്ധതികളുടെ നടത്തിപ്പിനെക്കുറിച്ച് പരിശോധിക്കാന്‍ ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ പ്രാദേശിക തലത്തിലും ആസൂത്രണ ബോര്‍ഡ് ഉപാധ്യക്ഷന്‍ അദ്ധ്യക്ഷനായി സംസ്ഥാനതലത്തിലും സമിതികളും രൂപവത്കരിച്ചു.
കാസര്‍കോടിന് കേന്ദ്രത്തിന്റെ ന്യൂനപക്ഷ, പിന്നാക്ക ജില്ലകളുടെ പട്ടികയില്‍ സ്ഥാനം പിടിക്കാന്‍ കഴിയാത്തതിനാല്‍ ജില്ലക്ക് അര്‍ഹതപ്പെട്ട പല ആനുകൂല്യങ്ങളും ലഭിക്കുന്നില്ലെന്ന് യോഗം വിലയിരുത്തി. അതുകൊണ്ട് കാസര്‍കോടിന് ഈ പദവി ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സജീവമാക്കാനും യോഗം സംസ്ഥാന സര്‍ക്കാറിനോട് ശിപാര്‍ശ ചെയ്തു.

Latest