Connect with us

Thrissur

കോടശ്ശേരി പഞ്ചായത്തില്‍ മട്ടുപ്പാവില്‍ പച്ചക്കറി കൃഷി

Published

|

Last Updated

കോടശേരി: കോടശേരി പഞ്ചായത്തില്‍ മട്ടുപ്പാവില്‍ പച്ചക്കറി കൃഷിചെയ്യുന്നതിനായി ഗ്രോബാഗുകളില്‍ വളര്‍ത്തിയ പച്ചക്കറി തൈകളുടെ വിതരണം നടത്തി. കൃഷിഭവനുകള്‍ മുഖേന വഴുതിന, മുളക്, തക്കാളി, പാവല്‍, പടവലം, പയര്‍ മുതലായ പച്ചക്കറി തൈകളാണ് വിതരണം ചെയ്തത്. കൂടാതെ വിത്ത് പായ്ക്കറ്റുകള്‍, ആവശ്യമായ വളം എന്നിവയും ഇതോടൊപ്പം നല്‍കി. കര്‍ഷകര്‍ക്ക് ഗ്രോബാഗുകള്‍ അവരവരുടെ വീട്ടില്‍ എത്തിച്ച് നല്‍കുന്നതാണ് പദ്ധതി. 900 രൂപ വിലവരുന്ന ഗ്രോബാഗുകള്‍ക്കായി കര്‍ഷകര്‍ 450 രൂപവീതം നേരത്തേ കൃഷിഭവനില്‍ അടച്ചിരുന്നു. ആദ്യം രജിസ്റ്റര്‍ചെയ്ത അന്‍പത് കര്‍ഷകര്‍ക്ക് 10 ഗ്രോബാഗുകള്‍ വീതം ലഭിച്ചു. പഞ്ചായത്ത് ഈ പദ്ധതിയിലേക്കായി 50,000 രൂപയാണ് വകയിരുത്തിയിട്ടുള്ളത്. പദ്ധതിയുടെ ഉദ്ഘാടനം കോടശേരി പഞ്ചായത്ത് പ്രസിഡന്റ് സി കെ ശശി നിര്‍വ്വഹിച്ചു. ഉദ്ഘാടനത്തിനോടനുബന്ധിച്ച് ഗ്രോബാഗ് കൃഷിയെക്കുറിച്ച് വെജിറ്റബിള്‍ ആന്റ് ഫ്രൂട്‌സ് പ്രൊമോഷന്‍ കൗണ്‍സില്‍ ഉദ്യോഗസ്ഥര്‍ ക്ലാസെടുത്തു.

കര്‍ഷകര്‍ക്ക് സബ്‌സിഡി നിരക്കില്‍ മോട്ടോര്‍ പമ്പുസെറ്റ് വിതരണം ചെയ്യുന്ന പദ്ധതി പ്രകാരം 30 പേര്‍ക്ക് 50 ശതമാനം സബ്‌സിഡിയില്‍ പമ്പുസെറ്റുകള്‍ നല്‍കും. കര്‍ഷകര്‍ വിലകൊടുത്തു വാങ്ങുന്ന പമ്പുസെറ്റുകള്‍ക്ക് 5000 രൂപവരെയുള്ള പരമാവധി സബ്‌സിഡി അവരുടെ അക്കൗണ്ടിലേക്ക് അയയ്ക്കും. ആകെ 1.50 ലക്ഷം രൂപയാണ് ഇതിലേക്കായി വകയിരുത്തിയിരിക്കുന്നത്. എസ് ടി വിഭാഗക്കാര്‍ക്ക് സബ്‌സിഡി നിരക്കില്‍ പമ്പുസെറ്റുകള്‍ നല്‍കുന്നതിനായി 60000 രൂപയും വകയിരുത്തിയിട്ടുണ്ട്. പത്തുപേര്‍ക്കാണ് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക. ഒരാള്‍ക്ക് പരമാവധി 6000 രൂപവരെ ലഭിക്കും.