Connect with us

Editors Pick

കടലില്‍ സംസ്ഥാനങ്ങളുടെ അധികാര പരിധി കുറക്കുന്നു

Published

|

Last Updated

തിരുവനന്തപുരം:കടലില്‍ സംസ്ഥാനങ്ങളുടെ അധികാര പരിധി 12 നോട്ടിക്കല്‍ മൈലില്‍ (22 കിലോമീറ്റര്‍) താഴെയാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നിയമം കേരളത്തിലെ മത്സ്യബന്ധന മേഖലക്ക് തിരിച്ചടിയാകുമെന്ന് ആശങ്ക. കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കരിക്കുന്ന സമുദ്ര മത്സ്യബന്ധന നിയന്ത്രണ പരിപാലന നിയമമാണ് കേരളത്തെ ദോഷകരമായി ബാധിക്കുക. 22 കിലോമീറ്ററിന് അപ്പുറമുള്ള കടല്‍ പ്രദേശം 200 നോട്ടിക്കല്‍ മൈല്‍ വരെ കേന്ദ്ര സര്‍ക്കാറിന്റെ അധീനതയിലായിരിക്കും. ഒപ്പം പ്രദേശത്തെ മത്സ്യമേഖലാ പരിപാലനവും സുരക്ഷയും കേന്ദ്ര സര്‍ക്കാറില്‍ നിക്ഷിപ്തമാകും.
ഈ മേഖലയില്‍ മത്സ്യബന്ധനം നടത്തണമെങ്കില്‍ യാനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാറിന്റെ പെര്‍മിറ്റും ലൈസന്‍സും നിര്‍ബന്ധമാണെന്ന് ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്. മത്സ്യലഭ്യത കുറഞ്ഞ സംസ്ഥാനത്ത് പുതിയ നിയമം പ്രതിസന്ധി കൂടുതല്‍ രൂക്ഷമാക്കും. കേരളത്തിലെ പ്രമുഖ മത്സ്യബന്ധന തീരങ്ങളില്‍ മത്സ്യ ലഭ്യതയില്‍ വന്‍ കുറവുള്ളതായാണ് റിപ്പോര്‍ട്ടുകള്‍. ഇതിനിടെയാണ് കേന്ദ്ര സര്‍ക്കാര്‍ പുതിയ നിയമം പ്രാബല്യത്തില്‍ വരുത്തുന്നത്.
തീര സംരക്ഷണ സേനക്കോ കേന്ദ്ര ഏജന്‍സികള്‍ക്കോ ആയിരിക്കും പരിശോധനാചുമതല. ലൈസന്‍സില്ലാതെ ഈ മേഖലയില്‍ പ്രവേശിക്കുന്ന യാനങ്ങള്‍ പിടിച്ചെടുക്കാനും തൊഴിലാളികളെ അറസ്റ്റ് ചെയ്ത് മൂന്ന് വര്‍ഷം വരെ തടവിലിടാനും ഒമ്പത് ലക്ഷം വരെ പിഴ ഈടാക്കാനും ബില്ല് വ്യവസ്ഥ ചെയ്യുന്നുണ്ട്. അതെസമയം മത്സ്യത്തൊഴിലാളികളുടെ ഉപജീവനം, ആഴക്കടല്‍ മേഖലയിലെ മത്സ്യബന്ധന അവകാശം, തീര സംസ്ഥാനങ്ങളുടെ മത്സ്യബന്ധന നിയമങ്ങള്‍, പരിപാലനം എന്നിവ സംബന്ധിച്ച് ബില്ലില്‍ പരാമര്‍ശങ്ങളില്ല.
2004ലെ സുനാമിക്ക് ശേഷം സംസ്ഥാനത്തെ കടലില്‍ മത്സ്യസമ്പത്ത് കുറഞ്ഞിരുന്നു. ഇതിനാല്‍ ആഴക്കടലിലേക്ക് മത്സ്യം തേടിപ്പോകുന്ന അവസ്ഥയിലാണ് പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍. തദ്ദേശീയ മത്സ്യത്തൊഴിലാളികളെ ആഴക്കടല്‍ മത്സ്യബന്ധനത്തിന് പ്രാപ്തരാക്കണമെന്ന് എല്ലാ സംസ്ഥാനങ്ങളില്‍ നിന്നും ആവശ്യം ഉയര്‍ന്നു വരുന്നതിനിടെയാണ് ഇതെല്ലാം നിരാകരിക്കുന്ന തരത്തില്‍ പുതിയ നിയമം നടപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നത്. 12 മീറ്ററിന് മുകളില്‍ നീളമുള്ള യാനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാറിന്റെ ലൈസന്‍സ് എടുക്കണമെന്നാണ് മറ്റൊരു വ്യവസ്ഥ.
സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന രജിസ്‌ട്രേഷനും കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ മൂന്നുതരം രജിസ്‌ട്രേഷനുകളുമാണിത്. സംസ്ഥാനത്ത് 428 ഗില്‍നെറ്റ് ബോട്ടുകളും 3,982 ട്രോള്‍ ബോട്ടുകളും 14,151 ഇന്‍ബോര്‍ഡ് ഔട്ട്‌ബോര്‍ഡ് വള്ളങ്ങളും നിലവില്‍ രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തിക്കുന്നുണ്ട്. ഇവയില്‍ പലതും നിലവില്‍ പുറംകടലിലാണ് മത്സ്യബന്ധനം നടത്തുന്നത്. എന്നാല്‍ പുതിയ നിയമം വരുന്നതോടെ ആഴക്കടലില്‍ മത്സ്യബന്ധനം നടത്തണമെങ്കില്‍ വന്‍തുക മുടക്കി വീണ്ടും രജിസ്‌ട്രേഷന്‍ എടുക്കണം. കേന്ദ്ര നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ചല്ല ഈ യാനങ്ങള്‍ നിര്‍മിച്ചിരിക്കുന്നത്. അതിനാല്‍ ഇവക്ക് രജിസ്‌ട്രേഷന്‍ ലഭിക്കാനുള്ള സാധ്യതയും കുറവാണ്. ഉള്‍ക്കടലില്‍ മത്സ്യത്തൊഴിലാളികള്‍ക്കുനേരെയുണ്ടാകുന്ന ആക്രമണങ്ങളെ ചെറുക്കാനും ബില്ലില്‍ വ്യവസ്ഥയില്ലെന്ന് ആക്ഷേപമുണ്ട്.

Latest