Connect with us

Malappuram

ശിക്ഷാ കാലാവധി കഴിഞ്ഞിട്ടും ജയില്‍ മോചിതരാകാതെ യുവാക്കള്‍ നരകിക്കുന്നു

Published

|

Last Updated

മേലാറ്റൂര്‍: വ്യാജ ഫിംഗര്‍ പ്രിന്റ് കേസില്‍ സഊദിയില്‍ അറസ്റ്റിലായ എടപ്പറ്റ സ്വദേശികളായ രണ്ട് യുവാക്കള്‍ ശിക്ഷാ കാലാവധി കഴിഞ്ഞ് ഒന്നര വര്‍ഷം കഴിഞ്ഞിട്ടും ജയില്‍ മോചിതരാകാതെ നരകിക്കുന്നു. എടപ്പറ്റ കൊമ്പംകല്ല് സ്വദേശികളായ ചോലശേരി അബ്ദുല്‍ മജീദ് (40) കാഞ്ഞിരങ്ങാടന്‍ മുഹമ്മദ് ജംഷീര്‍ (25) എന്നിവരാണ് സൗഊദിയിലെ ബുറൈമാന്‍ ജയിലില്‍ അധികൃതരുടെ കനിവ് കാത്ത് കഴിയുന്നത്. ഇതേ സംഭവത്തില്‍ അറസ്റ്റിലായ സഊദി പൗരന്മാരായ രണ്ടുപേരും പാക്കിസ്ഥാനി സ്വദേശിയായ ട്രാവല്‍ ഏജന്റും ശിക്ഷ പൂര്‍ത്തിയാക്കി ജയില്‍ വിട്ടിട്ട് വര്‍ഷം കഴിഞ്ഞെങ്കിലും മലയാളികളായ ഇവരെ ജയിലഴിക്കുള്ളില്‍ നിന്ന് രക്ഷപ്പെടുത്താന്‍ ഇന്ത്യന്‍ എംബസി അധികൃതര്‍ക്കായിട്ടില്ല.
2005 സെപ്തംബര്‍ 25നാണ് മജീദും ജംഷീറും ഉംറ വിസയില്‍ സഊദിയിലേക്ക് തിരിച്ചത്. അഞ്ച് വര്‍ഷത്തോളം അവിടെ വിവിധ ജോലികള്‍ ചെയ്ത ഇരുവരും 2010 നവംബര്‍ അഞ്ചിന് നാട്ടിലേക്ക് പോരാനായി ജിദ്ദ എയര്‍പോര്‍ട്ടിലെത്തി. വീണ്ടും സഊദിയിലേക്ക് വരുന്നത് തടസ്സപ്പെടാതിരിക്കാനായി വ്യാജ ഫിംഗര്‍ പ്രിന്റ് നല്‍കിയാണ് ഇരുവരും നാട്ടിലേക്ക് ടിക്കറ്റ് ശരിയാക്കിയത്. ഇതിന് വേണ്ട സൗകര്യങ്ങള്‍ ചെയ്ത് കൊടുത്തത് ഇവരോടൊപ്പം പിടിയിലായ പാക്കിസ്ഥാന്‍ പൗരനായ ട്രാവല്‍ ഏജന്റും സഊദി പൗരന്മാരായ രണ്ട് പേരുമായിരുന്നു. ഏജന്റ് നിര്‍ദേശിച്ച കൗണ്ടര്‍ മാറി യാത്രാരേഖകള്‍ നല്‍കിയതോടെയാണ് ഇവര്‍ പിടിയിലായത്.
ജിദ്ദ എയര്‍പോര്‍ട്ടില്‍ പിടിയിലായ ഇവരെ ആദ്യ മൂന്ന് മാസം ശറഫിയ്യയിലും തുടര്‍ന്ന് അഞ്ച് മാസം ദഹബാന്‍ ജയിലിലും പാര്‍പ്പിച്ചു. കഴിഞ്ഞ രണ്ട് വര്‍ഷമായി ഇരുവരും ബുറൈബാന്‍ ജയിലിലെ ഏഴാം നമ്പര്‍ കെട്ടിടത്തിലെ രണ്ടാം നമ്പര്‍ സെല്ലിലാണുള്ളത്. കൂട്ടുപ്രതികളെല്ലാം ശിക്ഷാ കാലാവധി കഴിഞ്ഞ് വിവിധ സന്ദര്‍ഭങ്ങളിലായി തടവറ വിട്ടിട്ടും ജയിലഴിക്കുള്ളില്‍ തന്നെ കഴിയുന്ന ഇവര്‍ പല തവണ ജയില്‍ അധികൃതരുടെ കരുണക്കായി യാചിച്ചു നോക്കിയെങ്കിലും ആവശ്യമായ രേഖകള്‍ എംബസി അധികൃതര്‍ എത്തിക്കാതെ രക്ഷയില്ലെന്നായിരുന്നു മറുപടി. വിവിധ സന്ദര്‍ഭങ്ങളില്‍ ജയിലിലെത്തിയ ഇന്ത്യന്‍ എംബസി അധികൃതരെ ഇരുവരും സമീപിച്ച് സങ്കടമുണര്‍ത്തിയെങ്കിലും ഉടന്‍ ശരിയാക്കാം എന്ന മറുപടിയല്ലാതെ യാതൊരു ഫലവുമുണ്ടായില്ല. ഇതിനിടെ നാട്ടുകാരുടെ സഹായത്തോടെ മജീദിന്റെ ഭാര്യ ഉമ്മു ഹബീബ 2011 മാര്‍ച്ച് 10ന് കേന്ദ്ര വിദേശകാര്യ മന്ത്രി ഇ അഹമ്മദിന് ഭര്‍ത്താവിന്റെയും സുഹൃത്തിന്റെയും ജയില്‍ മോചനത്തിന് നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നിവേദനം നല്‍കി. എന്നാല്‍ ഇതുവരെയും യാതൊരു പ്രതികരണവുമുണ്ടായിട്ടില്ല.
ഭാരയും മൂന്ന് മക്കളും വയസായ മാതാപിതാക്കളുമടങ്ങുന്ന മജീദിന്റെ കുടുംബം മൂന്ന് വര്‍ഷത്തോളമായി കണ്ണീര്‍ വാര്‍ത്ത് കഴിയുകയാണ്. മൂത്ത മകള്‍ ഫാമിദ വെള്ളിയഞ്ചേരി എ എസ് എം ഹൈസ്‌കൂളില്‍ എട്ടിലും മകന്‍ ഫവാസ് വെള്ളിയഞ്ചേരി എ യു പി സ്‌കൂളില്‍ അഞ്ചിലും പഠിക്കുന്നു. കൊമ്പംകല്ല് ജി എം എല്‍ പി സ്‌കൂളിന് സമീപം താമസിക്കുന്ന കാഞ്ഞിരങ്ങാടന്‍ അബ്ദുല്ല-ആസ്യ ദമ്പതികളുടെ നാല് മക്കളില്‍ ഏക ആണ്‍ തരിയാണ് 25കാരനായ മുഹമ്മദ് ജംഷീര്‍.
പ്രദേശത്തെ രണ്ട് നിര്‍ധന കുടുംബങ്ങളുടെ ആശ്രയമായ രണ്ട് യുവാക്കള്‍ ശിക്ഷാ കാലാവധി കഴിഞ്ഞിട്ടും അന്യ ദേശത്ത് ജയിലഴിക്കുള്ളില്‍ കുരുങ്ങി കിടക്കുന്നതിന്റെ സങ്കടത്തിലാണ് കൊമ്പംകല്ല് നിവാസികള്‍. രാഷ്ട്രീയ നേതൃത്വമോ, ഭരണാധികാരികളോ, ഉദ്യോഗസ്ഥരോ, പ്രവാസികളോ, പ്രവാസി കൂട്ടായ്മകളോ ആരെങ്കിലും ഇടപെട്ട് ഇരുവരെയും നാട്ടിലെത്തിക്കണമെന്നാണ് മജീദിന്റെയും ജംഷീറിന്റെ നിര്‍ധന കുടുംബത്തോടൊപ്പം ഈ നാട് മുഴുവനും പ്രാര്‍ഥിക്കുന്നത്.

Latest