Connect with us

Malappuram

ജില്ലയില്‍ കടുത്ത വരള്‍ച്ച നാലായിരം ഹെക്ടര്‍ കൃഷിഭൂമി കരിഞ്ഞുണങ്ങി

Published

|

Last Updated

അരീക്കോട്:വേനല്‍ കനത്തതോടെ ജില്ലയില്‍ നാലായിരത്തോളം ഹെക്ടര്‍ കൃഷി ഭൂമി കരിഞ്ഞുണങ്ങി. 50 കോടിയുടെ വിള നഷ്ടം കണക്കാക്കുന്നു. ഇടക്ക് പെയ്ത വേനല്‍ മഴയിലുണ്ടായ നാല് കോടിയുടെ നഷ്ടം വേറെയും. ജില്ലയിലെ പതിനായിരത്തില്‍ പരം കര്‍ഷകരുടെ പ്രതീക്ഷകളാണ് ഈ വര്‍ഷത്തെ കടുത്ത വേനല്‍ച്ചൂടില്‍ കരിഞ്ഞുണങ്ങിയത്. വേനല്‍ കനക്കുന്നതോടെ നഷ്ടം ഇനിയും കൂടും.
46 ഹെക്ടറിലെ നെല്‍കൃഷി പൂര്‍ണമായും 1972 ഹെക്ടര്‍ ഭാഗികമായും നശിച്ചതായതാണ് കണക്ക്. 1165 ഹെക്ടര്‍ വാഴക്കൃഷിയും 90 ഹെക്ടര്‍ പച്ചക്കറി കൃഷിയും വെള്ളം കിട്ടാതെ നശിച്ചതായാണ് കൃഷിവകുപ്പിന് ലഭിച്ച കണക്ക്. ജില്ലയുടെ എല്ലാ ഭാഗങ്ങളിലും വരള്‍ച്ച മൂലം കൃഷിനാശം ഉണ്ടായിട്ടുണ്ട്. കൂടുതല്‍ നഷ്ടം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത് പരപ്പനങ്ങാടി ഭാഗത്താണ്.
വേങ്ങര, വളാഞ്ചേരി, എടരിക്കോട്, മലപ്പുറം, താനൂര്‍, നിലമ്പൂര്‍ ചുങ്കത്തറ, തിരുവാലി, വണ്ടൂര്‍, പെരിന്തല്‍മണ്ണ, ആതവനാട് തുടങ്ങിയ സ്ഥലങ്ങളിലെല്ലാം കനത്ത കൃഷിനാശം സംഭവിച്ചിട്ടുണ്ട്. വിള നഷ്ടം സംഭവിച്ച് നഷ്ടപരിഹാരത്തിന് അപേക്ഷ നല്‍കി കാത്തിരിക്കുന്ന കര്‍ഷകര്‍ക്ക് നിരാശ മാത്രമാണ് ബാക്കി.
സര്‍ക്കാര്‍ മാനദണ്ഡ പ്രകാരം നൂറ് ശതമാനം നഷ്ടം സംഭവിച്ചവര്‍ക്ക് മാത്രമാണ് നഷ്ടപരിഹാരത്തിന് അര്‍ഹതയുള്ളത്. ജില്ലയില്‍ 5400 കര്‍ഷകരാണ് നഷ്ടപരിഹാരത്തിന് അപേക്ഷ നല്‍കി കാത്തിരിക്കുന്നത്. കേവലം അഞ്ച് ലക്ഷം രൂപ മാത്രമാണ് നഷ്ടപരിഹാരമായി വിതരണം ചെയ്തത്.
കാര്‍ഷിക വിളകള്‍ക്ക് ഇന്‍ഷ്വറന്‍സ് പരിരക്ഷനല്‍കുന്ന പദ്ധതി എങ്ങും എത്താത്തതും കര്‍ഷകര്‍ക്ക് തിരിച്ചടിയായി. മൂന്ന് ശതമാനം കര്‍ശകര്‍ മാത്രമാണ് വിള ഇന്‍ഷ്വറന്‍സ് സ്‌കീമില്‍ ചേര്‍ന്നിട്ടുള്ളത്. മഹിളാകിസാന്‍ ശാക്തീകരണ്‍ യോജന പദ്ധതി പ്രാവര്‍ത്തികമാക്കാത്തതും വിളനഷ്ടത്തിന്റെ ആക്കം കൂട്ടി. നേരത്തെ തന്നെ വരള്‍ച്ചാ ബാധിത ജില്ലകളായി പ്രഖ്യാപിച്ച മലപ്പുറം, പാലക്കാട്, തൃശൂര്‍ ജില്ലകളിലെ കാര്‍ഷിക മേഖലകളിലെ ഉന്നമനത്തിനായി മുന്‍ ബജറ്റുകളില്‍ തുക നീക്കി വച്ചിരുന്നെങ്കിലും കാര്യക്ഷമമായ ഒരു പദ്ധതിയും നടപ്പിലായിട്ടില്ല.
വേനല്‍ കനത്തതോടെ ഭൂഗര്‍ഭ ജല നിരക്ക് മുമ്പെങ്ങുമുണ്ടായിട്ടില്ലാത്ത വിധം താഴ്ന്നതായി വിവിധ ഏജന്‍സികള്‍ നടത്തിയ പഠനങ്ങള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ഏറ്റവും വലിയ വരള്‍ച്ചയാണ് ജില്ല നേരിട്ടുകൊണ്ടിരിക്കുന്നത്.

Latest