Connect with us

National

ഹോളി ആഘോഷത്തിനിടെ ഒഡീഷയില്‍ 14 മരണം

Published

|

Last Updated

ഭുവനേശ്വര്‍: ഹോളി ആഘോഷവുമായി ബന്ധപ്പെട്ട് വ്യത്യസ്ത അപകടങ്ങളിലായി ഒഡീഷയില്‍ 14 പേര്‍ മരിച്ചതായി പോലീസ്. ഹോളി ആഘോഷം കഴിഞ്ഞ് ഒരു ദിവസത്തിന് ശേഷമാണ് പോലീസ് ഇക്കാര്യം വ്യക്തമാക്കിയത്. തലസ്ഥാനമായ ഭുവനേശ്വറിലാണ് പത്ത് പേര്‍ മരിച്ചത്. സംസ്ഥാനത്തിന്റെ മറ്റ് പല ഭാഗങ്ങളിലായി സംഭവിച്ച അപകടങ്ങളിലാണ് ബാക്കിയുള്ളവര്‍ മരിച്ചത്. വെള്ളത്തില്‍ മുങ്ങിയാണ് കൂടുതല്‍ പേരും മരിക്കാനിടയായതെന്ന് പോലീസ് പറഞ്ഞു. ബാല്‍കാട്ടി പ്രദേശത്തുള്ള ബാര്‍ഗബി നദിയില്‍ കുളിക്കുന്നതിനിടെ അഞ്ച് പേര്‍ മുങ്ങിമരിച്ചു.
18നും 20നും ഇടയില്‍ പ്രായമുള്ളവരാണ് മുങ്ങിമരിച്ചത്. പോലീസിന്റെ മുന്നറിയിപ്പുണ്ടായിട്ടും അപകടസാധ്യതയുള്ള ഈ പ്രദേശത്ത് കുളിക്കുമ്പോള്‍ യാതൊരു വിധത്തിലുള്ള മുന്‍കരുതലുകളും ഇവര്‍ എടുത്തിരുന്നില്ല. ഇതില്‍ രണ്ട് പേരുടെ മൃതദേഹം ഉടന്‍ കണ്ടെത്തിയിരുന്നെങ്കിലും ബാക്കിയുള്ളവരുടെ മൃതദേഹം ഇന്നലെ രാവിലെയാണ് കണ്ടെത്തിയത്.
മഞ്ചേശ്വര്‍, നയപ്പള്ളി, കട്ടക്ക്, സ്റ്റേഷന്‍ ബസാര്‍, തങ്കപാണി തുടങ്ങിയ സ്ഥലങ്ങളിലും ഒരാള്‍ വീതം മുങ്ങിമരിച്ചു. കേന്ദ്രപാറ ജില്ലയില്‍ ആഘോഷത്തിനിടെ രണ്ട് പേര്‍ കൊല്ലപ്പെട്ടതായി പോലീസ് വ്യക്തമാക്കി. ഇന്ത്യയിലെ ഭൂരിപക്ഷം പ്രദേശങ്ങളിലും ഹോളി ബുധനാഴ്ചയായിരുന്നെങ്കിലും ഒഡീഷയില്‍ ഇത് ചൊവ്വാഴ്ചയായിരുന്നു.

Latest