Connect with us

Gulf

ബേങ്ക് മസ്‌കത്ത് ബ്രാഞ്ചില്‍ തോക്കു ചൂണ്ടി കവര്‍ച്ചാ ശ്രമം

Published

|

Last Updated

മസ്‌കത്ത്: ബേങ്ക് ജീവനക്കാരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി കവര്‍ച്ചാ ശ്രമം. ബേങ്ക് മസ്‌കത്ത് ഫഞ്ജ ബ്രാഞ്ചില്‍ ഇന്നലെ രാവിലെയാണ് സംഭവം നടന്നത്. എന്നാല്‍ കവര്‍ച്ചാ ശ്രമം പരാജയപ്പെട്ടതായും പണമോ വസ്തുക്കളോ നഷ്ടപ്പെട്ടിട്ടില്ലെന്നും ബേങ്ക് അധികൃതര്‍ അറിയിച്ചു.
ഇന്നലെ രാവിലെ ബേങ്കില്‍ ഒരു മീറ്റിംഗ് നടന്നു കൊണ്ടിരിക്കേയാണ് തോക്കുധാരിയായ മോഷ്ടാവ് പിറകിലെ വാതില്‍ വഴി അകത്തേക്കു കടന്നതെന്ന് ബ്രാഞ്ച് മാനേജര്‍ അംറു ബിന്‍ സഈദ് ബിന്‍ സലീം അല്‍ സവായ് മാധ്യമങ്ങളോട് പറഞ്ഞു. സാധാരണ ബേങ്ക് ജീവനക്കാര്‍ രാവിലെ ഏഴു മണിക്കാണ് ജോലിക്കായി എത്തുന്നത്. എട്ടു മണിക്ക് ബേങ്ക് പ്രവര്‍ത്തനം ആരംഭിക്കും. മോഷ്ടാവ് എത്തിയ സമയത്ത് മുന്‍വശത്തെ വാതില്‍ ലോക്ക് ചെയ്തിരിക്കുകയായിരുന്നു. അകത്തു കടന്ന അക്രമി ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും പണം സൂക്ഷിച്ച അറയുടെ താക്കോല്‍ ആവശ്യപ്പെടുകയുമായിരുന്നു.
എന്നാല്‍ അവര്‍ ഭയപ്പെടാതെ നില്‍ക്കുകയും അദ്ദേഹത്തോട് സംസാരിക്കാന്‍ തയാറാവുകയുമായിരുന്നു. മോഷ്ടാവിന് താക്കാല്‍ നല്‍കാമെന്ന് സമ്മതിക്കുകയും ചെയ്തു. എന്നാല്‍ അദ്ദേഹം പെട്ടെന്ന് പുറത്തേക്കിറങ്ങി ഓടുകയായിരുന്നു. എന്തെങ്കിലും എടുക്കുകയോ ആരെയെങ്കിലും ആക്രമിക്കുകയോ ചെയ്തില്ലെന്നും മാനേജര്‍ പറഞ്ഞു. 20 വയസ് പ്രായം തോന്നിക്കുന്ന തോക്കുധാരി ഒമാനി പരമ്പരാഗത വസ്ത്രമായ ഡിഷ്ഡാഷയും സഊദി പൗരന്‍മാരുടെതു പോലെയുള്ള തലയില്‍ക്കെട്ടുമാണ് ധരിച്ചിരുന്നത്.
ബേങ്ക് മസ്‌കത്ത് ബ്രാഞ്ചില്‍ കവര്‍ച്ചാ ശ്രമം നടന്നത് റോയല്‍ ഒമാന്‍ പോലീസ് സ്ഥിരീകരിച്ചു. സംഭവം സംബന്ധിച്ച് അന്വേഷണം നടന്നു വരികയാണ്. പോലീസിന് വിവരങ്ങള്‍ നല്‍കുന്നതിനും അന്വേഷണത്തില്‍ സഹായിക്കുന്നതിനുമായി ഇന്നലെ ഏറെ നേരം ചെലവഴിച്ചുവെന്നും മാനേജര്‍ പറഞ്ഞു.

Latest