Connect with us

Articles

ഈ അവധിക്കാലം ആഹ്ലാദകരവും ക്രിയാത്മകവുമാക്കാം

Published

|

Last Updated

പരീക്ഷാക്കാലം കഴിഞ്ഞു. ഇനി രണ്ട് മാസം മധ്യവേനലവധിക്കാലം. കുട്ടികള്‍ ഏറെ ഇഷ്ടപ്പെടുന്ന ദിനങ്ങളാണ് അവധിക്കാലം. പാഠപുസ്തകങ്ങളുടെയും പഠന ടെന്‍ഷനുകളുടെയും പരീക്ഷകളുടെയും ഭാരം ഒന്നിറക്കി വെക്കാന്‍ കഴിഞ്ഞതിന്റെ സമാധാനത്തിലാണവര്‍. ഇനി സ്വാതന്ത്ര്യത്തിന്റെയും ആഹ്ലാദത്തിന്റെയും ദിനങ്ങള്‍.
അവധിക്കാലം അടിച്ചുപൊളിച്ച് ആഹ്ലാദകരമാക്കുന്നതോടൊപ്പം ക്രിയാത്മകമായി ചെലവഴിക്കാനും സാധിക്കണം. നവോന്മേഷം കൈവരിച്ച് അടുത്ത അധ്യയന വര്‍ഷം നേട്ടങ്ങളുടെതാക്കി മാറ്റാന്‍ വേണ്ടിയുള്ളതാണ് അവധിക്കാലം എന്നോര്‍മിക്കണം. അതിനാല്‍ കളിയും ചിരിയും ചിന്തയും പഠനവുമെല്ലാം അവധിക്കാലത്തും ഉണ്ടാകണം.
കുട്ടികളുടെ ഉള്ളറിഞ്ഞ കവി കുഞ്ഞുണ്ണി മാസ്റ്റര്‍ പറയുന്നു: “”കുട്ടികള്‍ക്ക് കളികള്‍ വളരെ പ്രധാനപ്പെട്ടതാണ്. ബൗദ്ധികവും വൈകാരികവും സാമൂഹികവുമായ വളര്‍ച്ചക്ക് കളികള്‍ ആവശ്യമാണ്. അവര്‍ പുറത്ത് മണ്ണില്‍ കളിക്കണം. കുട്ടികള്‍ കളിച്ച് ചിരിച്ച് മണ്ണില്‍ നടക്കണം. മണ്ണില്‍ തൊടാതെ വളരുന്നതാണ് എല്ലാ പ്രശ്‌നങ്ങളുടെയും കാരണം. അങ്ങനെയുള്ള കുട്ടികള്‍ക്ക് പലതിനോടും അലര്‍ജിയാണ്. കഞ്ഞിയോടും ചോറിനോടും അലര്‍ജി””. മണ്ണിനോടും മനുഷ്യരോടും കുട്ടികള്‍ ഇണങ്ങണം. അവര്‍ പ്രകൃതിയെ സ്‌നേഹിക്കണം. പരിസ്ഥിതിയുടെ കൂട്ടുകാരാകണം. മനുഷ്യന്റെ ചങ്ങാതിയാകണം എന്നാണ് കുഞ്ഞുണ്ണി മാസ്റ്റര്‍ പറഞ്ഞുവെക്കുന്നത്. ഒരര്‍ഥത്തില്‍ മണ്ണിനോടും മനുഷ്യരോടും മക്കള്‍ അലര്‍ജി കാട്ടിയാല്‍ ദുരന്തമാണ് ഭവിക്കുകയെന്ന് നാം മറക്കരുത്. മക്കള്‍ അവധിക്കാലത്ത് മനുഷ്യസ്‌നേഹികളും പ്രകൃതിസ്‌നേഹികളുമായി മാറട്ടെ. പ്രകൃതിയിലേക്കൊരു യാത്രയാകാം. നാട്ടിന്‍പുറത്തേക്ക് യാത്രതിരിക്കുക. എല്ലാ കാഴ്ചകളും കാട്ടി, വിവരിച്ച് ബോധ്യങ്ങള്‍ പകരുക.
അവധിക്കാലം കുട്ടികള്‍ക്ക് അറിവും നെറിവും തിരിച്ചറിവും ലഭിക്കാന്‍ ഇടവരുത്തട്ടെ. “”അറിവ് സമ്പാദിക്കുന്നതോടൊപ്പം സദ്ഗുണങ്ങള്‍ വളര്‍ത്തി ഉദാത്തമായി ജീവിതം നയിക്കാന്‍ മനുഷ്യനെ സജ്ജമാക്കുക”” എന്ന ഉദ്ദേശ്യമാണ് വിദ്യാഭ്യാസത്തിനുള്ളത്. ഐക്യരാഷ്ട്ര സഭയുടെ യുനെസ്‌കോ ഏജന്‍സി വിദ്യാഭ്യാസത്തിന്റെ ലക്ഷ്യങ്ങളെ നാലായി തരംതിരിക്കുന്നു. (1) അറിയുവാന്‍ പഠിക്കുക (ഹലമൃിശിഴ ീേ സിീം) (2) ചെയ്യുവാന്‍ പഠിക്കുക (ഹലമൃിശിഴ ീേ റീ) (3) താനാകുവാന്‍ പഠിക്കുക (ഹലമൃിശിഴ ീേ യല) (4) സഹവസിക്കുന്നതിന് പഠിക്കുക (ഹലമൃിശിഴ ീേ ഹശ്‌ല ീേഴലവേലൃ) ഈ ലക്ഷ്യപ്രാപ്തിക്ക് അവധിക്കാലത്തെ പ്രയോജനപ്പെടുത്തുക. വസ്തുതകളെ അറിയാനും ചെയ്തു പഠിക്കാനും സ്വന്തം വ്യക്തിത്വം രൂപപ്പെടുത്താനും സഹജീവികളുമായി പൊരുത്തപ്പെട്ട് ജീവിക്കാനുമുള്ള നല്ല പാഠങ്ങള്‍ അവധിക്കാലം പ്രദാനം ചെയ്യും.
അവധിക്കാലം വന്നതോടെ വിനോദങ്ങളുടെ പട്ടികയുമായി സമ്മര്‍ കോച്ചിംഗ് ക്യാമ്പുകള്‍ എങ്ങും സജീവമായിട്ടുണ്ട്. സ്‌പോര്‍ട്ട്‌സിനും കലാവിനോദങ്ങള്‍ക്കും പ്രത്യേകം പ്രത്യേകം ക്യാമ്പുകളുണ്ട്. വ്യക്തിത്വം, നേതൃത്വം, പ്രസംഗ കല എന്നിവക്കും പരിശീലനവേദികളുണ്ട്. നാട്ടിന്‍പുറം മുതല്‍ നഗരം വരെ ക്ലബ്ബുകളും സന്നദ്ധസംഘടനകളും കുട്ടികള്‍ക്കായി ക്യാമ്പുകള്‍ ഒരുക്കുന്നുണ്ട്. കുട്ടികളുടെ അഭിരുചിക്കനുസരിച്ച് ഏതെങ്കിലുമൊരു ക്യാമ്പില്‍ പങ്കെടുക്കുന്നത് നന്നായിരിക്കും. അത്‌ലറ്റിക്‌സ്, എയറോബിക്‌സ്, ബാസ്‌കറ്റ് ബോള്‍, ബില്യാര്‍ഡ്‌സ്, സ്‌നൂക്കര്‍, ക്രിക്കറ്റ്, ചെസ്സ്, ഫുട്‌ബോള്‍, ഫെന്‍സിംഗ്, കരാട്ടെ, കളരി, കുങ്ഫൂ, കിക്ക് ബോക്‌സിംഗ് തുടങ്ങിയവ കൂടാതെ ചിത്രരചന, അനിമേഷന്‍, ഫോട്ടോഗ്രാഫി, ടൈലറിംഗ് എന്നിവയിലും പരിശീലനങ്ങള്‍ വാഗ്ദാനം ചെയ്യന്ന ക്ലബ്ബുകളുണ്ട്. സാഹസികത ഇഷ്ടപ്പെടുന്നവര്‍ക്ക് റോക്ക് ക്ലൈംബിംഗ്, റാപ്പലിംഗ്, കയാക്കിങ്, ആര്‍ച്ചറി, റൈഫിള്‍ ഷൂട്ടിംഗ്, ഫൈഌയിങ്‌ഫോക്‌സ്, ബര്‍മാബ്രിജ്, സ്വിംഗിംഗ് വാലി ക്രോസിംഗ്, ജൂമര്‍ ക്ലൈംബിംഗ്, ട്രക്കിംഗ്, പ്രകൃതി പഠനം, പക്ഷി നിരീക്ഷണം, നക്ഷത്ര പഠനം തുടങ്ങിയവയും ചില ക്ലബ്ബുകള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. ശാസ്ത്രം ഇഷ്ടപ്പെടുന്നവര്‍ക്ക് സയന്‍സ് പാര്‍ക്ക്, പരീക്ഷണശാലകള്‍, ശാസ്ത്ര ലൈബ്രറി, ശാസ്ത്ര പ്രദര്‍ശനങ്ങള്‍ തുടങ്ങിയവ സന്ദര്‍ശിക്കാം. ദിനപത്രങ്ങള്‍ വായിച്ചാല്‍ അവസരങ്ങള്‍ കണ്ടെത്താവുന്നതേയുള്ളൂ. 18 വയസ്സ് ആയവര്‍ക്ക് ടൂ വീലര്‍, ഫോര്‍ വീലര്‍ ഡ്രൈവിംഗും അവധിക്കാലത്ത് പരിശീലിക്കാം. നേരത്തെ ഡ്രൈവിംഗ് പഠിക്കുന്നതും ടെസ്റ്റ് പാസ്സാകുന്നതുമാണ് കൂടുതല്‍ നല്ലത്. വൈകുന്തോറും പഠിക്കാന്‍ വിരസതയും മടുപ്പും ധൈര്യക്കുറവും തോന്നാനിടയുണ്ട്.
ബുദ്ധിമുട്ടുള്ള വിഷയങ്ങള്‍ക്ക് ദിവസവും ഒന്നര മണിക്കൂര്‍ മാറ്റിെവച്ച് അവധിക്കാലത്ത് പഠിക്കുന്നത് അടുത്ത വര്‍ഷം പരീക്ഷാ വിജയത്തിന് സഹായിക്കും. ഇംഗ്ലീഷ്, കണക്ക്, ഹിന്ദി, മലയാളം ഇവ ബുദ്ധിമുട്ടുള്ളവര്‍ അവ പഠിക്കുന്നതിന് സമയം നീക്കിവെക്കുക. മാതൃഭാഷയായ മലയാളം പഠിച്ചവര്‍ക്കേ ഇനി കേരളത്തില്‍ സര്‍ക്കാര്‍ ജോലി ലഭിക്കൂ. മലയാളിയായിട്ടും മലയാളം അറിയില്ലെന്നു പറയുന്നത് കുറച്ചിലാണ്. മലയാളമറിയാത്തവര്‍ മലയാളം നിര്‍ബന്ധമായും എഴുതാനും വായിക്കാനും പഠിക്കുക. ക്രിയാത്മകമായി അവധിക്കാലം പ്രയോജനപ്പെടുത്തുന്നത് ഇപ്രകാരമാണ്.
അവധിക്കാലത്ത് ബന്ധുവീടുകള്‍ സന്ദര്‍ശിക്കുന്നത് ഉചിതമായിരിക്കും. വ്യക്തിത്വ വികസനത്തിനും കുടുംബ ബന്ധങ്ങള്‍ ഹൃദ്യവും ശക്തവും ആക്കുന്നതിനും സന്ദര്‍ശനങ്ങള്‍ ഉപകരിക്കും. പണ്ട് ബന്ധുവീടുകള്‍ കുട്ടികള്‍ക്ക് ഏറെ താത്പര്യമുള്ളയിടമായിരുന്നു. അവധിക്കാലം മുഴുവന്‍ കുട്ടികള്‍ ബന്ധുവീടുകളില്‍ മാറി മാറിനിന്നിരുന്നു. ഇന്ന് കുട്ടികളുടെ ലോകം ചുരുങ്ങി. കുട്ടികള്‍ സ്വന്തം ബന്ധുക്കളെപ്പോലും തിരിച്ചറിയാതെയായി. ആ കുറവ് ഈ അവധിക്കാലത്ത് പരിഹരിക്കണം. ബന്ധുവീടുകള്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും സുരക്ഷിതമാണെങ്കില്‍ മാത്രമേ അവരെ അവിടെ നിറുത്താവൂ. സ്വന്തം കുടുംബം പോലും സുരക്ഷിതമല്ലാത്ത കാലത്ത് ബന്ധുവീടുകള്‍ സുരക്ഷിതമാണെന്ന് ധരിക്കരുത്. കൊച്ചു കുട്ടികളെപ്പോലും ലൈംഗികമായി പീഡിപ്പിക്കുന്ന ഞരമ്പ് രോഗികള്‍ ഇന്ന് ധാരാളമുണ്ട്. കരുതലും നിതാന്ത ജാഗ്രതയും എപ്പോഴും ഉണ്ടാകണം.
അവധിക്കാലം സൗഹൃദസന്ദര്‍ശനങ്ങള്‍ക്ക് ഉപയോഗിക്കാം. വ്യക്തിബന്ധങ്ങള്‍ സ്ഥാപിക്കാനും സാമൂഹിക ബോധം വളര്‍ത്താനും സ്വന്തം കഴിവും കഴിവുകേടും തിരിച്ചറിയാനും ഇത്തരം സന്ദര്‍ശനങ്ങള്‍ സഹായിക്കും. “”മറ്റുള്ളവരുമായി നാം എത്രമാത്രം ബന്ധപ്പെടുന്നുവോ അത്രയും നാം മാന്യരാകും”” എന്നാണ് പ്രമാണം. കുട്ടികളെ നമുക്ക് മാന്യരാക്കാം. സര്‍വ മനുഷ്യരോടും ആദരവോടും ബഹുമാനത്തോടും കൂടി ഇടപെടാന്‍ അവരെ പഠിപ്പിക്കുക, കാരണം സര്‍വമനുഷ്യരും ആദരണീയരും ബഹുമാനിതരുമാണ്.
വായനാശീലം വളര്‍ത്താനും അവധിക്കാലത്ത് ശ്രമിക്കണം. കുട്ടികള്‍ക്ക് താത്പര്യമുള്ള ചിത്രകഥകള്‍, കഥാപുസ്തകങ്ങള്‍, നോവല്‍, കവിതകള്‍, യാത്രാ വിവരണങ്ങള്‍, സെല്‍ഫ് ഹെല്‍പ് ഗ്രന്ഥങ്ങള്‍, മൂല്യാവബോധ ഗ്രന്ഥങ്ങള്‍ എന്നിവ വാങ്ങിക്കൊടുക്കുന്നത് നന്നായിരിക്കും ദിനപത്രം മുടങ്ങാതെ വായിക്കാനും കൂട്ടുകാരുമൊത്ത് ചര്‍ച്ച ചെയ്യുവാനും അവസരങ്ങള്‍ സൃഷ്ടിക്കണം. ബാലകൗമാരങ്ങള്‍ ലഹരിയുടെ പിടിയിലമരുന്ന കാലഘട്ടമാണിത്. സംഘം ചേര്‍ന്ന് മദ്യപിക്കാനും മോശം കൂട്ടുകെട്ടുകള്‍ കൂടാനും അവസരം നല്‍കാതിരിക്കുക, ആഘോഷങ്ങളും ഉത്സവങ്ങളും വിനോദയാത്രകളും ലഹരിരഹിതമാകണമെന്ന് നിര്‍ദേശിക്കുക. മാതാപിതാക്കള്‍ മാതൃക കാട്ടുക. ആയാസരഹിതമായും അഹ്ലാദപൂര്‍ണമായും കുട്ടികള്‍ അവധിക്കാലം കഴിച്ചുകൂട്ടട്ടെ. പൂത്തുമ്പികളെപ്പോലെ പാറിനടക്കാന്‍, കുസൃതി കാട്ടി രസിക്കാന്‍, ഉല്ലാസത്തോടെ ചുറ്റിക്കറങ്ങാന്‍ ഒക്കെ കുട്ടികള്‍ക്ക് മോഹമുണ്ടാകും. അനുവദിക്കാവുന്നിടത്തോളം ആസ്വദിക്കാന്‍ മക്കള്‍ക്ക് മാതാപിതാക്കള്‍ അവസരം നല്‍കുക. അവധിക്കാലം കുട്ടികളോടൊപ്പം ചെലവഴിക്കാനും ഒരു ചെറിയ വിനോദയാത്രക്കും മാതാപിതാക്കളും തയ്യാറാകുക. ജീവിത സംഘര്‍ഷത്തിന് ഒരയവ് സംഭവിക്കട്ടെ. ചുരുക്കത്തില്‍ സര്‍ഗവാസനങ്ങള്‍ പരിപോഷിപ്പിക്കാനും കുറച്ചുകൂടി മെച്ചെപ്പെട്ട വ്യക്തിത്വത്തിന് ഉടമകളാകാനും അറിവും നെറിവും തിരിച്ചറിവുമുള്ളവരായിത്തീരാനും അവധിക്കാലം പ്രയോജനപ്പെടണം.