Connect with us

Kasargod

പ്രഭാകരന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന് അംഗീകാരം:ജില്ലയുടെ വികസന കുതിപ്പിന് ചിറക് വിരിയുന്നു

Published

|

Last Updated

കാസര്‍കോട്: ജില്ലയുടെ സമഗ്രവികസന പദ്ധതിക്കു പ്രതിവര്‍ഷം 200 കോടി രൂപയുടെ പ്രത്യേക ഫണ്ട് അനുവദിക്കുന്നതിന് സംസ്ഥാന ആസൂത്രണ ബോര്‍ഡിന്റെ അംഗീകാരം ലഭിച്ചതോടെ പ്രതീക്ഷയുടെ പുത്തന്‍ ചിറക് വിരിയുന്നു.
പന്ത്രണ്ടാം പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഫണ്ട് നല്‍കാനാണ് കഴിഞ്ഞ ദിവസം ചേര്‍ന്ന ആസൂത്രണ ബോര്‍ഡ് യോഗം തീരുമാനിച്ചത്. ജില്ലയുടെ സമഗ്രവികസനം ലക്ഷ്യമാക്കി 11,123.07 കോടി രൂപയുടെ പ്രത്യേക പാക്കേജാണ് കാസര്‍കോടിനായി പ്രഖ്യാപിച്ചിരിക്കുന്നത്. പദ്ധതി കാലാവധി കഴിയുന്ന നാലുവര്‍ഷം കൊണ്ട് സര്‍ക്കാര്‍ വിഹിതമായി ജില്ലയ്ക്ക് 800 കോടി രൂപ ലഭിക്കും. പുറമെ സര്‍ക്കാര്‍ വകുപ്പുകളുടെ മറ്റുവിഹിതവും. കാസര്‍കോട് ജില്ലയുടെ പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിനു മുന്‍ ചീഫ് സെക്രട്ടറി ഡോ. പി പ്രഭാകരന്‍ തയാറാക്കിയ റിപ്പോര്‍ട്ട് പരിഗണിച്ചാണ് ആസൂത്രണ ബോര്‍ഡ് പദ്ധതി.
കാസര്‍കോട്ട് പ്രവര്‍ത്തിക്കുന്നതിന് ഉദ്യോഗസ്ഥരില്‍ താത്പര്യം ഉണ്ടാക്കുന്നതിന് പ്രത്യേക പ്രോത്സാഹനം നല്‍കാനും തീരുമാനിച്ചു. ഇതു സംബന്ധിച്ച നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി.
കാസര്‍കോട് ഭാഷാന്യൂനപക്ഷങ്ങളായ കന്നട സംസാരിക്കുന്നവരുടെ പി എസ് സി നിയമനം വൈകുന്നതായി യോഗം വിലയിരുത്തി. അവരുടെ നിയമന പ്രക്രിയകള്‍ വേഗത്തിലാക്കാന്‍ പി എസ് സിയോട് ആവശ്യപ്പെടും. സംസ്ഥാനത്ത് ഏറെ പിന്നാക്കം നില്‍ക്കുന്ന ജില്ലയാണെങ്കിലും കാസര്‍കോടിന് അത്തരം പരിഗണന ലഭിക്കുന്നില്ല.
കേന്ദ്രം പ്രഖ്യാപിച്ചിട്ടുള്ള ന്യൂനപക്ഷ പിന്നാക്ക ജില്ലകളുടെ പട്ടികയില്‍ സ്ഥാനം പിടിക്കാനും കാസര്‍കോടിന് ഇതേവരെ കഴിഞ്ഞിട്ടില്ല.
ജില്ലയില്‍ വൈദ്യുതി ഉത്പാദനത്തിനു കൂടുതല്‍ പ്രാധാന്യം നല്‍കണമെന്നും തീരുമാനിച്ചു. ഇതോടൊപ്പം മത്സ്യ ആരോഗ്യ മൃഗസംരക്ഷണ മേഖലകള്‍ക്കും ഭാഷാന്യൂനപക്ഷക്ഷേമത്തിനും ഊന്നല്‍ നല്‍കും. പദ്ധതിക്കാവശ്യമായ ഫണ്ട്, സര്‍ക്കാരിന് പുറമെ കേന്ദ്ര വിദേശ സഹായത്തോടെയും പൊതുസ്വകാര്യ പങ്കാളിത്തത്തോടെയും കണ്ടെത്തുമെന്നു യോഗത്തിനുശേഷം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു.
കാസര്‍കോടിനായി 11,123.07 കോടി രൂപയുടെ പ്രത്യേക പദ്ധതിക്കാണ് രൂപം നല്‍കിയിരിക്കുന്നത്. ഈ ഫണ്ട് സംസ്ഥാന സര്‍ക്കാര്‍ നാലുവര്‍ഷം കൊണ്ട് നല്‍കുന്ന 800 കോടി ഉള്‍പ്പെടെ വിവിധ വകുപ്പുകളുടെ വിഹിതമായി 2524.56 കോടി, കേന്ദ്ര സര്‍ക്കാര്‍ വിഹിതമായി 756.19 കോടി, വിദേശ സഹായമായി 543 കോടി, സ്വകാര്യ മേഖലയും പൊതുമേഖലാ സ്ഥാപനങ്ങളും ചേര്‍ന്ന് 7264.16 കോടി രൂപ എന്നിങ്ങനെയാണ് തുക കണ്ടെത്തുക. അനുവദിച്ച പാക്കേജ് നടപ്പിലാകുന്നതോടെ ജില്ലയുടെ മുഖച്ഛായ തന്നെ മാറുമെന്ന പ്രതീക്ഷയാണ് ജനങ്ങള്‍ക്കുള്ളത്.
ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചവരേയും ജില്ലയുടെ വികസന കുതിപ്പിനുവേണ്ടി സര്‍ക്കാറില്‍ സമ്മര്‍ദം ചെലുത്തിയ കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തലയെയും ഡി സി സി വൈസ് പ്രസിഡന്റ് പി എ അശ്‌റഫലി അഭിനന്ദിച്ചു.

Latest